തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ KPCC നേതൃത്വത്തിന് വീഴ്ച; ജില്ലയിലെ സംഘടനാ സംവിധാനം സമ്പൂർണ പരാജയമെന്ന് അന്വേഷണ സമിതി റിപ്പോർട്ട്

ടി.എൻ. പ്രതാപൻ, ജോസ് വള്ളൂർ, എം.പി. വിൻസന്റ്, അനിൽ അക്കര എന്നിവർക്കെതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്.
തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ KPCC നേതൃത്വത്തിന് വീഴ്ച; ജില്ലയിലെ സംഘടനാ സംവിധാനം സമ്പൂർണ പരാജയമെന്ന് അന്വേഷണ സമിതി റിപ്പോർട്ട്
Published on

തൃശൂരിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കെപിസിസി നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ച സംഭവിച്ചെന്ന കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട് ന്യൂസ് മലയാളത്തിന്. ടി.എൻ. പ്രതാപൻ, ജോസ് വള്ളൂർ, എം.പി. വിൻസന്റ്, അനിൽ അക്കര എന്നിവർക്കെതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണക്കാരായ ഇവരെ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ മാറ്റി നിർത്തണമെന്നായിരുന്നു കമ്മീഷൻ നിർദേശം. കഴിഞ്ഞ ഓഗസ്റ്റിലാണ് റിപ്പോർട്ട് കെപിസിസിക്ക് കൈമാറിയത്. മുൻമന്ത്രി കെ.സി. ജോസഫ്, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ടി. സിദ്ധിഖ് എംഎൽഎ എന്നിവർ അടങ്ങുന്നതായിരുന്നു കമ്മീഷൻ

കരുവന്നൂർ ബാങ്ക് വിഷയത്തിലെ പാർട്ടി ഇടപെടൽ സുരേഷ് ഗോപിക്ക് അവസരം ഒരുക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്നിട്ടും വിഷയം പൊതു സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടും, ആദ്യ ഘട്ടത്തിൽ ഇടപെടുന്നതിന് സംഘടനാപരമായ വീഴ്ച സംഭവിച്ചു.
തെരഞ്ഞെടുപ്പിൽ ഒന്നര കൊല്ലം മുമ്പേ മത്സരത്തിന് ഇല്ലെന്ന സിറ്റിങ് എംപിയുടെ പ്രസ്താവന സുരേഷ് ഗോപിക്ക് ഗുണകരമായി. മുൻ എംപിയുടെ പ്രവർത്തനം മണലൂരിലും ഗുരുവായൂരിലും ഒതുങ്ങി. ടി.എൻ. പ്രതാപൻ, ജോസ് വള്ളൂർ, എം.പി. വിൻസന്റ്, അനിൽ അക്കര എന്നിവരുടെ ഭാ​ഗത്ത് നിന്ന് മനപൂർവമായ വാഴ്ചയുണ്ടായതായി തെളിവുകൾ ലഭിച്ചതായും അന്വേഷണ കമ്മീഷൻ പറയുന്നു.  ബിജെപി വോട്ടുകൾ അധികമായി ചേർത്തത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ഇത് കണ്ടെത്തി നീക്കം ചെയ്തില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ വിമർശനം. കൈപ്പമം​ഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി, ആലത്തൂർ, പൊന്നാനി, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളിലെ വോട്ടർമാരെ ഇത്തരത്തിൽ ബിജെപി അനധികൃതമായി വോട്ട് ചെയ്യിപ്പിച്ചുവെന്നും അത് തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു.



തൃശൂർ ജില്ലയിലെ സംഘടനാ സംവിധാനം സമ്പൂർണ്ണ പരാജയമാണെന്നാണ് അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തല്‍. 2010 ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേടിയ ആധികാരികമായ വിജയത്തിന് ശേഷം തൊട്ടടുത്ത വർഷം സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നപ്പോഴും തൃശൂരിൽ പാർട്ടി അപ്രതീക്ഷിത പരാജയത്തിലേക്ക് വഴുതി. കേവലം രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ സംസ്ഥാന ഭരണം മുന്നോട്ട് കൊണ്ടുപോകേണ്ട അവസ്ഥ സൃഷ്ടിച്ചതിൽ തൃശൂരിലെ പാർട്ടിയിലെ പ്രശ്നങ്ങൾ നിർണായകമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ ജില്ലാ നേതൃത്വത്തിന് പകരം കെപിസിസി ചുമതല ഏറ്റെടുക്കണമെന്നായിരുന്നു അന്വേഷണ കമ്മീഷന്റെ നിർദേശം. എന്നാല്‍ ഈ നിർദേശം പാലിക്കപ്പെട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com