ബംഗാൾ സ്വദേശി മുംതാജ് (18) ആണ് മരിച്ചത്
കാസർഗോഡ് മട്ടലായിയിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ബംഗാൾ സ്വദേശി മുംതാജ് (18) ആണ് മരിച്ചത്. സംഭവത്തിൽ നിർമാണതൊഴിലാളികളായ മൂന്ന് പേർക്ക് പരിക്കേറ്റു. ഹനുമാരമ്പലം ഭാഗത്ത് ദേശീയപാത നിർമാണ പ്രവർത്തനത്തിനിടെയാണ് മണ്ണിടിഞ്ഞത്.
ഇന്ന് രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. ദേശീയപാത നിർമാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ കുന്ന് ഇടിയുകയായിരുന്നു. മൂന്ന് പേരെ ഉടൻ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി പുറത്തെടുത്തെങ്കിലും, മുംതാജിനെ കണ്ടെത്താനായില്ല. പിന്നാലെ അഗ്നിരക്ഷാ സേനയെത്തി, അരമണിക്കൂറോളം തെരച്ചിൽ നടത്തിയ ശേഷമാണ് ഇയാളെ പുറത്തെടുക്കാനായത്. ഉടൻ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദേശീയപാതയിലേക്കുള്ള മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് നേരത്തെ തന്നെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ചെറുവത്തൂർ, തൃക്കരിപ്പൂർ മേഖലകളിൽ മണ്ണ് നീക്കം ചെയ്യുന്നത് ശാസ്ത്രീയമല്ലെന്നായിരുന്നു ഉയർന്ന വിമർശനം. ഷിരൂർ ദുരന്തം കാസർഗോഡ് ജില്ലയിലും ആവർത്തിച്ചേക്കുമെന്ന ആശങ്കയായിരുന്നു നാട്ടുകാർ ഉയർത്തിയത്. ഇത് ശരിവെക്കുന്ന രീതിയിലാണ് ഇന്നുണ്ടായ മണ്ണിടിച്ചിൽ.