ഗുണ്ടാ നേതാവിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് കെഎസ്‌യു ജില്ലാ പ്രസിഡൻ്റ്; ഗോകുൽ ഗുരുവായൂർ പങ്കുവെച്ചത് മരട് അനീഷിനൊപ്പമുള്ള ചിത്രം
ഗുണ്ടാ നേതാവിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ. ഗുണ്ടാ നേതാവ് മരട് അനീഷിനൊപ്പം നിൽക്കുന്ന ചിത്രമാണ് ഗോകുൽ ഗുരുവായൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മാളയിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീ സോൺ കലോത്സവത്തിൽ എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച കേസിൽ റിമാൻഡിലായിരുന്നു ഗോകുൽ.
ഡീ സോണുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായി പുറത്തിറങ്ങി ദിവസങ്ങൾക്കപ്പുറമാണ് മരട് അനീഷിനൊപ്പമുള്ള ഒപ്പമുള്ള ചിത്രം ഗോകുൽ പങ്കുവെച്ചത്. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചതിന് പിന്നാലെ കേസിലെ ഒന്നാം പ്രതിയായ ഗോകുലിനെ കേരള വർമ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കേരള വർമ കോളേജിലെ ബിഎ സംസ്കൃതം ഒന്നാം വർഷ വിദ്യാർഥിയാണ് ഗോകുൽ.
മാള ഹോളി ഗ്രേസ് കോളേജില്‍ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ മത്സരഫലം ചോദ്യം ചെയ്താണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റിരുന്നു. കലോത്സവത്തിലെ സ്കിറ്റ് മത്സരത്തിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസ് ലാത്തി വീശിയതോടെയാണ് സംഘർഷം അയഞ്ഞത്. ഗോകുൽ ഗുരുവായൂരിന്റേയും കെഎസ്‌യു സംസ്ഥാന നേതാക്കളുടേയും നേതൃത്വത്തിലാണ് മാരകായുധങ്ങളുമായി വിദ്യാർഥികളെ ആക്രമിച്ചത്. പെൺകുട്ടികൾക്കുൾപ്പെടെ മർദനമേറ്റിരുന്നു.