'അടുത്ത തെരഞ്ഞെടുപ്പിലും പിണറായി തന്നെ നയിക്കും'; സംഘടനാപരമായി പാർട്ടിയെ സജീവമാക്കുമെന്ന് എം.എ. ബേബി

ഏകകണ്ഠമായാണ് എം.എ.ബേബിയെ ജനറൽ സെക്രട്ടറിയായി സിപിഐഎം പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്തത്
'അടുത്ത തെരഞ്ഞെടുപ്പിലും പിണറായി തന്നെ നയിക്കും'; സംഘടനാപരമായി പാർട്ടിയെ സജീവമാക്കുമെന്ന് എം.എ. ബേബി
Published on

സംഘടനാപരമായി പാർട്ടിയെ സജീവമാക്കുമെന്ന് പുതിയ സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. നവ ഫാസിസ്റ്റ് സംഘപരിവാർ ശക്തികൾക്കെതിരെ മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ പോരാട്ടം തുടരുമെന്നും ബേബി പ്രഖ്യാപിച്ചു. ഏകകണ്ഠമായാണ് എം.എ. ബേബിയെ ജനറൽ സെക്രട്ടറിയായി സിപിഐഎം പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്തത്.


രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളാണ് പാർട്ടിയുടെയും മുന്നിലുള്ള വെല്ലുവിളികളെന്ന് എം.എ. ബേബി പറഞ്ഞു. സംഘടനാപരമായ ഒരു പുനരുജ്ജീവനത്തിലേക്കും പുനർ ശാക്തീകരണത്തിലേക്കും പോകേണ്ടതുണ്ട് എന്നാണ് പാർട്ടി കോൺ​ഗ്രസിന്റെ സംഘടനാപരമായ കാര്യങ്ങളിലെ അഭിപ്രായം. അതിനായി പ്രവർത്തിക്കാനാണ് പാർട്ടി കോൺ​ഗ്രസിലെ തീരുമാനമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.



കേന്ദ്ര കമ്മിറ്റിയിലേക്ക് നടന്ന വോട്ടെടുപ്പിനെപ്പറ്റിയും എം.എ. ബേബി പ്രതികരിച്ചു. വോട്ടെടുപ്പിനുള്ള ജനാധിപത്യ അവകാശം അം​ഗീകരിച്ചു കൊടുത്തു. മറ്റ് യാതൊരു വിഷയവും ഉണ്ടായിട്ടില്ല. കേന്ദ്ര കമ്മിറ്റി പാനൽ പൂർണമായിട്ട് അം​ഗീകരിക്കുകയായിരുന്നു. മത്സരിച്ച ഡി.എല്‍. കാരാട് 31 വോട്ടുണ്ടായിരുന്നുവെന്നും ബേബി അറിയിച്ചു. പി.കെ. ശ്രീമതിക്ക് പ്രായ പരിധിയിൽ ഇളവ് നൽകി കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തിയതിലും ജനറൽ സെക്രട്ടറി പ്രതികരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റാണ് പി.കെ. ശ്രീമതി. ആ ഉത്തരവാദിത്തത്തിൽ ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്നതിന് കേന്ദ്ര കമ്മിറ്റി അം​ഗമെന്ന പാർട്ടിയുടെ അം​ഗീകാരം സഹായകമാകുമെന്ന് ബേബി പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ സിപിഐഎമ്മിന്റെ ഇടപെടൽ ശേഷി വർധിപ്പിക്കാൻ പാർട്ടി കോൺ​ഗ്രസിന്റെ തീരുമാനങ്ങളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എ. ബേബി പറഞ്ഞു. ദേശീയ തലത്തിലെ സഖ്യങ്ങളിൽ മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ കോ- ഓ‍ഡിനേറ്റർ പ്രകാശ് കാരാട്ടും സ്വീകരിച്ച സമീപനത്തിൽ നിന്നും വ്യത്യാസമുണ്ടാകില്ല. നവഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്ന ബിജെപിക്കും സംഘപരിവാറിനും എതിരെ വിശാലമായ രാഷ്ട്രീയ യോജിപ്പ് വളർത്തിയെടുക്കും. രാഷ്ട്രീയ യോജിപ്പ് ഓരോ സംസ്ഥാനത്തെയും പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാകുമെന്നും ബേബി വ്യക്തമാക്കി. ഇന്ത്യാ സഖ്യത്തിലെ ആം ആദ്മി, കോൺ​ഗ്രസ്, തൃണമൂൽ കോൺ​ഗ്രസ് എന്നീ പാർട്ടികൾ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ സ്വീകരിച്ച സമീപനം ഉദാഹരിച്ചായിരുന്നു പ്രസ്താവന.

കേരളത്തിലെ അടുത്ത തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായ പ്രചരണത്തിലും സംഘടനാ കാര്യത്തിലും പിണറായി തന്നെ നയിക്കുമെന്നും ബേബി അറിയിച്ചു. തുടർ ഭരണത്തിന് ഒരു തുടർഭരണം കിട്ടിയാൽ ആരാകും മുഖ്യമന്ത്രി എന്ന ഇപ്പോൾ എന്തിനാണ് ഉദ്വേ​ഗത്തോടെ ചർച്ച ചെയ്യുന്നത്? തുടർ ഭരണം നേടിയെടുക്കാൻ വേണ്ടി പാർട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നടത്തേണ്ട പ്രവർത്തനങ്ങൾ നടത്തിയാൽ തുടർ ഭരണം കിട്ടും. അത്തരത്തിൽ തുടർ ഭരണം കിട്ടാനുള്ള പ്രവർത്തനങ്ങൾ നടത്താനാണ് പാർട്ടി കോൺ​ഗ്രസ് തീരുമാനിച്ചിട്ടുള്ളതെന്നും എം.എ. ബേബി കൂട്ടിച്ചേർ‌ത്തു.

സിപിഐഎമ്മിന്‍റെ പുതിയ കേന്ദ്ര കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ജനറൽ സെക്രട്ടറിയെയും 18 അംഗ പൊളിറ്റ് ബ്യൂറോയേയും തെരഞ്ഞെടുത്തത്. 85 അംഗ കേന്ദ്ര കമ്മിറ്റിയാണുള്ളത്. അതിൽ 84 പേരെ തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തവരിൽ ഇക്കുറി 30 പുതുമുഖങ്ങളുണ്ട്. പട്ടികയിൽ ഇടം പിടിച്ച പുതുമുഖങ്ങളിൽ മൂന്ന് പേർ മലയാളികളാണ്. ടി. പി. രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ. എസ്. സലീഖ (ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി) എന്നിവരാണ് പുതിയതായി പട്ടികയിലിടം നേടിയ  മലയാളികൾ. കൂടാതെ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് സ്ഥിരം ക്ഷണിതാവാകും.  

Related Stories

No stories found.
News Malayalam 24x7
newsmalayalam.com