ഉരുൾപൊട്ടൽ ഭീഷണിയായി കൂറ്റൻ പാറക്കൂട്ടങ്ങൾ; ഭീതിയുടെ നടുവിൽ വിലങ്ങാട്

ദുരന്തബാധിതരിൽ ചിലർ വാടക വീടുകളിലാണ് ഇപ്പോൾ താമസിക്കുന്നത്. മറ്റുചിലർ അപകട ഭീഷണി ഉണ്ടെങ്കിലും മറ്റ് മാർഗങ്ങൾ ഇല്ലാതെ അതേ വീടുകളിൽ തന്നെ കഴിയുന്നു.
ഉരുൾപൊട്ടൽ ഭീഷണിയായി കൂറ്റൻ പാറക്കൂട്ടങ്ങൾ; ഭീതിയുടെ നടുവിൽ വിലങ്ങാട്
Published on

2024 ജൂലൈ മാസത്തിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഭീതി ഇനിയും മാറാത്തവരാണ് കോഴിക്കോട് ജില്ലയിലെ വിലങ്ങാടുകാർ.ഉരുൾപൊട്ടൽ പ്രഭവ കേന്ദ്രത്തിൽ അപകടകരമായി തുടരുന്ന കൂറ്റൻ പാറക്കൂട്ടങ്ങളാണ് വീണ്ടും ഭീതി സൃഷ്ടിക്കുന്നത്. 9 തവണ ഉരുൾപ്പൊട്ടിയ വിലങ്ങാട് പുനരധിവാസവുമായി ബന്ധപ്പെട്ട് NIT വിദഗ്ധ സംഘത്തിന്റെ പഠന റിപ്പോർട്ട്‌ പുറത്തു വിടാത്തതും ആശങ്ക വർധിപ്പിക്കുകയാണ്.

മഴക്കാലമാകുമ്പോൾ നെഞ്ചിനുള്ളിൽ തീയാണെന്ന് നാട്ടുകാർ.ഒരാളുടെ മാത്രം ആശങ്കയല്ല. അടുത്ത മഴക്കാലം എങ്ങനെ തള്ളിനീക്കും എന്ന് ഓരോ വിലങ്ങാടുകാരും ചോദിക്കുന്നു.  2024 ജൂലൈ 29ന് അർധരാത്രിയിൽ വയനാട് ചൂരൽമലയിലേതിന് സമാനമായി കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടി. നിരവധി വീടുകളും റോഡുകളും പാലങ്ങളുമാണ് ഉരുൾ എടുത്തത്. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ റിട്ട അധ്യാപകൻ മാത്യുവിന്റെ ജീവനും അന്ന് നഷ്ടമായി.കഴിഞ്ഞവർഷം മാത്രം വിലങ്ങാട് മേഖലയിൽ 9 തവണയാണ് ഉരുൾപൊട്ടിയത്. അപകടം നടന്ന് 9 മാസങ്ങൾക്ക് ഇപ്പുറവും വിലങ്ങാട്ടെ ജനതക്ക് ഉരുൾ പൊട്ടൽ ഭീതി ഒഴിയുന്നില്ല.

ഉരുൾപൊട്ടൽ ബാക്കിയാക്കിയ കൂറ്റൻ പാറകളാണ് ഇന്ന് വിലങ്ങാടിന് ഭീഷണി. പല സ്ഥലങ്ങളിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്, അടിയുറപ്പില്ലാത്ത കൂറ്റൻ പാറകളിലും വിള്ളലുകൾ സംഭവിച്ചിരിക്കുന്നു. ചെറിയ മഴപെയ്താൽ പോലും ഉറവകൾ ഉണ്ടായി മണ്ണൊലിപ്പ് ആരംഭിക്കും. മഴ പെയ്താൽ സമാധാനത്തോടെ ഉറങ്ങാൻ പോലും പറ്റില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

ദുരന്തബാധിതരിൽ ചിലർ വാടക വീടുകളിലാണ് ഇപ്പോൾ താമസിക്കുന്നത്. മറ്റുചിലർ അപകട ഭീഷണി ഉണ്ടെങ്കിലും മറ്റ് മാർഗങ്ങൾ ഇല്ലാതെ അതേ വീടുകളിൽ തന്നെ കഴിയുന്നു. മേഖലയിൽ ശാസ്ത്രീയ പഠനം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ റവന്യൂ വകുപ്പ് നാല് സംഘങ്ങളെ നിയോഗിച്ചിരുന്നു. പരിശോധനയിൽ 487 കെട്ടിടങ്ങളിൽ 18 എണ്ണം പൂർണമായും തകർന്നവയാണെന്നും 26 വീടുകൾ വാസയോഗ്യമല്ലാത്തതെന്നും 367 വീടുകളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കണം എന്നുമാണ് സംഘം, കളക്ടർക്ക് നൽകിയ ആദ്യ റിപ്പോർട്ട്. എന്നാൽ റിപ്പോർട്ടിൻ്റെ പൂർണ്ണ ഭാഗം ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചിട്ടും പുറത്തുവിടാത്ത് ആശങ്ക ജനിപ്പിക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

ദുരന്ത മേഖല സന്ദർശിക്കാൻ മന്ത്രിമാർ ഉൾപ്പെടെ നിരവധി രാഷ്ട്രീയ പ്രതിനിധികൾ എത്തിയത് പ്രതീക്ഷ നൽകിയിരുന്നുവെങ്കിലും, 9 മാസങ്ങൾ പിന്നീടുമ്പോഴും സർക്കാരിന്റെ സാമ്പത്തിക സഹായമോ, പുനഃരധിവാസമോ വിലങ്ങാടേക്ക് എത്തിയിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com