fbwpx
ബോങ് ജൂണ്‍ ഹോ: ഒരു കൊറിയന്‍ സിനിമാഗാഥ
logo

ശ്രീജിത്ത് എസ്

Posted : 11 May, 2025 06:12 PM

ബോങ്ങിനെ നമ്മൾ കണ്ടാൽ തിരിച്ചറിയാൻ തുടങ്ങിയത് പാരസൈറ്റിനു ശേഷമാണെങ്കിലും അതിനും മുൻപ് അദ്ദേഹത്തിന്റെ ഒരു സിനിമ നമ്മുടെയെല്ലാം ഉറക്കം കെടുത്തിയിരുന്നു, 'മെമ്മറീസ് ഓഫ് മർഡർ'

WORLD CINEMA


2020 ഓസ്കാർ അവാ‍ർഡ് ദാന ചടങ്ങ്. മികച്ച സംവിധാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടവരെ ഒന്നൊന്നായി സ്പൈക് ലീ അവതരിപ്പിക്കുകയാണ്. ടോഡ് ഫിലിപ്സ്, മാർട്ടിൻ സ്കോർസെസി, സാം മെൻഡിസ്, ക്വിന്റൻ ടാരന്റിനോ, പിന്നെ ബോങ് ജൂൺ ഹോയും. ഒടുവിൽ ആ നിമിഷം വന്നെത്തി...  ഈ സീനിന്റെ ക്ലൈമാക്സ് നമുക്ക് എല്ലാവർക്കും അറിയാം. സ്കോർസെസിക്കും ടാരന്റീനോയ്ക്കും നന്ദി പറഞ്ഞ് മികച്ച സംവിധാനത്തിന് ഉള്‍പ്പെടെ നാല് അവാർഡുകൾ വാങ്ങി തന്റെ കണ്ണുകളിൽ ചിരിയും നിറച്ച് നിൽക്കുന്ന ബോങ്ങിനെ സിനിമാപ്രേമികൾ മറക്കില്ല. കാരണം, ഓരോ തവണ അയാൾ അവാർഡ് ഏറ്റുവാങ്ങാൻ വേദിയിലേക്ക് കയറിയപ്പോഴും സബ്ടൈറ്റിലിന്റെ ഒരിഞ്ച് നീളമുള്ള തടസം നമ്മൾ ചാടിക്കടക്കുകയായിരുന്നു. ഹോളിവുഡിനും അപ്പുറത്ത് വിസ്മയങ്ങൾ ഒളിപ്പിച്ച സിനിമാ ലോകം പരിചയപ്പെടുകയായിരുന്നു.


കിം കി ഡൂക്ക്, പാർക്ക് ചാൻ വൂക്ക് എന്നിങ്ങനെ നിരവധി ദക്ഷിണ കൊറിയൻ സിനിമാക്കാർ നമ്മൾ മലയാളികളുടെ പരിചയക്കാരാണ്. ഇതിൽ കിം കി ഡൂക്ക് നമ്മുടെ സ്വന്തം ആളുമാണ്. ഈ നിരയിൽ നമുക്ക് ബോങ്ങിനെയും ഉൾപ്പെടുത്താം. ബോങ്ങിനെ നമ്മൾ കണ്ടാൽ തിരിച്ചറിയാൻ തുടങ്ങിയത് പാരസൈറ്റിനു ശേഷമാണെങ്കിലും അതിനും മുൻപ് അദ്ദേഹത്തിന്റെ ഒരു സിനിമ നമ്മുടെയെല്ലാം ഉറക്കം കെടുത്തിയിരുന്നു, 'മെമ്മറീസ് ഓഫ് മർഡർ'. ആ സിനിമയുടെ ക്ലൈമാക്സ്, ആ സിനിമയിലെ സത്യം, ഇന്നും പ്രേക്ഷകരെ വെല്ലുവിളിച്ചുകൊണ്ട് ഇങ്ങനെ ഫോർത്ത് വാളും ബ്രേക്ക് ചെയ്ത് നമ്മളെ തുറിച്ച് നോക്കി നിൽക്കുകയാണ്. 'മിക്കി 17' വരെ നീളുന്ന ഫിലിമോ​ഗ്രഫിയിൽ ഴോണറുകളുടെ പുതിയ രസക്കൂട്ടുകളാണ് ബോങ് നമുക്ക് പരിചയപ്പെടുത്തിയത്. തന്റെ സിനിമകളിലൂടെ തനതായ ശൈലിയിൽ എല്ലാ നാടിനെയും സംബന്ധിക്കുന്ന, മനുഷ്യനേയും പ്രകൃതിയേയും പറ്റിയുള്ള ചില ചോദ്യങ്ങളാണ് അയാൾ ചോദിക്കുന്നത്.


1980കളിൽ സിയോളിലെ യോൻസെ സർവകലാശാലയിലെ വിദ്യാർഥികൾ ചേർന്ന് ഒരു ഫിലിം ക്ലബ് രൂപീകരിച്ചിരുന്നു. യെല്ലോ ഡോർ ഫിലിം ക്ലബ്. സിനിമ പിടിക്കാൻ പിരാന്തെടുത്ത് നടന്നിരുന്ന ആ ചെറു കൂട്ടം ഒത്തുകൂടിയിരുന്ന സ്ഥലത്ത് ഒരു മഞ്ഞ ഡോറുണ്ടായിരുന്നു. ആ വാതിൽ വഴിയാണ് 'യെല്ലോ ഡോർ' എന്ന പേര് വന്നത്. ഈ ക്ലബിലെ ആദ്യകാലം മുതലുള്ള അം​ഗമാണ് ബോങ്. ​ഗൊദാർദ്, തർക്കോവസ്കി, ഹിച്ച്കോക്ക് തുടങ്ങിയവരുടെ സിനിമകളുടെ വിഎച്ച്എസ് ടേപ്പുകൾ ബോങ് വീഡിയോ സ്റ്റോറുകളിൽ നിന്ന് അരിച്ചുപെറുക്കി കണ്ടുപിടിക്കും. എന്നിട്ട് അത് കോപ്പി ചെയ്ത്, ലേബൽ ചെയ്ത് ക്ലബിൽ പ്രദർശിപ്പിക്കും. പിന്നെ ചർച്ചയായി, തർക്കമായി...അക്കാലത്ത് ദക്ഷിണ കൊറിയയിൽ സജീവമായിരുന്ന മറ്റ് ഫിലിം ക്ലബുകൾ രാഷ്ട്രീയം സംസാരിച്ചപ്പോൾ, സിനിമയെ അക്കാഡമിക് ആയി സമീപിക്കാനായിരുന്നു യെല്ലോ ഡോറിന്റെ തീരുമാനം.


ബോങ്ങിന്റെ ആദ്യകാല വർക്കുകൾ പലതും കണ്ടിട്ടുള്ളത് ഈ ക്ലബിലെ അം​ഗങ്ങളാണ്. 1992 ഡിസംബറിൽ, ക്ലബ് അംഗങ്ങൾക്ക് മാത്രമായി അദ്ദേഹം തന്റെ ആദ്യ ഹ്രസ്വചിത്രമായ 'ലുക്കിംഗ് ഫോർ പാരഡൈസ്' എന്ന 23 മിനിറ്റ് ദൈർഘ്യമുള്ള സ്റ്റോപ്പ്-മോഷൻ ആനിമേഷൻ പ്രദർശിപ്പിച്ചു. രണ്ട് മാസം ട്യൂഷൻ എടുത്തു കിട്ടിയ കാശുകൊണ്ട് തന്റെ ലീവിങ് റൂം പശ്ചാത്തലമാക്കിയാണ് ഈ 8എംഎം ചിത്രം ബോങ് നിർമിച്ചത്. ഒരു കുരങ്ങനും ഒരു ശലഭപ്പുഴുവുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. ഇതാണെന്റെ സ്റ്റൈൽ - എന്ന് സുഹൃത്തുക്കളോട് വിളിച്ചുപറയുകയായിരുന്നു ബോങ്.


Also Read: ക്ലീഷേയ്ക്ക് കത്തിവെച്ച ആല്‍ഫ്രഡ് ഹിച്ച്കോക്ക്; സസ്പെന്‍സ് ത്രില്ലറുകളുടെ രസതന്ത്രം


അതവർക്ക് കൃത്യമായി മനസിലായത് ബോങ്ങിന്റെ ആദ്യ ചിത്രം കണ്ടപ്പോഴാണ്. സദാ കുരയ്ക്കുന്ന ഒരു നായ ഒരു മനുഷ്യന് ശല്യമാകുന്നു- ഇതാണ് പ്രമേയം. 2000ൽ പുറത്തിറങ്ങിയ 'ബാർക്കിംഗ് ഡോഗ്സ് നെവർ ബൈറ്റ്' എന്ന ആ ചിത്രം ബോക്സോഫീസിൽ പച്ചതൊട്ടില്ല. എന്നാൽ നിരൂപകരുടെ വാണ്ടഡ് ലിസ്റ്റിൽ ബോങ് കടന്നുകൂടി. 2003ൽ ബോങ്ങിനെ അവർ സ്ഥിരം പുള്ളികളുടെ പട്ടികയിൽ മുൻനിരയിൽ തന്നെ കൊണ്ടിരുത്തി. അതേ, ആ വർഷമാണ് 'മെമ്മറീസ് ഓഫ് മർഡർ' ഇറങ്ങിയത്.


ഡാർക്ക് ഹ്യൂമറും ത്രില്ലറും സംയോജിപ്പിച്ച ആഖ്യാനം. സാധാരണ ത്രില്ലർ ടെംപ്ലേറ്റുകൾക്ക് നേർ വിപരീതം. സിനിമ തീർന്നാലും ഒരു ചോദ്യം പോലെ ബാക്കിയാവുന്ന ക്ലൈമാക്സ്. ആ ചോദ്യത്തിനുള്ള ഉത്തരം സിനിമയിൽ എവിടെയോ ഉണ്ട്. നിങ്ങളും അത് കണ്ടതല്ലേ എന്നാണ് സ്ക്രീനിലേക്കുള്ള നോട്ടത്തിലൂടെ ഡിറ്റക്ടീവ് പാർക്ക് നമ്മളോട് ചോദിക്കാതെ ചോദിക്കുന്നത്. ഈ ലോകം ചിലപ്പോഴൊക്കെ കൃത്യമായ ഉത്തരങ്ങൾ നൽകാറില്ല എന്നുകൂടിയാണ് ആ ക്ലൈമാക്സ് പറയാൻ ശ്രമിക്കുന്നത്.

'മെമ്മറീസ് ഓഫ് മർഡർ ' നൽകിയ ഊർജം തന്റെ സ്റ്റൈലിനെ എക്സ്പ്ലോർ ചെയ്യാൻ ബോങ് ഉപയോ​ഗിക്കുന്നതാണ് പിന്നീട് നമ്മൾ കണ്ടത്. 2006ൽ റിലീസായ രാഷ്ട്രീയത്തിന്റെ അടരുകളുള്ള മോൺസ്റ്റർ മൂവി 'ഹോസ്റ്റ്', കോറിയയിലെ വമ്പൻ ഹിറ്റായി. ഹാൻ നദിക്ക് സമീപം കണ്ടെത്തിയ മ്യൂട്ടേറ്റഡ് മത്സ്യത്തെക്കുറിച്ചുള്ള ഒരു വാർത്തയാണ് ഈ സിനിമയുടെ പ്രചോദനം. 2000-ൽ യുഎസ് മിലിട്ടറി മോർട്ടീഷ്യൻ ഹാൻ നദിയിലേക്ക് ഫോർമാൽഡിഹൈഡ് നിക്ഷേപിക്കാൻ ഉത്തരവിട്ട സംഭവവും കഥയ്ക്ക് വളമായി. അന്താരാഷ്ട്ര വിതരണം ലഭിച്ച ബോങ്ങിന്റെ ആദ്യ ചിത്രവുമാണിത്.


Also Read: VIDEO | റേയുടെ ആരാധകനായ ഹോളിവുഡ് സംവിധായകന്‍ ; ഫന്‍റാസ്റ്റിക് മിസ്റ്റർ ആന്‍ഡേഴ്സണ്‍


2009ലാണ് ബോങ് 'മദർ' സംവിധാനം ചെയ്തത്. ഈ സിനിമയ്ക്ക് മെമ്മറീസ് ഓഫ് മർഡറിന്റ നേരിയ ഛായ കാണാം. പഴുതടച്ച സ്ക്രീൻപ്ലേയും മുഖ്യകഥാപാത്രമായ കിം ഹൈ-ജായുടെ അഭിനയവുമാണ് ചിത്രത്തെ വേറിട്ട് നിർത്തിയത്. ഇതിനു പിന്നാലെ എത്തിയ ഡിസ്റ്റോപ്യൻ സൈഫൈ ത്രില്ലർ 'സ്നോപിയേഴ്സർ' ആണ് ബോങ്ങിന്റെ ആദ്യ ഇംഗ്ലീഷ് ഭാഷാ ചിത്രം. വേണമെങ്കിൽ അയാൾക്ക് ഒരു സാധാ സൈഫൈ ആക്ഷൻ പടം എടുത്ത് മടങ്ങാമായിരുന്നു. പക്ഷേ അതല്ലല്ലോ ശീലം. അയാൾ സിനിമയിലെ തീവണ്ടിയെ വർ​ഗ വിഭജനത്തിന്റെ രൂപകമാക്കി. സിനിമ കണ്ട യുഎസ് ഡിസ്ട്രിബ്യൂട്ടർ ഹാർവി വെയ്ൻസ്റ്റൈൻ 20 മിനിട്ട് കട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. കാരണം അയാൾക്ക് അതൊരു ആർട്ട് ഹൗസ് പടമായിട്ടാണ് തോന്നിയത്. യുഎസിലുള്ളവർക്ക് മനസിലാകണമെങ്കിൽ കട്ട് കട്ടായമാണെന്ന് ഹാർവി വാശിപിടിച്ചു. കട്ട് ചെയ്യാൻ ആവശ്യപ്പെടുന്ന ഭാഗം മത്സ്യത്തൊഴിലാളിയായിരുന്ന തന്റെ പരേതനായ പിതാവിനുള്ള ട്രിബ്യൂട്ട് ആണെന്ന് ഒരു മുഴുത്ത നുണ ബോങ് ഹാർവിയോട് പറഞ്ഞു. ഇന്ന് കൾട്ട് സ്റ്റാറ്റസുള്ള സ്നോപിയേഴ്സർ അൺകട്ടഡായി വരാൻ കാരണം സംവിധായകന്റെ ആ കല്ലുവെച്ച നുണയാണ്.

ഹോളിവുഡിൽ അവതരിച്ചതിനു ശേഷം 2019ൽ ബോങ് ഒരു നെറ്റ്ഫ്ലിക്സ് ഒറിജനലാണ് ചെയ്തത്, 'ഒക്ജ'. ഒരു പെൺകുട്ടിയുടേയും അവളുടെ ജനിതകമാറ്റം വരുത്തിയ സൂപ്പർ പന്നിയുടേയും കഥ. മുതലാളിത്തത്തിന്റെ കാട്ടിക്കൂട്ടലുകളെ, നേച്വർ ഫ്രണ്ട്ലി തട്ടിപ്പിനെ, നെറ്റ്ഫ്ലിക്സിൽ ഇരുന്ന് ആ സംവിധായകൻ പരിഹസിച്ചു.


2019ലാണ് ബോങ് 'പാരസൈറ്റ്' സംവിധാനം ചെയ്യുന്നത്. ഈ സിനിമയിലൂടെ വർ​ഗ വിഭജനത്തെപ്പറ്റി ആ സംവിധായകൻ തന്റേതായ രീതിയിൽ ഒരു മാനിഫെസ്റ്റോ രചിക്കുകയായിരുന്നു. അത് മനസിലായവരും അല്ലാത്തവരും ഒരുപോലെ ആ സിനിമയ്ക്ക് കൈയ്യടിച്ചു. ബോങ്ങിന്റെ ക്രാഫ്റ്റ് അതിന്റെ പരകോടിയിൽ എത്തുന്നതാണ് പാരസൈറ്റിൽ നമുക്ക് കാണാൻ സാധിക്കുന്നത്. പാം ഡി ഓറും നാല് ഓസ്കാറും നേടിയതല്ല ഈ ചിത്രത്തിന്റെ മേന്മ. മോഹത്തിനും അതിമോഹത്തിനും ഇടയിലുള്ള ​വിടവ് നിർണയിക്കുന്ന സ്റ്റാറ്റസിനെപ്പറ്റിയാണ് പാരസൈറ്റ് സംസാരിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ ഈ സിനിമ പാരസൈറ്റുകളുടെ, ഇത്തിൾകണ്ണികളുടെ കഥയാണ്. അത് സമൂഹത്തിന്റെ മേൽത്തട്ടിലുള്ളവരോ, താഴേത്തട്ടിലുള്ളവരോ എന്നത് മാത്രമാണ് ചോദ്യം.

‌പാരസൈറ്റിലെ ഫ്ലഡ് സീനിൽ ഈ സിനിമയുടെ ആശയം മുഴുവനടങ്ങിയിട്ടുണ്ട്. ഈ സീൻ സംസാരിക്കുന്നത് ആ സിനിമയ്ക്ക് വേണ്ടി മാത്രമല്ല. ബോങ് എടുത്ത, ഇനി എടുക്കാനിരിക്കുന്ന സിനിമകൾക്ക് വേണ്ടിക്കൂടിയാണ്. പാർക്ക് ഫാമിലിയിലെ മുൻ വീട്ടുജോലിക്കാരി, കിം കുടുംബത്തിന്റെ രഹസ്യങ്ങൾ മനസിലാക്കിയ ശേഷം സംഭവിക്കുന്ന സീനാണിത്. കൊടും മഴയത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങുന്ന കിമ്മും കുടുംബവും കാണുന്നത് ആ ആയുസിൽ ഉണ്ടാക്കിയതെല്ലാം വെള്ളം കയറിയിരിക്കുന്നതാണ്.


Also Read: VIDEO | എന്താകും ടാരന്‍റീനോയുടെ പത്താം പടം? ഹോളിവുഡിലെ 'സിനിമാ പ്രാന്തന്‍റെ' കഥ


ഈ സീൻ ബോങ് കംപോസ് ചെയ്തിരിക്കുന്നത് വിഷ്വൽ മെറ്റഫോറുകൾ ഉപയോ​ഗിച്ചാണ്. കഥയിലെ ടേണിങ് പോയിന്റാണ് ഈ സംഭവം. അക്ഷരാർഥത്തിൽ ഉന്നത ശ്രേണിയിൽ എത്തിപ്പെട്ടുവെന്ന തോന്നലിൽ നിന്ന് ദാരിദ്ര്യത്തിന്റെ കഠിനമായ യാഥാർത്ഥ്യത്തിലേക്കുള്ള കിം കുടുംബത്തിന്റെ പടിയിറക്കം. ഇത് സൂചിപ്പിക്കാനാണ് പടിക്കെട്ടുകൾ ആവർത്തിച്ച് കാണിക്കുന്നത്. ബേസ്മെന്റിലേക്കുള്ള ഈ ഇറക്കം ഒരു തരത്തിൽ അവർ എവിടെനിന്ന് വന്നു എന്നതിന്റെ സ്റ്റേറ്റ്മെന്റാണ്. ആവരുടെ നിരാശയാണ് ആ ഇറക്കം. ഇരുണ്ട ക്ലോസ്ട്രോഫോബിക്കായ ഫ്രെയിമുകൾ ആ നിരാശയാണ് സംവേദിക്കുന്നത്. യാങ് ജിൻ-മോയുടെ എഡിറ്റിങ് ഈ സന്ദർഭത്തിന് താളം നൽകുന്നു. വെള്ളം നിറഞ്ഞ തെരുവുകളിലൂടെ ഓടുന്ന അവരുടെ പരിഭ്രാന്തി കൃത്യമായി നമ്മളിലേക്ക് സംവിധായകൻ എത്തിക്കുന്നുണ്ട്.

ഈ സീനിലെ ഓരോ മൊമന്റിലും സംവിധായകന്റെ കരവിരുത് പ്രകടമാണ്. നിർവികാരതയോടെ പൊട്ടിതക‍ർന്ന കമോഡിന് മുകളിൽ ഇരുന്ന് ഒരു കഥാപാത്രം സി​ഗരറ്റ് ചുണ്ടോട് അടുപ്പിക്കുമ്പോൾ പോലും അയാൾ കഥ പറയുകയാണ്. അഴുക്കുചാലിൽ ജീവിച്ച് ഇടയ്‌ക്കെപ്പോഴോ സുഭിക്ഷത നിറഞ്ഞ അടുക്കളയിലേക്ക് ഇറങ്ങി, വീണ്ടും മാളത്തിലേക്ക് തിരിച്ചു ചെല്ലുന്ന എലികളെപ്പോലെയാണ് അവർ. എല്ലാ സൗകര്യങ്ങൾക്കിടയിലും അവർ ഭയക്കുന്നു. തിരിച്ചിറങ്ങുന്നു. ഇങ്ങനെ ഇറങ്ങി ചെല്ലുന്ന ഹൈറാർക്കിയുടെ താഴേ തട്ടിൽ വെള്ളം കയറിയാൽ മുകളിലേക്കുള്ള വാതിൽ തുറക്കില്ല. അത് അടഞ്ഞുതന്നെ കിടക്കും. ആ അഴുക്കിൽ നിന്ന് എങ്ങനെയെങ്കിലും നീന്തിത്തുടിച്ച് ചെല്ലുമ്പോൾ മേൽത്തട്ടിലുള്ളവർക്ക് അവരുടെ ​ഗന്ധം, രൂപം, പെരുമാറ്റം എല്ലാം വിചിത്രമായി തോന്നും. അവർ മൂക്കുപൊത്തും. മാറ്റിനിർത്തും.


Also Read: ആ മോഹൻലാൽ ചിത്രം കോപ്പിയായിരുന്നു! കൊമേഴ്ഷ്യൽ സിനിമ സംശയത്തോടെ വീക്ഷിച്ച കൾട്ട് ഫിലിം മേക്കർ സായ് പരാഞ്പെ


ക്യാപ്പിറ്റലിസം എന്ന കെണിയെപ്പറ്റിയാണ് ബോങ് എല്ലാക്കാലത്തും സംസാരിച്ചത്. ഒടുവിൽ ഇറങ്ങിയ മിക്കി 17ലും അതങ്ങനെ തന്നെയായിരുന്നു. തിരിച്ചുവരുമെന്ന ഉറപ്പിൽ നമുക്ക് മിക്കിയെ പോലെ എത്രതവണ വേണമെങ്കിലും മരിക്കാം. 9 ടു 5 ജോലിപോലെ. എന്നാൽ ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന് മനസിലാക്കിയാലോ? നമ്മൾ ഇടയും. ഏത് വ്യവസ്ഥയോടും കയർക്കും. അങ്ങനെ കയർക്കുന്ന സംവിധായകനാണ് ബോങ്. അങ്ങനെ ഇടയുന്ന സിനിമകളാണ് ആ സംവിധായകൻ എടുക്കുന്നത്. ഏതൊരു സിനിമാപ്രേമിയും അന്വേഷിക്കുന്നത് ബോങ്ങിനെപ്പോലെ 24 ഫ്രെയിംസ് പെർ സെക്കൻഡിൽ ധിക്കാരം പറയുന്നവരെയാണ്, കാട്ടുന്നവരെയാണ്. എന്തുകൊണ്ട് ഇവർ ധിക്കാരികളായി എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളൂ. ചില സമയത്ത് ചില മനുഷ്യർ ജനിക്കുന്നു, ജീവിക്കുന്നു, സിനിമയെടുക്കുന്നു, കലഹിക്കുന്നു. മരണം വരെ ഇത് തുടരുന്നു.

KERALA
"സ്റ്റേഷൻ കോമ്പൗണ്ടിലെ നാളികേരം വിൽക്കാനുണ്ട്"; പൊലീസെന്ന വ്യാജേന കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം തട്ടി
Also Read
user
Share This

Popular

KERALA
KERALA
കെപിസിസിക്ക് ഇനി പുതിയ നേതൃത്വം; അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സണ്ണി ജോസഫ്