ഹേമ കമ്മിറ്റി റിപ്പോർട്ട്; "പാർട്ടിയും സർക്കാരും പ്രതിരോധത്തിലാകില്ല" - കെ.എൻ. ബാലഗോപാൽ

പാർട്ടിയും സർക്കാരും സംയുക്തമായി വിശദമായി പരിശോധിച്ചതുകൊണ്ടാണ് ആ കാര്യങ്ങൾ പുറത്തുവന്നതെന്ന വാദമാണ് കെ.എൻ. ബാലഗോപാൽ ഉന്നയിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട്; "പാർട്ടിയും സർക്കാരും പ്രതിരോധത്തിലാകില്ല" - കെ.എൻ. ബാലഗോപാൽ
Published on



ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പാർട്ടിയും എൽഡിഎഫ് സർക്കാരും പ്രതിരോധത്തിലാകില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിയമപരമായി കാര്യങ്ങൾ നടക്കുന്നുണ്ടെന്നും പ്രതിപക്ഷം രാഷ്ട്രീയമായി പറയുന്ന ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും ബാലഗോപാൽ വ്യക്തമാക്കി. മുകേഷിനെ സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കണോ എന്നതിൽ ബന്ധപ്പെട്ടവർ മറുപടി പറയുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

പ്രതിപക്ഷത്തിൽ നിന്നുയരുന്ന വിമർശനങ്ങളെ തള്ളികൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. പാർട്ടിയും സർക്കാരും സംയുക്തമായി വിശദമായി പരിശോധിച്ചതു കൊണ്ടാണ് ആ കാര്യങ്ങൾ പുറത്തുവന്നതെന്ന വാദമാണ് ബാലഗോപാൽ ഉന്നയിച്ചത്. ഇക്കാര്യത്തിൽ നിന്നും ഒളിച്ചോടി പോകുന്ന സമീപനമായിരുന്നില്ല സർക്കാർ സ്വീകരിച്ചതെന്നും ബാലഗോപാൽ വ്യക്തമാക്കി.

വേട്ടക്കാരെ സംരക്ഷിക്കാനുള്ള നിരന്തര ശ്രമമാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നും നടക്കുന്നതെന്ന വിമർശനം കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയിരുന്നു. സജി ചെറിയാന്‍ ഗുരുതരമായ സത്യാപ്രതിജ്ഞാ ലംഘനം നടത്തിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അദ്ദേഹം മന്ത്രിസ്ഥാനം ഉടന്‍ രാജിവെക്കണം. ഇല്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണം. ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ടവര്‍ ഒരു സ്ഥാനത്തും ഇരിക്കാന്‍ യോഗ്യരല്ല. മുകേഷ് രാജിവെച്ച് ഒഴിയുമെന്ന് കരുതുന്നു. കുറ്റകൃത്യങ്ങളുടെ നീണ്ട പരമ്പര നടന്നുവെന്നത് ഉറപ്പാണ്. അന്വേഷണം നടത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക മാത്രമാണ് ഇനി മുന്നിലുള്ളത്. എന്നാല്‍, വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനുള്ള വിചിത്രവാദമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണ് തുടങ്ങിയ വാദങ്ങളും പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരുന്നു.

അതേസമയം മലയാള ചലച്ചിത്ര മേഖലയിലെ ലൈംഗിക ആരോപണ പരാതികളിൽ അന്വേഷണം നടത്തുന്ന ഉന്നതപൊലീസ് സംഘത്തിൻ്റെ ആദ്യ യോഗം ഇന്ന് ചേരും. മോശം അനുഭവം തുറന്നു പറഞ്ഞ നടിമാരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ആരോപണം ഉന്നയിച്ച എല്ലാവരെയും സമീപിക്കാനാണ് ഉന്നതപൊലീസ് സംഘത്തിൻ്റെ തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com