പറയാൻ ഉള്ളതെല്ലാം നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞതായും എംഎൽഎ വ്യക്തമാക്കി
കെ.യു. ജനീഷ് കുമാർ
പാടം ഫോറസ്റ്റ് സ്റ്റേഷനിലെ രോഷപ്രകടനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാർ. തന്റെ ഉയർന്ന ശബ്ദമാണ് മാധ്യമങ്ങളുടെ പ്രമേയം എന്ന് അറിയാമെന്നും അനീതിക്കെതിരെ ശബ്ദം ഉയർന്നു തന്നെയിരിക്കുമെന്നുമായിരുന്നു ജനീഷ് കുമാറിന്റെ പ്രതികരണം. കേസ് നിയമപരമായി നേരിടും. പറയാൻ ഉള്ളതെല്ലാം നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞതായും എംഎൽഎ വ്യക്തമാക്കി.
പാടത്തെ ഫോറസ്റ്റ് ഓഫീസിൽ നടന്ന സംഭവങ്ങളെക്കുറിച്ച് മെയ് 14ന് ജനീഷ് കുമാർ എംഎൽഎ ഫേസ്ബുക്ക് വഴി വിശദമായ വിശദീകരണം നൽകിയിരുന്നു. 'തലപോയാലും ജനങ്ങള്‍ക്കൊപ്പം' എന്നായിരുന്നു എംഎൽഎയുടെ നിലപാട്. "നിരന്തരം വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമത്തിനെതിരെ ജനങ്ങള്‍ ഒരു പ്രതിഷേധയോഗം നടത്തുകയുണ്ടായി. അതില്‍ പങ്കെടുക്കാനാണ് ആ ദിവസം അവിടെ എത്തുന്നത്. അപ്പോഴാണ് ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ ഗര്‍ഭിണിയായ ഭാര്യ വിളിച്ച്, കഴിഞ്ഞ ദിവസം കാട്ടാന ഷോക്കേറ്റ് മരിച്ച കേസില്‍ അവരുടെ ഭര്‍ത്താവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത വിവരം പറയുന്നത്. അപ്പോള്‍ത്തന്നെ, ഉയര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. പ്രദേശവാസികൾ പറയുന്നത് പ്രകാരം, കാട്ടാന ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് 'ഇന്നലെ മാത്രം 11 പേരെ' ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രദേശത്തുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാട്ടാനയുടെ മരണത്തിന്റെ മറവില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സമീപ ദിവസങ്ങളിൽ ചില ഉദ്യോഗസ്ഥർ ശ്രമിച്ചത് എന്നാണ് ഇതിലൂടെ മനസിലാക്കുന്നത്," ജനീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരെ കൂട്ടി പാടം ഫോറസ്റ്റ് ഓഫീസില്‍ എത്തിയപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അന്യായമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന് മനസിലായതെന്നും ജനീഷ് കുമാർ ഈ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. എന്നാൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നായിരുന്നു സംഭവം വിവാദമായതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ച നിലപാട്. എന്നാൽ, സ്റ്റേഷനുള്ളിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈ വാദം പൊളിഞ്ഞു. "11 പേരെ നിയമം പാലിക്കാതെ ഗുണ്ടകളെ പോലെ കസ്റ്റഡിയിലെടുത്തു കൊണ്ടുവന്നു," എന്ന് ദൃശ്യത്തില്‍ ജനീഷ് കുമാർ എംഎല്‍എ പറയുന്നത് കാണാം. 11 പേരെയല്ല ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ഇതിന് റേഞ്ച് ഓഫീസർ നല്‍കുന്ന മറുപടി.
ഇതിനിടെ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന വനം വകുപ്പ് ജീവനക്കാരുടെ പരാതിയെത്തുടർന്ന് ജനീഷ് കുമാർ എംഎൽഎയ്‌ക്കെതിരെ കേസെടുത്തിരുന്നു. പത്തനംതിട്ട കോന്നി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പരാതിയിലായിരുന്നു നടപടി. റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥരാണ് കൂടൽ പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്. പിന്നാലെ, എംഎൽഎക്ക് വീഴ്ച പറ്റിയെന്ന കണ്ടെത്തലുമായി ദക്ഷിണ മേഖല സിസിഎഫിൻ്റെ റിപ്പോർട്ടും പുറത്തുവന്നു. എംഎൽഎയുടെ ഇടപെടൽ മൂലം കേസ് അന്വേഷണം തടസപ്പെട്ടു എന്നും വനം വകുപ്പുദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തല്‍. എന്നാൽ, ജനീഷ് കുമാറിനെതിരായ നിയമ നടപടിക്ക് വനംവകുപ്പ് മുൻകൈ എടുക്കുന്നില്ലല്ലോ എന്ന വനം മന്ത്രി എ.കെ. ശശീന്ദ്രൻ്റെ പ്രസ്താവനയോട് പരാതിയിൽ നിന്ന് വനം വകുപ്പ് പിന്നോട്ട് നീങ്ങുന്നതായാണ് സൂചന.