
ആറു പേരുടെ സംഘമാണ് തന്നെ കൊണ്ടുപോയതെന്ന് കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷന്റെ പ്രതികരണം. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നാണ് അന്നൂസ് റോഷനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയത്.
തട്ടിക്കൊണ്ടു പോയ സംഘം തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് അന്നൂസ് മാധ്യമങ്ങളോട് പറഞ്ഞു. മൈസൂരുവില്‍ ഒരേ സ്ഥലത്താണ് താമസിപ്പിച്ചത്. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. കാറിലാണ് തന്നെ തിരിച്ചെത്തിച്ചത്. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. താന്‍ ഉറങ്ങിയതിനു ശേഷമാണ് ഇവര്‍ കാറില്‍ നിന്നും ഇറങ്ങിപ്പോയതെന്നും പൊലീസ് പിടികൂടിയ ടാക്‌സി ഡ്രൈവര്‍ക്ക് തട്ടിക്കൊണ്ടു പോകലില്‍ പങ്കില്ലെന്നും അന്നൂസ് റോഷന്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പറയരുതെന്ന് പൊലീസ് നിര്‍ദേശമുണ്ടെന്നും അന്നൂസ് മാധ്യമങ്ങളോട് പറഞ്ഞു.
കാറില്‍ ആയുധങ്ങളുമായെത്തിയ സംഘമാണ് അന്നൂസ് റോഷനെ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയതെന്നാണ് മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. അന്നൂസിന്റെ സഹോദരനുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
മുന്‍പും പണം ലഭിക്കാന്‍ ഉളളവര്‍ വീട്ടില്‍ എത്തി ഭീഷണി മുഴക്കിയിരുന്നുവെന്നാണ് മാതാവിന്റെ മൊഴി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കെയാണ് തട്ടിക്കൊണ്ട് പോകല്‍. വിദേശത്തായിരുന്ന അജ്മല്‍ നാട്ടില്‍ എത്തിയെന്ന് വിവരം ഉണ്ടെങ്കിലും ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും കുടുംബം പറഞ്ഞിരുന്നു.
പോലീസിന്റെ സാന്നിധ്യം അറിഞ്ഞതോടെ പ്രതികള്‍ ടാക്‌സിയില്‍ കയറ്റി കേരളത്തിലേക്ക് അയക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയില്ലെന്നും അന്നൂസ് റോഷന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസുമായി ബന്ധപ്പെട്ട് 3പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികള്‍ക്കായി പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാടകീയമായി അന്നൂസ് റോഷനെ കണ്ടെത്തുന്നത്.