കൊടകര കുഴൽപ്പണക്കേസ്: ബിജെപി മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് എംവി ഗോവിന്ദൻ

രാഷ്ട്രീയ ഉപകരണമായി ബിജെപി ഉപയോഗിക്കുന്ന സാധനം മാത്രമാണ് ഇഡിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു
കൊടകര കുഴൽപ്പണക്കേസ്: ബിജെപി മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് എംവി ഗോവിന്ദൻ
Published on

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി സതീശന്റെ വെളിപ്പെടുത്തലിൽ ശക്തമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഭവത്തിൽ അന്വേഷണം നടത്തേണ്ടത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ്. പക്ഷേ കേസിൽ അന്വേഷണം നടത്താതെ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ഇഡി. ആറു ചാക്കുകളിൽ ഇലക്ഷൻ സാമഗ്രികൾ എന്ന പേരിൽ പണം എത്തിച്ചു എന്നതാണ് വെളിപ്പെടുത്തൽ. പണം എത്തിച്ച ആളെ ജില്ലാ അധ്യക്ഷൻ സംസ്ഥാന അധ്യക്ഷനും പരിചയപ്പെടുത്തി. ഓഫീസ് അടക്കരുതെന്നും അവർക്ക് താമസസൗകര്യം ഒരുക്കണമെന്നതടക്കം പറഞ്ഞുവെന്നുമാണ് സതീശൻ പറയുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ബിജെപി ഓഫീസിലേക്ക് തന്നെ ചാക്കിൽ കെട്ടി കള്ളപ്പണം എത്തിച്ചു. അത് വിതരണം ചെയ്തത് മാത്രമാണ് കൊടകര സംഭവം. ഓരോ ഭാഗത്തേക്ക് എത്തിച്ച പണവും, ആ പണം ഉപയോഗിച്ച് നടത്തിയ പ്രവർത്തനങ്ങളും ബിജെപി അറിഞ്ഞു കൊണ്ടാണ്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പിന് നേരിടുക എന്നതാണ് നേതൃത്വം സ്വീകരിച്ചു കൊണ്ടിരിക്കുന്ന രീതി. ഇഡി അന്വേഷിക്കുന്നത് പ്രതിപക്ഷത്തിനെതിരായ ആരോപണങ്ങൾ മാത്രമാണ്. ബിജെപി എന്ത് കൊള്ള നടത്തിയാലും കുഴപ്പമില്ല എന്നതാണ് ഇഡി നിലപാട്. ബിജെപി എന്താഗ്രഹിക്കുന്നോ അതാണ് ഇഡി ചെയ്യുന്നത്. ആറു കോടി രൂപ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തി. അതിൻ്റെ ഒരു ശൃംഖല മാത്രമാണ് കൊടകര. ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല, ഇലക്ഷൻ പ്രവർത്തനത്തിൽ ആയിരുന്നു എന്നതാണ് ജില്ലാ അധ്യക്ഷന്റെ പ്രതികരണം. എന്നാൽ തെരഞ്ഞെടുപ്പിന് മുൻപാണ് പണം എത്തിയത്. ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പുകളിലും കള്ളപ്പണം ഉപയോഗിക്കുന്നുണ്ട്. രാഷ്ട്രീയ ഉപകരണമായി ബിജെപി ഉപയോഗിക്കുന്ന സാധനം മാത്രമാണ് ഇഡിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസില്‍ കഴിഞ്ഞ ദിവസമാണ് നിര്‍ണായക വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് കുഴല്‍പ്പണം എത്തിച്ചതെന്നാണ് ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തല്‍.

ചാക്കുകെട്ടിലാക്കിയാണ് തൃശൂര്‍ ജില്ലാ ഓഫീസിലേക്ക് പണം എത്തിച്ചത്. ധര്‍മ്മരാജന്‍ എന്നയാളാണ് ജില്ലാ ഓഫീസിലേക്ക് പണം കൊണ്ടുവന്നത്. ജില്ലാ ട്രഷറര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കുഴല്‍പ്പണം കൊണ്ടു വന്നവര്‍ക്ക് താൻ റൂം ബുക്ക് ചെയ്തത്. പണം എത്തിക്കുന്ന സമയത്ത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉണ്ടായിരുന്നുവെന്നും സതീശന്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞു.

ഇപ്പോള്‍ പാര്‍ട്ടി ഓഫീസിന്റെ ഉത്തരവാദിത്തമില്ല. പാര്‍ട്ടിയിലെ ആളുകളുമായി ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. ആരും വിളിക്കാറുമില്ല. പാര്‍ട്ടി ആവശ്യപ്പെട്ടതെല്ലാം താന്‍ ചെയ്തുകൊടുത്തു, ഇനി തന്നെ ആവശ്യമുണ്ടായിരിക്കില്ലെന്നും സതീശന്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com