
കെപിസിസി നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. വയനാട് പുനരധിവാസ ഫണ്ട് പിരിവും തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് കമ്മിറ്റി രൂപീകരണം ചർച്ചയാകും. മിഷൻ 2025ൻ്റെ ഭാഗമായ കോർ കമ്മിറ്റികളുടെ പ്രവർത്തനവും വിലയിരുത്തും. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകൾ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം അടുത്തമാസം പ്രഖ്യാപിച്ചേക്കുമെന്ന സൂചനയുള്ളതിനാൽ സ്ഥാനാർഥി ചർച്ച നടക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെയും ആലത്തൂരിലെയും യുഡിഎഫ് തോൽവി സംബന്ധിച്ച കെ.സി. ജോസഫ് സമിതിയുടെ റിപ്പോർട്ടും ചർച്ചയാകും. വി.ഡി. സതീശനെ ലക്ഷ്യമിച്ച് വാർത്ത ചോർത്തിയെന്ന പരാതിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അന്വേഷിച്ച റിപ്പോർട്ടും പരിഗണനക്കെത്തും. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഡിസിസി ഓഫീസിലാണ് യോഗം ചേരുക. എഐസിസി സെക്രട്ടറിമാർ, കെപിസിസി ഭാരവാഹികൾ ഡിസിസി പ്രസിഡൻ്റുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.