
യുഎസുമായുള്ള ദ്വികക്ഷി ബന്ധത്തിന് പുതിയ സൂത്രവാക്യം അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിന്റെ മാഗ (MAGA -മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍), മോദി സര്‍ക്കാരിന്റെ വികസിത ഇന്ത്യ എന്ന മിഗ (MIGA -മെയ്ക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന്‍) പ്രചാരണവാക്യങ്ങള്‍ ചേര്‍ത്ത് മെഗ (MEGA) എന്ന സൂത്രവാക്യമാണ് മോദി അവതരിപ്പിച്ചത്. യുഎസ് സന്ദര്‍ശനത്തിനിടെ, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന് പുതിയ സൂത്രവാക്യം മോദി പ്രഖ്യാപിച്ചത്.
പ്രസിഡന്റ് ട്രംപിന്റെ മാഗ (അമേരിക്കയെ വീണ്ടും മഹത്തരമാക്കുക) മുദ്രാവാക്യം അമേരിക്കന്‍ ജനതയ്ക്ക് സുപചരിതമാണ്. വികസിത് ഭാരത് 2047 എന്ന വികസന ലക്ഷ്യത്തിലേക്കാണ് ഇന്ത്യന്‍ ജനത നീങ്ങുന്നത്. അമേരിക്കയുടെ ഭാഷയിൽ പറഞ്ഞാൽ, വികസിത ഇന്ത്യ എന്നാൽ മിഗ (ഇന്ത്യയെ വീണ്ടും മഹത്തരമാക്കുക) എന്നാണ്. യുഎസും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അത് MAGAയും MIGAയും ചേര്‍ന്ന് MEGA പങ്കാളിത്തമായി രൂപപ്പെടുന്നു. അഭിവൃദ്ധിയിലേക്കുള്ള പുതിയ പങ്കാളിത്തമാണത്. അത് ദ്വികക്ഷി ബന്ധത്തിന് പുതിയ മാനവും വ്യാപ്തിയും നല്‍കുന്നതായും മോദി പ്രസ്താവിച്ചു.
2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറായി ഇരട്ടിയാക്കുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്ന് മോദിയും ട്രംപും പറഞ്ഞു. ഇരുപക്ഷത്തിനും പ്രയോജനകരമായ വ്യാപാര കരാർ എത്രയും വേഗത്തില്‍ അന്തിമമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഊർജ സുരക്ഷ ഉറപ്പാക്കാൻ എണ്ണ-പ്രകൃതി വാതക വ്യാപാരം ശക്തിപ്പെടുത്തും. ഊര്‍ജ അടിസ്ഥാന സൗകര്യമേഖലകളിലെ നിക്ഷേപം വർധിക്കും. ആണവോർജ മേഖലയിൽ, ചെറുകിട മോഡുലാർ റിയാക്ടറുകളുടെ ദിശയിലുള്ള സഹകരണം വര്‍ധിപ്പിക്കുന്ന കാര്യവും ട്രംപും മോദിയും ചര്‍ച്ച ചെയ്തു.
പ്രതിരോധമേഖലയില്‍ ഇരു രാജ്യങ്ങളും തുടരുന്ന പങ്കാളിത്തം ശക്തമാക്കും. തന്ത്രപരവും വിശ്വസനീയവുമായ പങ്കാളികൾ എന്ന നിലയിൽ, സംയുക്ത വികസനം, സംയുക്ത ഉൽപ്പാദനം, സാങ്കേതികവിദ്യ കൈമാറ്റം എന്നീ ദിശകളിലേക്കുകൂടി സജീവ പങ്കാളിത്തം വ്യാപിപ്പിക്കും. അടുത്ത ദശകത്തിലേക്കുള്ള പ്രതിരോധ സഹകരണ ചട്ടക്കൂട് സൃഷ്ടിക്കും. സാങ്കേതിക മേഖലയിലെ അടുത്ത സഹകരണം മനുഷ്യരാശിക്ക് മുഴുവനും പുതിയ ദിശയും ശക്തിയും അവസരങ്ങളും നൽകും. നിർമിത ബുദ്ധി, സെമികണ്ടക്ടറുകൾ, ക്വാണ്ടം, ബയോടെക്നോളജി, മറ്റ് സാങ്കേതികവിദ്യകൾ എന്നിവയിൽ ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഇരുനേതാക്കളും വ്യക്തമാക്കി. ട്രംപിൻ്റെ രണ്ടാമൂഴത്തിൽ വൈറ്റ് ഹൗസിലെത്തുന്ന നാലാമത്തെ ലോകനേതാവാണ് പ്രധാനമന്ത്രി മോദി.