നഗരസഭയിൽ വരുമാനമായി ലഭിച്ച 7.50 കോടി രൂപ അക്കൗണ്ടിലേക്ക് എത്തിയില്ല എന്നാണ് ഓഡിറ്റ് കണ്ടെത്തൽ
എറണാകുളം തൃക്കാക്കര നഗരസഭയിൽ കോടികളുടെ ക്രമക്കേട്. നഗരസഭയിൽ വരുമാനമായി ലഭിച്ച 7.5 കോടി രൂപ മുക്കിയെന്ന് ഞെട്ടിക്കുന്ന ഓഡിറ്റ് റിപ്പോർട്ട്. നഗരസഭയിൽ വരുമാനമായി ലഭിച്ച 7.50 കോടി രൂപ അക്കൗണ്ടിലേക്ക് എത്തിയില്ല എന്നാണ് കണ്ടെത്തൽ. ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
2021 മുതൽ 361 ചെക്കുകളിൽ നിന്നായി ലഭിച്ച പണമാണ് അക്കൗണ്ടിൽ എത്താതിരുന്നത്. 2023-24ൽ 137 ചെക്കുകളിലെ പണവും അക്കൗണ്ടിൽ എത്തിയില്ല. പണം എങ്ങനെ ചെലവഴിച്ചു എന്നതിൽ വ്യക്തതയില്ല. ഉദ്യോഗസ്ഥർ വിശദീകരണം നൽകിയില്ല എന്നും ഓഡിറ്റ് വകുപ്പ് വ്യക്തമാക്കി.
2023ലെ ഓണാഘോഷ പരിപാടികളിൽ ക്രമക്കേട് നടന്നതായും കണ്ടെത്തി. പണം കൈപ്പറ്റിയതിന് വെള്ളക്കടലാസിൽ ഒരേ ഒപ്പിട്ട് വൗച്ചർ തയ്യാറാക്കി. പണം ആര് കൈപ്പറ്റി എന്നതിന് രേഖകൾ ഇല്ല എന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 10000 രൂപയ്ക്ക് മുകളിൽ പണം അക്കൗണ്ടിലൂടെ നൽകണമെന്ന് ചട്ടം ലംഘിച്ചു എന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.