
നിയുക്ത കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് തൃശൂരിലെ കരുണാകരൻ സ്മൃതിമണ്ഡപം സന്ദർശിച്ചു. വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവർക്കൊപ്പമാണ് എത്തിയത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലയിലെ പ്രധാന നേതാക്കളും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
നാളെയാണ് കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേല്‍ക്കുന്നത്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ രാവിലെ 9.30ന് കെ. സുധാകരൻ ചുമതല കൈമാറും.
കഴിഞ്ഞ ദിവസമാണ് സണ്ണി ജോസഫ് എംഎൽഎ കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിയത്. കെ. സുധാകരന്റെ നിലപാടും ക്രൈസ്തവ സഭാ പിന്തുണയുമാണ് എഐസിസിയുടെ തീരുമാനത്തിൽ നിർണായകമായത്. യുഡിഎഫ് കണ്‍വീനറായി എം.എം. ഹസന് പകരം അടൂര്‍ പ്രകാശിനെയും നിയമിച്ചു. അടിമുടി മാറ്റവുമായാണ് പുതിയ കെപിസിസി നേതൃത്വത്തെ എഐസിസി നിയമിച്ചിരിക്കുന്നത്. ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരാണ് പുതിയ വർക്കിങ് പ്രസിഡന്റുമാർ. അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയുന്ന കോൺഗ്രസ് വര്‍ക്കിങ് കമ്മിറ്റി സ്ഥിരം ക്ഷണിതാവായി കെ. സുധാകരനെയും നിയമിച്ചു.