തലയിൽ കടിയേറ്റാൽ വ്യാപന സാധ്യത കൂടുതലാണ്, ചികിത്സാ വൈകിയിട്ടില്ല
പേവിഷബാധയേറ്റ മലപ്പുറത്തെ അഞ്ചര വയസുകാരി സിയ മരിച്ച സംഭവത്തിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ഡിഎംഇ ഇൻചാർജ് വിശ്വനാഥൻ. വൈറസ് വ്യാപനം വന്നാൽ വാക്സിൻ നൽകിയാലും രക്ഷപ്പെടുത്താൻ കഴിയില്ല. തലയിൽ കടിയേറ്റാൽ വ്യാപന സാധ്യത കൂടുതലാണ്. ചികിത്സാ വൈകിയിട്ടില്ല. ക്ലാസ് 3 മുറിവുകൾ തുന്നി കെട്ടാറില്ല. കുട്ടി മരിച്ചതിൽ മെഡിക്കൽ കോളേജിന് വീഴ്ച പറ്റിയിട്ടില്ലെന്നും ഡിഎംഇ ഇൻചാർജ് പറഞ്ഞു.
കുട്ടി മരിച്ചതിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഡിഎംഇ ഇൻചാർജിൻ്റെ പ്രതികരണം. നേരത്തെ ആശുപത്രിയിൽ എത്തിച്ചിട്ടും അരമണിക്കൂർ കഴിഞ്ഞാണ് ചികിത്സ നൽകിയത്. അത്രയും നേരം ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. എന്നാൽ ഇതിനുള്ള ഡോക്ടറില്ലെന്നാണ് പറഞ്ഞത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. അര മണിക്കൂർ കഴിഞ്ഞാണ് അവിടെനിന്നും ചികിത്സ നൽകിയതെന്നും സിയയുടെ പിതാവ് സൽമാൻ ഫാരിസ് ആരോപിച്ചിരുന്നു. മുറിവിൽ ഒന്നും ചെയ്യാതെ വീട്ടിലേക്ക് വിട്ടു. 48 മണിക്കൂറിന് ശേഷമേ അടുത്ത ചികിത്സ ഉള്ളൂ എന്ന് പറഞ്ഞു തിരിച്ചയച്ചുവെന്നും കുടുംബം ആരോപിച്ചിരുന്നു.
മാര്‍ച്ച് 29നാണ് പെരുവള്ളൂര്‍ കാക്കത്തടം സ്വദേശിനിയായ സിയയ്ക്ക് അടക്കം 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. കുട്ടിയുടെ തലയ്ക്കും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്. ഏപ്രിൽ 29നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കുട്ടി മരിച്ചത്.