ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത് അരമണിക്കൂർ കഴിഞ്ഞാണ്, അരമണിക്കൂർ നേരം ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി മലപ്പുറത്ത് പേവിഷബാധയേറ്റ് മരിച്ച അഞ്ചര വയസുകാരി സിയയുടെ കുടുംബം. ആശുപത്രിയിൽ എത്തിച്ചിട്ടും ചികിത്സ നൽകിയത് അരമണിക്കൂർ കഴിഞ്ഞാണ്, അരമണിക്കൂർ നേരം ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു.
ALSO READ: കൊല്ലത്ത് വാക്സിന്‍ എടുത്തിട്ടും ഏഴ് വയസുകാരിക്ക് പേ വിഷബാധ; കുട്ടിയുടെ നില ഗുരുതരം
ആദ്യം കൊണ്ടുപോയത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ്. ഇതിനുള്ള ഡോക്ടറില്ല എന്നാണ് പറഞ്ഞതെന്നും സിയയുടെ പിതാവ് സൽമാൻ ഫാരിസ് പ്രതികരിച്ചു. കടിയേറ്റ അര മണിക്കൂറിനകം ആശുപത്രിയിൽ എത്തിച്ചിരുന്നുവെന്നും താലൂക്ക് ആശുപത്രിയിൽ ഇതിന് ചികിത്സ ഇല്ലെന്നാണ് പറഞ്ഞതെന്നും സൽമാൻ ഫാരിസിൻ്റെ സഹോദരൻ മുജീബും പ്രതികരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി അര മണിക്കൂർ കഴിഞ്ഞാണ് ചികിത്സ നൽകിയത്. ആദ്യം കുട്ടിയെ മൈൻഡ് ചെയ്തില്ല. മുറിവിൽ ഒന്നും ചെയ്യാതെ വീട്ടിലേക്ക് വിട്ടു. പിന്നീട് 48 മണിക്കൂർ കഴിഞ്ഞു വരാനാണ് പറഞ്ഞത്. 48 മണിക്കൂർ കഴിഞ്ഞാണ് അടുത്ത ചികിത്സ ഉള്ളൂ എന്നാണ് പറഞ്ഞതെന്നും കുടുംബം പ്രതികരിച്ചു.
മാര്‍ച്ച് 29നാണ് പെരുവള്ളൂര്‍ കാക്കത്തടം സ്വദേശിനിയായ സിയയ്ക്ക് അടക്കം 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. വൈകീട്ട് നാല് മണിയോടെ കുട്ടി വീടിനടുത്തുള്ള കടയില്‍ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ തലയ്ക്കും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്. ഏപ്രിൽ 29നാണ് കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ALSO READ: പത്തനംതിട്ടയിലും വാക്സിനെടുത്ത ശേഷം പേ വിഷബാധ; പതിമൂന്നുകാരിയുടെ മരണം വിഷബാധയേറ്റ്
അതേസമയം, പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലുള്ള ഏഴ് വയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിനിക്ക് യഥാസമയം വാക്സിന്‍ എടുത്തിട്ടും പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. ഏകദേശം ഒരു മാസം മുൻപാണ് കുട്ടിയെ പട്ടി കടിച്ചത്. വലതു കൈമുട്ടിനാണ് കുട്ടിക്ക് കടിയേറ്റത്. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തു. അന്ന് തന്നെ ആന്‍റി റാബിസ് സിറവും നല്‍കിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. മെയ് ആറിന് ഒരു ഡോസ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഏപ്രിൽ 28ന് പനി ബാധിച്ചത് പരിശോധിച്ചപ്പോഴാണ് പേ വിഷബാധയെന്ന് മനസിലായത്.