കോട്ടയത്ത് അമ്മയും മക്കളും‍ ജീവനൊടുക്കിയ കേസ്: ഭർത്താവിൻ്റെയും ഭർതൃപിതാവിൻ്റെയും ജാമ്യാപേക്ഷ തള്ളി

കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. മുമ്പ് ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതിയും ജാമ്യം തള്ളിയിരുന്നു
കോട്ടയത്ത് അമ്മയും മക്കളും‍ ജീവനൊടുക്കിയ കേസ്: ഭർത്താവിൻ്റെയും ഭർതൃപിതാവിൻ്റെയും ജാമ്യാപേക്ഷ തള്ളി
Published on

കോട്ടയം അയർക്കുന്നത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മരിച്ച ജിസ്മോളുടെ ഭർത്താവ് ജിമ്മിയുടെയും ഭർതൃപിതാവ് ജോസഫിന്റെയും ജാമ്യാപേക്ഷ ആണ് തള്ളിയത്. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. മുമ്പ് ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതിയും ജാമ്യം തള്ളിയിരുന്നു.

ഏപ്രിൽ 15നാണ് പാലാ സ്വദേശിനി ജിസ്മോൾ തോമസ് (34), മക്കളായ നോഹ (5), നോറ (2) എന്നിവർ പുഴയിൽ ചാടി ജീവനൊടുക്കിയത്. പേരൂർ കണ്ണമ്പുരക്കടവിൽ ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെയാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ കരയ്ക്കെത്തിച്ചു. ഈ സമയത്ത് തന്നെയാണ് ആറുമാനൂർ ഭാഗത്ത് നിന്നും ജിസ്മോളെയും കണ്ടെത്തിയത്. അഭിഭാഷകയായ ജിസ്മോൾ ഹൈക്കോടതിയിലും പാലായിലും പ്രവർത്തിച്ച് വരുകയായിരുന്നു. നേരത്തെ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

നിറത്തിൻ്റെ പേരിലും സമ്പത്തിൻ്റെ പേരിലും ഭർതൃമാതാവ് മകളെ ഉപദ്രവിച്ചിരുന്നുവെന്ന് ജിസ്മോളുടെ കുടുംബം പൊലീസിൽ മൊഴി നൽകിയിരുന്നു. പലതവണ ജിസ്‌മോളെ ഭർതൃവീട്ടിൽ നിന്ന് കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ ജിസ്മോളെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഭർത്താവ് ജിമ്മി ഫോൺ വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നുണ്ടെന്നും കുടുംബം മൊഴി നൽകിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com