
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിലെ പുക പടർന്നതിൽ അടിയന്തര മെഡിക്കൽ യോഗം നടക്കും. രാവിലെ പത്ത് മണിയോടെയാകും യോഗം നടക്കുക. ആശുപത്രിയിൽ സാങ്കേതിക വിദഗ്ധരുടെ പരിശോധനയും രാവിലെ നടക്കും. മെഡിക്കൽ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ.
വിഭാഗത്തിൽ ഉണ്ടായിരുന്ന 14 ഓപ്പറേഷൻ യൂണിറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ പകരം സംവിധാനം ഉണ്ടാക്കി പ്രവർത്തനം ആരംഭിച്ചു. അപകടം ഉണ്ടായ ബ്ലോക്കിൽ ഉണ്ടായിരുന്ന രോഗികളെ പൂർണമായും വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെ ഉണ്ടായ അഞ്ച് പേരുടെയും മരണത്തിൽ അസ്വഭാവിക മരണത്തിന് ബന്ധുക്കൾ പരാതി നൽകി.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ഉയർന്നതിന് പിന്നാലെ രോഗികൾ മരിച്ചതിൽ ഔദ്യോഗിക വിശദീകരണവുമായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സജീത്ത് കുമാർ രംഗത്തെത്തി. പുക ഉയർന്നതിൻ്റെ ഭാഗമായി രോഗികൾ മരിച്ചിട്ടില്ലെന്നും, മെഡിക്കൽ കോളേജിൽ നാല് രോഗികൾ മരിച്ചുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മരിച്ച നാലു രോഗികളും നേരത്തെ ഗുരുതര അവസ്ഥയിൽ ആയിരുന്നു. അതിൽ രണ്ടുപേർ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതെന്നും പ്രിൻസിപ്പൽ അറിയിച്ചു. ഇവർ ക്യാൻസർ ബാധിതർ ആയിരുന്നുവെന്നും മറ്റൊരാൾ ലിവർ പേഷ്യൻ്റ് ആയിരുന്നുവെന്നും അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചു. അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കും. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കുമെന്നും മന്ത്രിയുടെ അറിയിപ്പിൽ പറയുന്നു.
അതേസമയം സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. ആശുപത്രിയുടെ നിർമാണത്തിലും മേൽനോട്ടത്തിലും പിഴവുകൾ ഉണ്ടെന്നും, ആശുപത്രി സൂപ്രണ്ടിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് കടുത്ത അലംഭാവമെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ ആരോപിച്ചു.
പുക ഉയർന്നതിന് പിന്നാലെ മൂന്ന് രോഗികൾ മരിച്ചെന്നായിരുന്നു ടി. സിദ്ദിഖ് എംഎൽഎയുടെ പ്രതികരണം. മരിച്ചവരുടെ എണ്ണം മൂന്നാണോ, നാലാണോ എന്ന് ബന്ധപ്പെട്ടവർ അറിയിക്കണമെന്നും എംഎൽഎ പറഞ്ഞു. മരിച്ചവരിൽ ഒരാൾ വയനാട് കോട്ടപ്പടി സ്വദേശി നസീറ (44) ആണെന്നും എംഎൽഎ പറഞ്ഞിരുന്നു. നസീറ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്നു. വെൻ്റിലേറ്ററിൽ നിന്നും മാറ്റുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത് എന്ന് ബന്ധുക്കൾ പറഞ്ഞു എന്നുമാണ് എംഎൽഎയുടെ പ്രതികരണം.
മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ നിന്നും പുക ഉയർന്നത്. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ഉയർന്നതിനെ തുടർന്ന് 35 രോഗികളെയാണ് മെഡിക്കൽ കോളേജിൽ നിന്നും ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതെന്നാണ് അധികൃതർ നൽകുന്ന വിവരം. വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻവടകര സ്വദേശി സുരേന്ദ്രൻ, കൊയിലാണ്ടി സ്വദേശി ഗംഗാധരൻ, പശ്ചിമ ബംഗാൾ സ്വദേശി ഗംഗ, വയനാട് സ്വദേശി നസീറ എന്നിവരാണ് മെഡിക്കൽ കോളേജിൽ മരിച്ചവർ.