മെയ് 18ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാകും മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുക
പുതിയ മാർപാപ്പയായി ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ തീയതി ന്യൂസ് മലയാളത്തിന് ലഭിച്ചു. മെയ് 18ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാകും മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുക. കത്തോലിക്ക സഭയുടെ 267ാം മാർപാപ്പയായാണ് ലിയോ പതിനാലാമൻ ചുമതലയേൽക്കുന്നത്. കർദിനാൾ സംഘത്തിന്റെ ഡീൻ ജിയോവാനി ബാറ്റിസ്റ്റ റേ ചടങ്ങുകളിൽ മുഖ്യ കാർമികത്വം വഹിക്കും.
ALSO READ: "എല്ലായിടത്തും ശാന്തി പുലരട്ട"; ലോകത്തെ അഭിസംബോധന ചെയ്തു ലിയോ പതിനാലാമൻ മാർപാപ്പ
യുഎസിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലിയോ പതിനാലാമൻ. ആഗോളതലത്തിൽ പരമാധികാര സ്വഭാവമുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ പ്രവർത്തിക്കുന്നതിനാൽ അമേരിക്കയിൽ നിന്നുള്ള കർദിനാളുമാരെ മാർപാപ്പമാരായി നേരത്തെ വത്തിക്കാൻ പരിഗണിച്ചിരുന്നില്ല. 2023 മുതലാണ് അമേരിക്കക്കാരെ കർദിനാൾമാരായി പരിഗണിച്ചത്. ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റും ചിക്ലായോയിലെ ആർച്ച് ബിഷപ്പ് എമെറിറ്റസുമായിരുന്നു അദ്ദേഹം.
1955 സെപ്റ്റംബർ 14ന് ചിക്കാഗോയിലെ ഇല്ലിനോയിസിലാണ് ജനിച്ചത്. 1977ൽ സെന്റ് ലൂയിസിലെ ഔവർ ലേഡി ഓഫ് ഗുഡ് കൗൺസിലിന്റെ പരിധിയിലുള്ള ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ (ഒ.എസ്.എ.) യുടെ നോവിഷ്യേറ്റിൽ പ്രവേശിച്ചു. 1981 ഓഗസ്റ്റ് 29ന് വ്രതം സ്വീകരിച്ചു. ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ പഠിച്ച അദ്ദേഹം ദൈവശാസ്ത്രത്തിൽ ഡിപ്ലോമ നേടി.