പണം എത്തിക്കുന്ന സമയത്ത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉണ്ടായിരുന്നുവെന്നും സതീശന്‍
കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് കുഴല്‍പ്പണം എത്തിച്ചതെന്നാണ് ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി എന്‍. തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തല്‍.
ചാക്കുകെട്ടിലാക്കിയാണ് തൃശൂര്‍ ജില്ലാ ഓഫീസിലേക്ക് പണം എത്തിച്ചത്. ധര്‍മ്മരാജന്‍ എന്നയാളാണ് ജില്ലാ ഓഫീസിലേക്ക് പണം കൊണ്ടുവന്നത്. ജില്ലാ ട്രഷറര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കുഴല്‍പ്പണം കൊണ്ടുവന്നവര്‍ക്ക് താൻ റൂം ബുക്ക് ചെയ്തത്. പണം എത്തിക്കുന്ന സമയത്ത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉണ്ടായിരുന്നുവെന്നും സതീശന്‍ പറയുന്നു. കൂടുതല്‍ കാര്യങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞു.
ഇപ്പോള്‍ പാര്‍ട്ടി ഓഫീസിന്റെ ഉത്തരവാദിത്തമില്ല. പാര്‍ട്ടിയിലെ ആളുകളുമായി ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. ആരും വിളിക്കാറുമില്ല. പാര്‍ട്ടി ആവശ്യപ്പെട്ടതെല്ലാം താന്‍ ചെയ്തുകൊടുത്തു, ഇനി തന്നെ ആവശ്യമുണ്ടായിരിക്കില്ലെന്നും സതീശന്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ കൊടകര കുഴല്‍പ്പണക്കേസ് ഉയര്‍ന്നു വന്നത്. പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി പണമല്ലെന്നുമായിരുന്നു കെ.സുരേന്ദ്രനടക്കം വാദിച്ചിരുന്നത്.
2021 ഏപ്രില്‍ നാലിനാണ് തൃശൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ പണം കവര്‍ച്ച ചെയ്യപ്പെട്ടത്. കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര പൊലീസില്‍ പരാതി നല്‍കി. 25 ലക്ഷം രൂപയടക്കം കാര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. പൊലീസ് അന്വേഷണത്തില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നതായും ബിജെപിയുടെ പണമാണ് ഇതെന്നും കണ്ടെത്തി. പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
സംഭവത്തില്‍ 23 പേരെ അറസ്റ്റ് ചെയ്തു. കെ സുരേന്ദ്രന്‍ അടക്കം 19 പേര്‍ കേസില്‍ സാക്ഷികളാണ്. തെരഞ്ഞെടുപ്പിനായി കര്‍ണാടകയില്‍ നിന്ന് ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്തയ്ക്ക് നല്‍കാന്‍ എത്തിച്ച പണമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംഭവത്തില്‍ കേരള പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. അന്വേഷണം ഏറ്റെടുക്കണമെന്ന് കേരള പൊലീസ് ഇഡിയോട് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.
ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന
സതീശിന്റെ ആരോപണം പച്ചക്കള്ളമെന്ന പ്രതികരണവുമായി ബിജെപി ജില്ലാ നേതൃത്വവും രംഗത്തെത്തി. രണ്ട് വര്‍ഷം മുമ്പ് ബിജെപി ഓഫീസ് സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയ ആളാണ് ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പണം കിട്ടിയാല്‍ എന്തും പറയുന്നയാളാണ് സതീശന്‍. ആരോപണത്തിനു പിന്നില്‍ സിപിഎം നേതാക്കള്‍ നടത്തിയ ഗൂഢാലോചനയാണെന്നും കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം ജില്ലയില്‍ തന്നെ ഉണ്ടായിട്ടില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ പ്രതികരിച്ചു.
സാമ്പത്തിക ക്രമക്കേട് നടത്തിയതിനാണ് സതീശനെ പുറത്താക്കിയത്. ഇദ്ദേഹത്തിനെതിരെ ഔദ്യോഗികമായി നടപടി സ്വീകരിച്ചിട്ടില്ല. അങ്ങനെയൊരു രീതി പാര്‍ട്ടിക്കില്ലെന്നും അനീഷ് കുമാര്‍ പറഞ്ഞു.