കുഞ്ഞാലി മുതല്‍ അന്‍വർ വരെ; നിലമ്പൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം

1969ൽ കെ. കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ്
കുഞ്ഞാലി മുതല്‍ അന്‍വർ വരെ; നിലമ്പൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം
Published on

മണ്ഡലം രൂപീകൃതമായ ശേഷം നടക്കുന്ന മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പിനാണ് നിലമ്പൂർ സാക്ഷ്യം വഹിക്കുന്നത്. 29 വർഷത്തിനു ശേഷം എൽഡിഎഫിന് മണ്ഡലം തിരിച്ചുപിടിച്ചു നൽകിയ പി.വി. അൻവർ കളം മാറി രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. സിപിഐഎം എംഎൽഎയായിരുന്ന കെ. കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ട ശേഷം ഉപതെരഞ്ഞെടുപ്പ് നടന്നതും ആര്യാടൻ മുഹമ്മദും ടി.കെ. ഹംസയും ഉൾപ്പെടെയുള്ള നേതാക്കൾ വ്യത്യസ്ത മുന്നണി സംവിധാനത്തിൽ മാറ്റുരച്ച ചരിത്രവുമെല്ലാം നിലമ്പൂരിന് മാത്രം സ്വന്തം.


സിറ്റിങ് എംഎൽഎ വെടിയേറ്റു മരിച്ച അപൂർവ ചരിത്രമുള്ള നിയമസഭ മണ്ഡലമാണ് നിലമ്പൂർ. 1969ൽ കെ. കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ്. മലപ്പുറം ജില്ല നിലവിൽ വരുന്നതിനു മുൻപേയുള്ള മണ്ഡലമാണ് നിലമ്പൂർ. 1965ൽ മഞ്ചേരി മണ്ഡലം വിഭജിച്ചാണ് നിലമ്പൂർ മണ്ഡലം രൂപീകരിച്ചത്. സിപിഐഎമ്മിലെ കെ. കുഞ്ഞാലിയായിരുന്നു ആദ്യ എംഎൽഎ 1967ലും കുഞ്ഞാലി വിജയം ആവർത്തിച്ചു. രണ്ടുതവണയും തോൽപ്പിച്ചത് ആര്യാടൻ മുഹമ്മദിനെ. കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് 1970ൽ ആണ് ആദ്യ ഉപതെരഞ്ഞെടുപ്പു നടന്നത്. കോൺഗ്രസിൻ്റെ എം.പി. ഗംഗാധരൻ സിപിഐഎമ്മിൻ്റെ വി.പി. അബൂബക്കറിനെ അട്ടിമറിച്ച് മണ്ഡലത്തിലെ കോൺഗ്രസിൻ്റെ കന്നിവിജയം സ്വന്തമാക്കി.



1977ൽ ആണ് ആര്യാടൻ ആദ്യമായി നിലമ്പൂരിൽ നിന്ന് നിയമസഭയിലെത്തിയത്. 1980ൽ ആയിരുന്നു രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെട്ട് പത്ത് ദിവസത്തിനകം സി. ഹരിദാസ് ആര്യാടൻ മുഹമ്മദിനു വേണ്ടി എംഎൽഎ സ്ഥാനം രാജിവെച്ചു. കോൺഗ്രസ് (യു) നേതാവായിരുന്ന സി. ഹരിദാസ് തോൽപിച്ചത് കോൺഗ്രസ് (ഐ) നേതാവായിരുന്ന ഇന്നത്തെ സിപിഐഎം നേതാവ് ടി.കെ. ഹംസയെയാണ്. 1980ലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ഭാഗമായ കോൺഗ്രസ് (യു) ടിക്കറ്റിലാണ് ആര്യാടൻ മുഹമ്മദ് കോൺഗ്രസ് (ഐ)യിലെ എം.ആർ. ചന്ദ്രനെ തോൽപ്പിച്ചത്.

1982ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലമാകുമ്പോഴേക്കും രാഷ്ട്രീയരംഗം കീഴ്മേൽ മറിഞ്ഞ് ടി.കെ. ഹംസ ഇടതു സ്വതന്ത്രനായും ആര്യാടൻ മുഹമ്മദ് കോൺഗ്രസ് സ്ഥാനാർഥിയായും പോരാട്ടത്തിനിറങ്ങി. കടുത്ത പോരാട്ടത്തിൽ ടി.കെ. ഹംസ ആര്യാടനെ തോൽപ്പിച്ച് അട്ടിമറി വിജയം നേടി നിയമസഭയിലെത്തി.



1987ൽ ദേവദാസ് പൊറ്റക്കാടിനെ തോൽപിച്ചു നിയമസഭയിലെത്തിയ ആര്യാടനു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2016 വരെ വിജയം തുടർന്ന ആര്യാടൻ 2016ൽ മത്സരരംഗത്തു നിന്നു മാറി മകൻ ഷൗക്കത്തിനെ രംഗത്തിറക്കി. പഴയ കോൺഗ്രസുകാരൻ പി.വി. അൻവറിനെ സ്വതന്ത്രനായി മത്സരിപ്പിച്ച എൽഡിഎഫ്, 29 വർഷത്തിനു ശേഷം സീറ്റ് തിരിച്ചുപിടിച്ചു. 2021ലും വിജയം ആവർത്തിച്ചപ്പോൾ നിലമ്പൂരിൽ തകർന്നത് കോൺഗ്രസിൻ്റെ കുത്തകയാണ്. പക്ഷേ ആ അൻവർ ഇത്തവണ എൽഡിഎഫിന്റെ മുഖ്യശത്രുവാണ്. മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമർശിച്ച് നിലമ്പൂരിൽ രാഷ്ട്രീയ പോരിനിറങ്ങുന്ന പി.വി. അൻവർ, എംഎൽഎ സ്‌ഥാനം രാജിവെച്ച ഒഴിവുനികത്താനുള്ള ഉപതെരഞ്ഞെടുപ്പിനാണ് നിലമ്പൂരിൽ കളമൊരുങ്ങുന്നത്.

മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകൾ‌ യുഡിഎഫിന്റെയും രണ്ട് പഞ്ചായത്തുകളും നഗരസഭയും എൽഡിഎഫിന്റെയും കൈവശമാണ്. നിലമ്പൂർ നഗരസഭയിൽ അക്കൗണ്ട് തുറക്കാനായത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ശ്രദ്ധേയ നേട്ടമായിരുന്നു. വനനിയമ ഭേദഗതി, കാർഷിക പ്രശ്നങ്ങൾ എന്നിവ യുഡിഎഫും ബിജെപിയും മണ്ഡലത്തിൽ ചർച്ചയാക്കും. നിലമ്പൂർ – നഞ്ചൻകോട് റെയിൽപാത എന്ന സ്വപ്ന പദ്ധതിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകാനാണ് സാധ്യത. നിലമ്പൂർ ബൈപ്പാസിന് തുക അനുവദിച്ചതും മറ്റ് വികസന വിഷയങ്ങളും എൽഡിഎഫും ചർച്ചയാക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com