World Matters | പാകിസ്ഥാനും ഭീകര സംഘടനകളും തുടരുന്ന ചങ്ങാത്തം

'തീവ്രവാദ സംഘടനകള്‍' എന്ന് വിശേഷിപ്പിക്കാവുന്ന 12 ഗ്രൂപ്പുകളെങ്കിലും പാകിസ്ഥാനിലുണ്ടെന്നാണ് നാല് വര്‍ഷം മുന്‍പ് യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്
World Matters | പാകിസ്ഥാനും ഭീകര സംഘടനകളും തുടരുന്ന ചങ്ങാത്തം
Published on

ഭീകരതയ്ക്കെതിരെ ഇന്ത്യക്കൊപ്പം, ആഗോള സമൂഹവും ശബ്ദമുയര്‍ത്തുന്നതിനിടെയാണ് പാകിസ്ഥാനില്‍നിന്നൊരു വാര്‍ത്താചിത്രം പുറത്തുവന്നത്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ടതായിരുന്നു ആ ചിത്രം. പാക് ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍, ദേശീയ പതാക അണിയിച്ച്, ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍. പാക് സൈനിക മേധാവി ജനറൽ അസിം മുനീറും, പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസുമൊക്കെ പങ്കെടുത്തെന്നും പുഷ്പചക്രം അര്‍പ്പിച്ചെന്നുമൊക്കെ റിപ്പോര്‍ട്ടുകളും വന്നു. മുരിദ്‌കെയിലെ ലഷ്കറെ ത്വയ്ബ ആസ്ഥാനത്ത് നടന്ന ചടങ്ങിന് നേതൃത്വം കൊടുത്തത് ഹാഫിസ് അബ്ദുർ റൗഫ് ആയിരുന്നു. പ്രാദേശിക മുസ്ലീം പുരോഹിതനും, പാകിസ്ഥാന്‍ മര്‍കസി മുസ്ലീം ലീഗ് അംഗവും എന്നാണ് പാകിസ്ഥാന്‍ റൗഫിന് നല്‍കുന്ന വിശേഷണം. അതേസമയം, ഭീകര സംഘടനയായ ലഷ്കറെ ത്വയ്ബയുടെ മുതിര്‍ന്ന അംഗമായാണ് റൗഫ് അറിയപ്പെടുന്നത്. 2010ല്‍ യുഎസ് സ്പെഷ്യലി ഡിസൈനേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് ആയി റൗഫിനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനും ഭീകര സംഘടനകളും തമ്മില്‍ തുടരുന്ന ചങ്ങാത്തത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു ആ ചിത്രം.

പഹല്‍ഗാം ആക്രമണത്തിനു മറുപടിയായുള്ള'ഓപ്പറേഷൻ സിന്ദൂറില്‍' ഒന്‍പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യ അറിയിച്ചിരുന്നു. പാകിസ്ഥാനിലും, പാക് അധിനിവേശ കശ്മീരിലുമുള്ള ജെയ്‌ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുടെ ഒമ്പത് കേന്ദ്രങ്ങളാണ് ആക്രമിച്ചത്. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസറിന്റെ രണ്ട് സഹോദരീഭർത്താക്കൻമാരായ ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസഫ് അസ്ഹര്‍, ലഷ്കര്‍ ഇ ത്വയ്ബ കമാൻഡർമാരായ മുദാസർ ഖാദിയാൻ, ഖാലിദ്, ജെയ്‌ഷെ മുഹമ്മദിന്റെ മുഹമ്മദ് ഹസ്സൻ ഖാൻ എന്നിവര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ജയ്ഷെ മുഹമ്മദ് സുപ്രീം കമാൻഡറും കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായ കൊടുംഭീകരന്‍ അബ്ദുള്‍ റൗഫ് അസ്ഹറും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒറ്റനോട്ടത്തില്‍ ഹിസ്ബുൾ മുജാഹിദീൻ, ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ്... എന്നിവയാണ് പാകിസ്ഥാന്റെ ഭീകരമുഖം. 2001ലെ പാർലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം തുടങ്ങി പഹല്‍ഗാം ആക്രമണം വരെ, ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളുമായി ഈ മൂന്ന് സംഘടനകള്‍ക്ക് ബന്ധമുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി ഇവര്‍ക്കൊപ്പം ചേരാനും സഹായിക്കാനുമായി ഒട്ടനവധി ചെറിയ സംഘടനകളുമുണ്ട്.

ഹിസ്ബുൾ മുജാഹിദീൻ
പാക് ഇസ്ലാമിക സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ (ജെഇഐ) തീവ്രവാദ വിഭാഗമാണ് ഹിസ്ബുൾ മുജാഹിദീന്‍. 1989ലാണ് ഹിസ്ബുള്‍ മുജാഹിദീന്‍ സ്ഥാപിതമാകുന്നത്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസ്, ഐഎസ്ഐയുടെ ആശിര്‍വാദത്തോടെയായിരുന്നു രൂപീകരണം. പാക് അധീന കശ്മീരിലെ മുസാഫറാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച ഹിസ്‌ബുള്‍ മുജാഹീദിന്റെ ലക്ഷ്യം, ജമ്മു കശ്മീരിനെ പാകിസ്ഥാനോട് ചേര്‍ക്കുക എന്നതായിരുന്നു. 1,500ലധികം കേഡര്‍മാരുടെ സംഘബലമുണ്ട് ഹിസ്‌ബുളിന്. സയ്യിദ് സലാഹുദ്ദീൻ എന്നും അറിയപ്പെടുന്ന മുഹമ്മദ് യൂസഫ് ഷായാണ് തലവന്‍. ശ്രീനഗർ, കുപ്‌വാര, ബന്ദിപ്പോര, ബാരാമുള്ള, അനന്ത്നാഗ്, പുൽവാമ, ദോഡ, രജൗരി, പൂഞ്ച്, ഉദ്ദംപൂർ എന്നിവ ലക്ഷ്യമിട്ട് അഞ്ച് ഡിവിഷനുകളിലായാണ് സംഘടനയുടെ പ്രവര്‍ത്തനം.ആസ്ഥാന കേന്ദ്രം പാക് അധിനിവേശ കശ്മീരാണെങ്കിലും, പാക് ഭരണകൂടവുമായും സൈന്യവുമായും ആശയവിനിമയം നടത്താന്‍ ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും പ്രത്യേക യൂണിറ്റുകളുണ്ട്.

കശ്മീരുമായി ബന്ധപ്പെട്ട കലാപത്തിന്റെ ചൂടേറ്റാണ് ഹിസ്ബുള്‍ പിറവിയെടുത്തതെങ്കിലും, പ്രത്യയശാസ്ത്രപരമായ കലഹം സംഘടനയെ പിളര്‍ത്തി. അങ്ങനെ സലാഹുദ്ദീന്‍ പക്ഷവും ഹിലാൽ അഹമ്മദ് മിർ പക്ഷവും വന്നു. 1993ല്‍ ഇന്ത്യയുടെ ഭീകരവിരുദ്ധ ആക്രമണങ്ങള്‍ ഉച്ചസ്ഥായിയിലെത്തിയപ്പോള്‍, മിര്‍ ഉള്‍പ്പെടെ നിരവധി ഉന്നത നേതാക്കള്‍ ഇല്ലാതായി. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന, ഐഎസ്ഐ ധനസഹായം നല്‍കുന്ന ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടുമായി (ജെകെഎൽഎഫ്) കാലങ്ങളായി ഹിസ്ബുള്‍ കൊമ്പുകോര്‍ക്കുന്നുമുണ്ട്. 2002ല്‍ ഉപാധികളോടെ വെടിനിര്‍ത്തല്‍ ആകാമെന്നറിയിച്ച് സലാഹുദ്ദീന്‍ രംഗത്തെത്തിയിരുന്നു. അത് സംഘടനയുടെ ചീഫ് കമാൻഡർ അബ്ദുൾ മജീദ് ദറും ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും വഴി തുറന്നിരുന്നു. എന്നാല്‍, മറ്റ് തീവ്രവാദ സംഘടനകള്‍ രംഗത്തെത്തിയതോടെ സലാഹുദ്ദീന്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. കേഡര്‍മാരെ പരിശീലിപ്പിക്കുന്നതിലും വിന്യസിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചിരുന്ന ദര്‍ ആകട്ടെ 2003ല്‍ സോപോറില്‍ അജ്ഞാതരായ തോക്കുധാരികളാല്‍ കൊല്ലപ്പെട്ടു. സലാഹുദ്ദീനുമായി ഇടഞ്ഞ് ഹിസ്ബുളിൽ നിന്ന് പിളർന്ന സംഘമാണ് ആക്രമണം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതിര്‍ത്തിയിലും, ജമ്മു കശ്മീരിലുമായി നിരവധി ആക്രമണങ്ങള്‍ ഹിസ്ബുൾ മുജാഹിദീൻ നടത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്കെതിരായ ആക്രമണങ്ങൾ, ജമ്മു കശ്മീർ പൊലീസ് സ്റ്റേഷനുകൾക്ക് നേരെയുള്ള ഗ്രനേഡ് ആക്രമണങ്ങൾ, സൈനിക ഉദ്യോഗസ്ഥർക്കെതിരായ ബോംബ് ആക്രമണങ്ങൾ, 2011ലെ ഡൽഹി ഹൈക്കോടതി സ്ഫോടനം എന്നിവയ്ക്കെല്ലാം സംഘടനയായിരുന്നു ഉത്തരാവാദികള്‍. അഹ്‌സാൻ ദർ, അഷ്‌റഫ് ദർ, മഖ്ബൂൽ അല്ല, ബുർഹാൻ വാണി, റിയാസ് നായ്ക്കൂ, സബ്‌സർ ഭട്ട് എന്നിങ്ങനെ നേതൃസ്ഥാനത്തുണ്ടായിരുന്ന ചില ഭീകരര്‍ ഇന്ത്യയുടെ സുരക്ഷാ സേനയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. 2017ല്‍ ഹിസ്ബുള്‍ മുജാഹീദ്ദിനെ യുഎസ് ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

ലഷ്കറെ ത്വയ്ബ
'ആര്‍മി ഓഫ് പ്യൂര്‍' എന്ന് വിളിപ്പേരുള്ള ലഷ്കര്‍ ഇ ത്വയ്ബ 1990കളില്‍ അഫ്ഗാനിസ്ഥാനിലാണ് ഉദയംകൊണ്ടത്. 1993ല്‍ സംഘടന അതിര്‍ത്തികടന്ന് സാന്നിധ്യം വര്‍ധിപ്പിച്ചു. പാക് ഇസ്ലാമിക സംഘടനയായ മർകസ്-അദ്-ദവാ-വൽ-ഇർഷാദാണ് ലഷ്കറെ ത്വയ്ബയ്ക്ക് ഫണ്ട് ചെയ്യുന്നത്. കശ്മീരിനുമേലുള്ള ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന സംഘടന, ഏഷ്യയിലെ എല്ലാ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളും ഒന്നിക്കണമെന്നും, ഇന്ത്യയില്‍ ഇസ്ലാമിക ഭരണം വരണമെന്നുമൊക്കെയാണ് ആഗ്രഹിക്കുന്നത്. സംഘടനാ തലവന്‍ ഹാഫിസ് മുഹമ്മദ് സയീദാണ് മുരിദ്‌കെയിൽ ആസ്ഥാനം സ്ഥാപിച്ചത്. മുസാഫറാബാദ്, ലാഹോർ, പെഷവാർ, ഇസ്ലാമാബാദ്, റാവൽപിണ്ടി, കറാച്ചി, മുൾട്ടാൻ, ക്വറ്റ, ഗുജ്‌റൻവാല, സിയാൽകോട്ട് എന്നിവിടങ്ങളിലും ലഷ്‌കർ താവളങ്ങളുണ്ട്. പാകിസ്ഥാനിലുടനീളം നിരവധി ഇസ്ലാമിക സ്ഥാപനങ്ങളും സ്കൂളുകൾ, ക്ലിനിക്കുകൾ, സെമിനാരികൾ എന്നിവയും നടത്തുന്നുണ്ട്.

ഇന്ത്യ, യുഎസ്, ഇസ്രായേൽ രാജ്യങ്ങളാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍. പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും കൂടാതെ, സുഡാൻ, ബഹ്‌റൈൻ, തുർക്കി, ലിബിയ എന്നിവിടങ്ങളിൽ നിന്നും ലഷ്കര്‍ കേഡറുകളെ റിക്രൂട്ട് ചെയ്യാറുണ്ട്. ജമ്മു കശ്മീരില്‍ഏഴൂന്നൂറിലധികം കേഡറുകളുള്ള സംഘടനയ്ക്ക് ചെച്നി, മധ്യേഷ്യ എന്നിവിടങ്ങളിലും സജീവ സാന്നിധ്യമുണ്ട്. അല്‍ ഖ്വയ്ദ പോലുള്ള ഭീകര സംഘടനകളുമായി ലഷ്കറെ ത്വയ്ബ സജീവ ബന്ധവും പുലര്‍ത്തുന്നുണ്ട്. 2002ലെ അക്ഷര്‍ധാം ആക്രമണം, 2006ലെ മുംബൈ ട്രെയിന്‍ ആക്രമണം, 2008ലെ സെപ്റ്റംബര്‍ 11 ആക്രമണം, വാരണാസി, ബെംഗളൂരു, ന്യൂഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ സ്‌ഫോടന പരമ്പരകൾ, സുരക്ഷാ താവളങ്ങൾക്ക് നേരെ നടന്ന നിരവധി ചാവേർ ആക്രമണങ്ങൾ എന്നിങ്ങനെ മാരക ആക്രമങ്ങള്‍ക്കെല്ലാം പിന്നില്‍ ലഷ്കര്‍ ഇ ത്വയ്ബ ആയിരുന്നു. 1999നുശേഷമാണ് ഫിയാദീന്‍ എന്ന ചാവേര്‍ ആക്രമണത്തിന് തുടക്കമിടുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷം ധരിച്ചെത്തി, സേനയുടെ താവളങ്ങള്‍ ആക്രമിക്കുകയും, ജമ്മു കശ്മീരില്‍ മുസ്ലീങ്ങളല്ലാത്തവരെ വളഞ്ഞിട്ട് കൊലപ്പെടുത്തുന്ന സംഭവങ്ങളുമൊക്കെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയും യുഎസും ഉള്‍പ്പെടെ ലഷ്കറെ ത്വയ്ബയെ നിയമവിരുദ്ധ സംഘടനയായും, ഭീകരസംഘടനയായും പ്രഖ്യാപിച്ചിട്ടുണ്ട്. നിരന്തര വിമര്‍ശനങ്ങളെയും, ആരോപണങ്ങള്‍ക്കും അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്കുമൊടുവില്‍ 2002ല്‍ പാക് സര്‍ക്കാര്‍ സംഘടനയെ നിരോധിച്ചു. എന്നിട്ടും പാക് മണ്ണില്‍ നിന്നുകൊണ്ട് അവര്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ മുരിദ്കെയിലെ ലഷ്‌കറിന്റെ താവളങ്ങള്‍ കൂടി ഇന്ത്യ തകര്‍ത്തെറിഞ്ഞു. 2008 മുംബൈ ആക്രമണത്തിനായി അജ്മൽ കസബ്, ഡേവിഡ് ഹെഡ്‌ലി തുടങ്ങിയ തീവ്രവാദികളെ പരിശീലിപ്പിച്ചത് ഈ കേന്ദ്രങ്ങളിലായിരുന്നു.

ജെയ്ഷെ മുഹമ്മദ്
1999ൽ നേപ്പാളിലെ കാഠ്‌മണ്ഡുവില്‍നിന്ന് ഡല്‍ഹിയിലേക്ക് പറന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് തട്ടിയെടുത്തത് ഹർക്കത്ത് ഉൽ മുജാഹിദീന്‍ എന്ന ഭീകര സംഘടനയായിരുന്നു. സംഘടനാ സ്ഥാപകൻ മൗലാന മസൂദ് അസ്ഹർ, കശ്മീരിൽ വിദേശ പൗരന്മാരെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായ മസൂദ് അസ്ഹറിൻ്റെ അനുയായിയും ബ്രിട്ടീഷ് പൗരനുമായ അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്, തീവ്രവാദ സംഘടനയായ അൽ ഉമർ മുജായ്ദീൻ മുഖ്യ കമാൻഡർ മുഷ്താഖ് അഹമ്മദ് സർഗർ എന്നിവരെ മോചിപ്പിക്കണമെന്നായിരുന്നു ഭീകരരുടെ ആവശ്യം മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഹറിന്റെ നേതൃത്വത്തിലായിരുന്നു വിമാനം റാഞ്ചല്‍. ദൗത്യശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ, ഇന്ത്യക്ക് ഭീകരരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടിവന്നു. മോചിതനായ ശേഷം, 2000ല്‍ ബഹാവൽപൂരില്‍വച്ച് മൗലാന മസൂദ് അസ്ഹറാണ് ജയ്ഷെ മുഹമ്മദ് (ജെഎം) എന്ന സംഘടനയ്ക്ക് തുടക്കമിട്ടത്. കശ്മീരിന്റെ വിമോചനമാണ് ജെയ്‌ഷെ മുഹമ്മദിന്റെ ആത്യന്തിക ലക്ഷ്യം. 2001ലെ പാർലമെന്റ് ആക്രമണം, 2016ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണം, 2019ലെ പുൽവാമ ആക്രമണം തുടങ്ങിയ ഇന്ത്യയിലെ ഭീകരാക്രമണങ്ങളുടെ ഉത്തരവാദികള്‍ ജെയ്‌ഷെ മുഹമ്മദാണ്. ഐ‌എസ്‌ഐയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ധനസഹായവുമുണ്ട്. 2001ലെ പാർലമെന്റ് ആക്രമണത്തിനു പിന്നാലെ മസൂദ് അസ്ഹർ അറസ്റ്റിലായെങ്കിലും 2002ൽ ലാഹോർ ഹൈക്കോടതിയുടെ മൂന്നംഗ റിവ്യൂ ബോർഡിന്റെ ഉത്തരവനുസരിച്ച് വിട്ടയക്കപ്പെട്ടു. അതിനുശേഷം മസൂദ് അസ്ഹര്‍ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു പാക് വാദം. എന്നാല്‍ 2024 ഡിസംബറിൽ പുറത്തുവന്നൊരു പ്രസംഗം, മസൂദ് അസ്ഹര്‍ ബഹവൽപൂരിൽ തന്നെയുണ്ടെന്ന് അടിവരയിടുന്നതായിരുന്നു. മെയ് 7ന്, ഓപ്പറേഷന്‍ സിന്ദൂറില്‍ ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു. നിരവധി കുടുംബാംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി മസൂദ് അസ്ഹര്‍ അറിയിച്ചിരുന്നു. സഹോദരന്‍ അബ്ദുള്‍ റൗഫും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

'തീവ്രവാദ സംഘടനകള്‍' എന്ന് വിശേഷിപ്പിക്കാവുന്ന 12 ഗ്രൂപ്പുകളെങ്കിലും പാകിസ്ഥാനിലുണ്ടെന്നാണ് നാല് വര്‍ഷം മുന്‍പ് യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അവയില്‍ അഞ്ചെണ്ണം ഇന്ത്യയെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സായുധ, രാജ്യാന്തര തീവ്രവാദ ഗ്രൂപ്പുകളുടെ താവളമാണ് പാകിസ്ഥാന്‍. ആഗോള ഭീകര സംഘടനകള്‍, അഫ്ഗാനിസ്ഥാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവര്‍, കശ്മീരിനെയും ഇന്ത്യയെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവര്‍, പ്രാദേശിക ഭീകര ഗ്രൂപ്പുകള്‍, ഷിയ വിരുദ്ധ സംഘങ്ങള്‍ എന്നിങ്ങനെ അഞ്ച് തരത്തിലാണ് ഇവയുടെ പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ (എക്യുഐഎസ്), ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്‍ പ്രൊവിന്‍സ് (ഐഎസ്‌കെപി/ ഐഎസ്-കെ); അഫ്ഗാന്‍ താലിബാന്‍, ഹഖാനി നെറ്റ്‌വര്‍ക്ക്, തെഹ്രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) തുടങ്ങി പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ടിആര്‍എഫ് വരെ നീളുന്നു തീവ്രവാദ സംഘങ്ങള്‍. ഹിസ്ബുൾ മുജാഹിദീൻ, ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവയുടെ സഹായത്തോടെയും, സഹകരണത്തോടെയുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യാ വിരുദ്ധത ഊര്‍ജമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ക്ക് പാക് ഭരണകൂടവും സൈന്യവും ഐഎസ്ഐയും നല്‍കുന്ന പിന്തുണയും സാമ്പത്തിക സഹായവും ചെറുതല്ല. ഭീകര സംഘടനകൾക്ക് പരിശീലനവും ഫണ്ടിങ്ങും പിന്തുണയും നൽകുന്ന നീണ്ട ചരിത്രം പാകിസ്ഥാനുണ്ടെന്ന കാര്യം സമ്മതിക്കുമോ? എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് നല്‍കിയ മറുപടി ശ്രദ്ധേയമാണ്. മൂന്ന് പതിറ്റാണ്ടായി ഈ വൃത്തികെട്ട ജോലി ഞങ്ങള്‍ ചെയ്യുന്നു. യുഎസിനു വേണ്ടിയും ചെയ്തിട്ടുണ്ട്. അതെല്ലാം തെറ്റായിപ്പോയി. ഒരു പാട് അനുഭവിച്ചു -എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്രയൊക്കെ അനുഭവിച്ചിട്ടും മാറാന്‍ പാകിസ്ഥാന്‍ തയ്യാറുണ്ടോ? എന്നത് മാത്രമാണ് അവശേഷിക്കുന്ന ഏക ചോദ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com