'അൻവറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതം'; നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ എൽഡിഎഫിന് ആശങ്കയില്ലെന്ന് ടി.പി. രാമകൃഷ്ണൻ

നിലമ്പൂരിലെ യുഡിഎഫിന്റെ സ്ഥാനാർഥി ആരായിരിക്കണമെന്നും അൻവർ നിർദേശം വച്ചിട്ടുണ്ടെന്ന് ടി.പി. രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി
'അൻവറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതം'; നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ എൽഡിഎഫിന് ആശങ്കയില്ലെന്ന് ടി.പി. രാമകൃഷ്ണൻ
Published on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായ പി.വി. അൻവറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. തെളിവിന്റെ അടിസ്ഥാനത്തിലാണ് വി.ഡി. സതീശനെതിരായ ആരോപണം നിയമസഭയിൽ ഉന്നയിക്കുന്നതെന്നാണ് അൻവർ പറഞ്ഞത്. സിപിഎമ്മോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ അദ്ദേഹത്തിൽ സമ്മർദം ചെലുത്തിയില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.



"അൻവർ സിപിഎമ്മിന്റെ പാർലമെന്ററി പാർ‌ട്ടി അം​ഗമായിരുന്നു. സിപിഎമ്മിന്റെ പാർലമെന്ററി പാർ‌ട്ടി സെക്രട്ടറിയായി പ്രവർത്തിക്കുന്നത് ഞാനാണ്. അൻവറിന്റെ കയ്യിലെ തെളിവിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയിൽ ഈ പ്രശ്നം ഉന്നയിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. നിയമസഭയിലും പറഞ്ഞിട്ടുണ്ട്, ഞങ്ങളോടും പറഞ്ഞിട്ടുണ്ട്. സിപിഎമ്മോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ അദ്ദേഹത്തിൽ സമ്മർദം ചെലുത്തി പറഞ്ഞ ആരോപണമല്ലിത്. അദ്ദേഹം സ്വയം ഉന്നയിച്ച ആരോപണമാണ്. നിയമസഭാ രേഖകൾ പരിശോധിച്ചാൽ അത് ബോധ്യമാകും", ടി.പി പറഞ്ഞു.



നിലമ്പൂരിലെ യുഡിഎഫിന്റെ സ്ഥാനാർഥി ആരായിരിക്കണമെന്നും അൻവർ നിർദേശം വച്ചിട്ടുണ്ടെന്ന് ടി.പി. രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. അത് അൻവറാണോ അതോ യുഡിഎഫിലെ ഏതെങ്കിലും പാർട്ടികളാണോ തീരുമാനിക്കേണ്ടതെന്ന് അവരാണ് വ്യക്തമാക്കേണ്ടതെന്നും ടി.പി. പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനെ അൻവർ പരിഹസിച്ച സംഭവത്തിലും ഇതേ നിലപാടാണ് ഇടതുമുന്നണി കൺവീനർ സ്വീകരിച്ചത്.

നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിൽ സിപിഎമ്മിനും എൽഡിഎഫിനും ആശങ്കയില്ലെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ ഫലപ്രദമായി നേരിടാൻ കഴിയും എന്ന കാര്യത്തിൽ സംശയമില്ല. ഇടതുപക്ഷ മുന്നണി കേരളത്തിലെ ജനങ്ങളുടെ വിശ്വാസമാർജിച്ചാണ് മുന്നോട്ട് പോകുന്നത്. ജനക്ഷേമ നടപടികളും വികസന പ്രവർത്തനങ്ങളും നടപ്പിലാക്കിയാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നത്. ഇനിയും ഈ സർക്കാരിന്റെ യാത്ര തുടരുമെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

അൻവറിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍​ഗ്രസ് സ്വീകരിച്ചതെന്ന് ടി.പി ആരോപിച്ചു. അങ്ങനെ ന്യായീകരിക്കാനാണെങ്കിൽ വി.ഡി. സതീശനെതിരായ ആരോപണങ്ങളിൽ അവർക്കെന്താണ് പറയാനുള്ളത്? അതൊരു മാപ്പ് കൊണ്ട് മാത്രം അവസാനിപ്പിക്കാൻ കഴിയുന്ന പ്രശ്നമാണോ? എന്നും ടി.പി. രാമകൃഷ്ണൻ ചോദിച്ചു.

ഇലക്ഷൻ ഫണ്ടായി കോൺഗ്രസിന് 150 കോടി രൂപ ലഭിച്ചുവെന്ന് നിയമസഭയിൽ ഉന്നയിച്ചത് പാർട്ടി നിർദേശം അനുസരിച്ചാണെന്നായിരുന്നു രാജി സമർപ്പിച്ചതിനു ശേഷമുള്ള അൻവറിന്റെ വെളിപ്പെടുത്തൽ. നിയമസഭയിൽ വി.ഡി. സതീശനെതിരെ ആരോപണമുന്നയിക്കണമെന്ന് പറഞ്ഞത് പി. ശശിയാണെന്നും അന്‍വർ ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com