വൈറൽ പോസ്റ്റിന് പിന്നാലെ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി തേജ് പ്രതാപ് യാദവ് അവകാശപ്പെട്ടു
ആർജെഡി നേതാവ് ലാലു യാദവ് തൻ്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി. തേജ് പ്രതാപ് യാദവ് തൻ്റെ ഫേസ്ബുക്ക് പേജിൽ പെൺസുഹൃത്തിൻ്റെ ഫോട്ടോ പങ്കുവച്ചതിനെത്തുടർന്നാണ് തേജ് പ്രതാപിനെ പുറത്താക്കിയതെന്നാണ് ലഭ്യമാകുന്ന വിവരം. ഫോട്ടോ നിലവിൽ ഡിലീറ്റ് ചെയ്തിട്ടുണ്ട്. "വ്യക്തിപരമായ ജീവിതത്തിൽ ധാർമിക മൂല്യങ്ങളെ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള നമ്മുടെ കൂട്ടായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നു", എന്ന് ആർജെഡി മേധാവി ലാലു പ്രസാദ് യാദവ് എക്‌സിൽ കുറിച്ചു.
"മൂത്ത മകൻ്റെ പ്രവർത്തനങ്ങളും പെരുമാറ്റവും സമുദായത്തിനും കുടുംബ മൂല്യങ്ങൾക്കും എതിരാണ്. അതിനാൽ, മേൽപ്പറഞ്ഞ സാഹചര്യങ്ങൾ കാരണം, ഞാൻ അവനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കുന്നു. ഇനി മുതൽ, പാർട്ടിയിലും കുടുംബത്തിലും അദ്ദേഹത്തിന് ഒരു തരത്തിലുള്ള പങ്കും ഉണ്ടായിരിക്കില്ല. പാർട്ടിയിൽ നിന്ന് 6 വർഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നതെന്നും" ലാലു യാദവ് വ്യക്തമാക്കി.
ALSO READ: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; സാമ്പത്തിക ശക്തിയില്‍ ജപ്പാനെ മറികടന്ന് ഇന്ത്യ
അനുഷ്ക യാദവ് എന്ന സ്ത്രീയുമായി ദീർഘകാല ബന്ധത്തിലാണെന്ന് അവകാശപ്പെടുന്ന വൈറൽ പോസ്റ്റിന് പിന്നാലെ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മുൻ ബീഹാർ മന്ത്രി തേജ് പ്രതാപ് യാദവ് അവകാശപ്പെട്ടു. 12 വർഷമായി പ്രണയത്തിലാണെന്ന അടിക്കുറിപ്പോടെ തേജ് പ്രതാപ് യാദവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനുപിന്നാലെ നിരവധി പേരാണ് പ്രതികരിച്ചത്. എന്നാൽ എൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും ഫോട്ടോകൾ എഡിറ്റ് ചെയ്ത് ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുന്നുവെന്നും തേജ് പ്രതാപ് യാദവ് അവകാശപ്പെട്ടു.