ജയിലര്‍ 2ന്റെ ചിത്രീകരണം നിലവില്‍ കോഴിക്കോട് പുരോഗമിക്കുകയാണ്
ജയിലര്‍ 2 സെറ്റിലെത്തി സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നേരിട്ട് കണ്ട് നടന്‍ കോട്ടയം നസീര്‍. കോട്ടയം നസീര്‍ തന്നെയാണ് സെറ്റില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. താന്‍ വരച്ച ചിത്രങ്ങളുടെ സമാഹാരമായ 'ആര്‍ട്ട് ഓഫ് മൈ ഹാര്‍ട്ട്' എന്ന പുസ്തകം രജനീകാന്തിന് നസീര്‍ കൈമാറി. എത്രയോ വേദികളില്‍ താന്‍ അനുകരിച്ച വ്യക്തിയെ നേരിട്ട് കണ്ടതിന്റെ സന്തോഷം അദ്ദേഹം സമൂഹമാധ്യമത്തില്‍ എഴുതിയ ഒരു കുറിപ്പിലൂടെ പങ്കുവെച്ചു.
"ഒരു കഥ സൊല്ലട്ടുമാ. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കറുകച്ചാലിലെ ഓല മേഞ്ഞ 'മോഡേണ്‍' സിനിമ ടാകീസില്‍ ചരല്‍ വിരിച്ച നിലത്തിരുന്ന് സ്‌ക്രീനില്‍ കണ്ട് ആരാധിച്ച മനുഷ്യന്‍. പിന്നീട് ചിത്രകാരനായി ജീവിച്ചനാളുകളില്‍. എത്രയോ ചുവരുകളില്‍ ഈ സ്‌റ്റൈല്‍ മന്നന്റെ എത്രയെത്ര സ്‌റ്റൈലന്‍ ചിത്രങ്ങള്‍ വരച്ചിട്ടു. പിന്നീട് മിമിക്രി എന്ന കലയില്‍ പയറ്റുന്ന കാലത്ത് എത്രയോ വേദികളില്‍ ആ സ്‌റ്റൈലുകള്‍ അനുകരിച്ചു. ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ വരച്ച ചിത്രങ്ങള്‍ അടങ്ങിയ 'ആര്‍ട്ട് ഓഫ് മൈ ഹാര്‍ട്ട്' എന്ന ബുക്ക് ജയിലര്‍ 2വിന്റെ സെറ്റില്‍ വച്ചു സമ്മാനിച്ചപ്പോള്‍ ഓരോ ചിത്രങ്ങളും ആസ്വദിച്ചു കാണുകയും, തോളില്‍ കയ്യിട്ട് ചേര്‍ത്ത് നിര്‍ത്തി ഫോട്ടോക്കു പോസ് ചെയ്തപ്പോള്‍ സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടിയില്ല.
മനസ്സില്‍ ഒരു പ്രാര്‍ത്ഥന മാത്രേ ഉണ്ടായിരുന്നുള്ളു. ഇവിടെ വരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി. അല്ലെങ്കിലും പടച്ചവന്റെ തിരക്കഥ അത് വല്ലാത്ത ഒരു തിരക്കഥയാ", എന്നാണ് കോട്ടയം നസീര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.
അതേസമയം ജയിലര്‍ 2ന്റെ ചിത്രീകരണം നിലവില്‍ കോഴിക്കോട് പുരോഗമിക്കുകയാണ്. ആറ് ദിവസമാണ് രജനീകാന്തിന് ഇവിടെ ഷൂട്ടിംഗ് ഉള്ളത്. ബിസി റോഡിലുള്ള സുദര്‍ശന്‍ ബംഗ്ലാവിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കേരളത്തിലെ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലൊക്കേഷനാണ് ഇത്. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം. ജനുവരി 14 നാണ് നിര്‍മാതാക്കള്‍ ജയിലര്‍ രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്മെന്റ് വീഡിയോ പുറത്തുവിട്ടത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റേയും സംഗീതം ഒരുക്കുന്നത്.