ഷെൽ പതിച്ച് കോളേജിന്റെ മുന്നിൽ കാർ തകർന്നതും ആകാശത്ത് ഡ്രോണുകൾ പറന്നുവരുന്നതുമെല്ലാം നേരിട്ട് കണ്ടതോടെ ഭയം ഇരട്ടിയായെന്ന് വിദ്യാർഥികൾ പറയുന്നു
ആകാശത്ത് മിന്നിപ്പായുന്ന തീഗോളങ്ങൾ, ഇടയ്ക്കിടെ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ. ഒട്ടും പരിചയമില്ലാത്ത അന്തരീരക്ഷത്തിന്റെ ഭീതിയിൽ നിന്ന് സ്വന്തം വീട്ടിൽ തിരിച്ചെത്തിയ ആശ്വാസമാണ് കണ്ണൂർ കൂത്തുപറമ്പ് കുനിയിൽ പാലത്തെ എൻ.പി ശ്രീരൂപിനും സൗത്ത് നരവൂരിലെ ഋതു വർണ്ണ എൻ.പിക്കും. പഞ്ചാബിലെ ജലന്ധറിലെ ലൗലി പ്രഫഷണൽ യൂണിവേഴ്സിറ്റി വിദ്യാർഥികളാണ് രണ്ട് പേരും.
അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാറിയാണ് കോളേജ്. ഡ്രോൺ അക്രമവും ഷെൽ ആക്രമവും തുടർന്നത്തോടെയാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. ഷെൽ പതിച്ച് കോളേജിന്റെ മുന്നിൽ കാർ തകർന്നതും ആകാശത്ത് ഡ്രോണുകൾ പറന്നുവരുന്നതുമെല്ലാം നേരിട്ട് കണ്ടതോടെ ഭയം ഇരട്ടിയായെന്ന് വിദ്യാർഥികൾ പറയുന്നു. കോളേജ് ഹോസ്റ്റലിന് മുകളിലൂടെ തീഗോളങ്ങൾ പോകുന്നത് കണ്ടിരുന്നെന്നും വലിയ ആശങ്കയാണ് ഇതേത്തുടർന്ന് ഉണ്ടായിരുന്നതെന്നും വിദ്യാർഥികൾ പറയുന്നു.
ALSO READ: വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ; അതിർത്തിയിൽ വ്യാപകമായ ഡ്രോൺ ആക്രമണം, തിരിച്ചടിച്ച് ഇന്ത്യ
കോളേജിൽ പരീക്ഷകൾ നടക്കുന്ന സമയമാണിപ്പോൾ. പരീക്ഷകൾ എഴുതാതെ നാട്ടിലേക്ക് വരേണ്ടി വന്നതും ഡൽഹിയിലും മറ്റുമായി ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന സഹപാഠികളും ഇപ്പോഴും ഇവരുടെ ആശങ്കയാണ്. വെള്ളിയാഴ്ച രാവിലെ ട്രെയിൻ മാർഗം ഡൽഹിയിലെത്തിയെങ്കിലും നാട്ടിലേക്ക് ട്രെയിൻ ടിക്കറ്റ് ലഭിച്ചിരുന്നില്ല. പിന്നീട് വിമാനമാർഗമാണ് ഇരുവരും കണ്ണൂരിലെത്തിയത്.