അൻവർ പറഞ്ഞതെല്ലാം പ്രതിപക്ഷം നേരത്തെ ഉന്നയിച്ചത്; മാപ്പ് സ്വീകരിക്കുന്നതായി വി.‍‍ഡി. സതീശൻ

പിണറായി വിജയനെ എതിർക്കാൻ കഴിയാത്ത പാർട്ടി എംഎൽഎമാർക്ക് വേണ്ടിയാണ് അൻവർ ആരോപണം ഉന്നയിച്ചത്
അൻവർ പറഞ്ഞതെല്ലാം പ്രതിപക്ഷം നേരത്തെ ഉന്നയിച്ചത്; മാപ്പ് സ്വീകരിക്കുന്നതായി വി.‍‍ഡി.  സതീശൻ
Published on


പി.വി. അൻവറിൻ്റെ പൊതുമാപ്പ് അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.‍‍ഡി. സതീശൻ. മുഖ്യമന്ത്രിയുടെയും ഉപജാപക സംഘത്തിൻ്റെയും ആരോപണമാണ് തനിക്കെതിരെയുള്ളതെന്ന് നേരത്തെ പറഞ്ഞതാണ്. പ്രതിപക്ഷം നേരത്തെ പറഞ്ഞത് അടിവരയിടുന്നതാണ് അൻവറിൻ്റെ ഇന്നത്തെ തുറന്നു പറച്ചിലെന്നും വി.‍‍ഡി. സതീശൻ പറഞ്ഞു. അൻവറിൻ്റെ രാജി സ്വന്തം തീരുമാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെ എതിർക്കാൻ കഴിയാത്ത പാർട്ടി എംഎൽഎമാർക്ക് വേണ്ടിയാണ് അൻവർ ആരോപണം ഉന്നയിച്ചത്. അൻവറിൻ്റെ കാര്യത്തിൽ പ്രതിപക്ഷ നേതാവിന് ഒറ്റക്ക് ഒരു നിലപാടില്ല. പാർട്ടിയും യുഡിഎഫും ചേർന്ന് ഉചിതമായ തീരുമാനമെടുക്കും. അൻവറിന് മുന്നിൽ പാർട്ടി വാതിൽ തുറന്നിട്ടുമില്ല അടച്ചിട്ടുമില്ല എന്നും വി.‍‍ഡി. സതീശൻ.

ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിലെ സ്ഥാനാർഥിയെ കോൺഗ്രസ് നിശ്ചയിക്കും. തൃണമൂൽ കോൺ​ഗ്രസുമായി യോജിക്കണോ എന്ന് യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കും. നിലമ്പൂരിൽ വൻ ഭൂരിപക്ഷത്തിൽ മുന്നണി വിജയിക്കുമെന്നും വി.‍‍ഡി. സതീശൻ പറഞ്ഞു.

എൻ.എം. വിജയൻ്റെ മകനെ തന്നോട് പ്രകോപിപ്പിച്ച് സംസാരിക്കാൻ ചില രാഷ്ട്രീയ പാർട്ടിക്കാർ ശ്രമിച്ചു. വിജയൻ്റെ പരാതി തൻ്റെ മുന്നിൽ എത്തിയത് അടുത്ത ദിവസമാണ്. അതേസമയം, എൻ.എം. വിജയൻ്റെ ബാധ്യത ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് വി.ഡി. സതീശൻ ഉത്തരം നൽകിയില്ല.

ഇലക്ഷൻ ഫണ്ടായി കോൺഗ്രസിന് 150 കോടി രൂപ ലഭിച്ചുവെന്ന് സഭയിൽ ഉന്നയിച്ചത് പാർട്ടി നിർദേശം അനുസരിച്ചാണെന്നും, ആരോപണമുന്നയിക്കണമെന്ന് പറഞ്ഞത് പി. ശശിയാണെന്നുമാണ് പി.വി. അൻവർ പറഞ്ഞത്. ആരോപണം തയ്യാറാക്കി തരികയായിരുന്നു. താൻ തന്നെ ഇത് പറയണമെന്ന് പി. ശശി പറഞ്ഞു. വെറുതെ ആരോപണം ഉന്നയിച്ചതല്ല സ്പീക്കർക്ക് കത്ത് നൽകി അനുമതി വാങ്ങിയാണ് ആരോപണം ഉന്നയിച്ചതെന്നും അൻവർ പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com