മകന്റെ മരണത്തില്‍ CBI അന്വേഷണത്തിനായി നിയമപോരാട്ടം; അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ദുരൂഹസാഹചര്യത്തില്‍ കൊല

ഗൗതമിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് വിജയകുമാറും മീരയും ക്രൂരമായി കൊല്ലപ്പെട്ടത്
മകന്റെ മരണത്തില്‍ CBI അന്വേഷണത്തിനായി നിയമപോരാട്ടം; അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ദുരൂഹസാഹചര്യത്തില്‍ കൊല
Published on

കോട്ടയം തിരുവാതുക്കലില്‍ കൊല്ലപ്പെട്ട വിജയകുമാറിന്റേയും മീരയുടേയും മകന്‍ ഗൗതം മരണപ്പെടുന്നത് 2017 ജൂണ്‍ 3 നാണ്. മകന്റേത് കൊലപാതകമാണെന്ന് ഇരുവരും വിശ്വസിച്ചപ്പോള്‍ ആത്മഹത്യയാണെന്നായിരുന്നു പൊലീസ് നിഗമനം.

എന്നാല്‍, ആരോപണത്തില്‍ ഉറച്ചു നിന്ന കുടുംബം സിബിഐ അന്വേഷണത്തിനായി നിയമപോരാട്ടം നടത്തി. ഒടുവില്‍ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഗൗതമിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് തിരുവാതുക്കലിലെ വീട്ടില്‍ വിജയകുമാറും മീരയും ക്രൂരമായി കൊല്ലപ്പെട്ടത്.

2017 ജൂണ്‍ മൂന്നിന് കോട്ടയം കര്‍ത്താസ് ആശുപത്രിക്കു സമീപം റെയില്‍വെ ട്രാക്കിലാണ് ഗൗതമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൗതമിന്റെ കഴുത്തില്‍ മുറിവുണ്ടായിരുന്നു. അല്‍പം മാറി പാര്‍ക്ക് ചെയ്തിരുന്ന കാറിലും രക്തക്കറ കണ്ടെത്തിയിരുന്നു. ഇതോടെയാണ്, കൊലപാതകമെന്ന സംശയം വിജയകുമാര്‍ ഉന്നയിച്ചത്. 2019 ല്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

അനുകൂല വിധി ഉണ്ടായതിനു പിന്നാലെ, കഴിഞ്ഞ മാര്‍ച്ചില്‍ സിബിഐ അന്വേഷണവും ആരംഭിച്ചു. സിബിഐ അന്വേഷണം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളിലാണ് വിജയകുമാറും മീരയും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.

രാവിലെ ജോലിക്കെത്തിയപ്പോള്‍ ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്നാണ് വീട്ടിലെ ജോലിക്കാരി പറയുന്നത്. തുടര്‍ന്ന് വാച്ച്മാനെ വിളിച്ചാണ് ഗേറ്റ് തുറന്നത്. അടുക്കള വാതില്‍ പൂട്ടിയിരിക്കുകയായിരുന്നു. മുന്‍വശത്തെ വാതിലിലൂടെ അകത്തു കടന്നപ്പോഴാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹങ്ങൾ വിവസ്ത്രമായ നിലയിലായിരുന്നു.

ഇപ്പോള്‍ കസ്റ്റഡിയിലുള്ള അസം സ്വദേശി ആറ് മാസത്തോളം വീട്ടില്‍ ജോലി ചെയ്തിരുന്നതായും ജോലിക്കാരി പറഞ്ഞു. ഭാര്യക്കൊപ്പം ഇയാള്‍ ഈ വീട്ടില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലായിരുന്നു ഇയാള്‍ക്ക് ജോലി. പതിനെട്ടു വര്‍ഷമായി താന്‍ ഇവിടെയാണ് ജോലി ചെയ്യുന്നതെന്നും ജോലിക്കാരി പറഞ്ഞു.

കോട്ടയത്തെ അറിയപ്പെടുന്ന വ്യവസായിയാണ് വിജയകുമാര്‍. ഇന്നു രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിജയകുമാറിനേയും ഭാര്യയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയില്‍ കോടാലിയും ചില ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണശ്രമത്തിനിടെയാണോ കൊലപാതകം നടന്നത് എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com