വിദ്യാ ബാലൻ നായികയായ ഷേർണി എന്ന ഹിന്ദി സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു നടൻ അപമര്യാദയായി പെരുമാറിയതെന്നാണ് ആരോപണം.
2020ലെ ലൈംഗികാതിക്രമ കേസിൽ പ്രതിയായ ബോളിവുഡ് നടൻ വിജയ് റാസിന് ആശ്വാസം. വനിതാ അസിസ്റ്റൻ്റ് മാനേജർ നൽകിയ പരാതിയിൽ വ്യക്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ഗോണ്ട്യയിലെ വിചാരണ കോടതിയാണ് നടൻ കുറ്റക്കാരനല്ലെന്ന് വിധിച്ചത്. സിനിമാ സെറ്റിൽ വെച്ച് ലൈംഗിക ഉദ്ദേശ്യത്തോട് കൂടി പരാതിക്കാരിയുടെ പിന്നാലെ നടന്ന് ബുദ്ധിമുട്ടിച്ചെന്നായിരുന്നു കേസ്. വിദ്യാ ബാലൻ നായികയായ 'ഷേർണി' എന്ന ഹിന്ദി സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു നടൻ അപമര്യാദയായി പെരുമാറിയതെന്നാണ് ആരോപണം.
വനിതാ അസിസ്റ്റൻ്റ് മാനേജറുടെ പരാതിയിൽ രാംനഗർ പൊലീസാണ് 2020ൽ വിജയ് റാസിനെതിരെ കേസെടുത്തത്. ഗോണ്ട്യയിലും ബലാഘട്ടിലും സിനിമാ ചിത്രീകരണത്തിനിടെ ലൈംഗിക ഉദ്ദേശ്യത്തോടെ പലതവണ നടൻ ദേഹത്ത് സ്പർശിച്ചെന്നാണ് പരാതി. കേസ് പരിഗണിച്ച അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മതിയായ തെളിവുകളും സംശയാസ്പദമായ സാഹചര്യത്തെളിവുകളും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്.
നടൻ്റെ ഭാഗത്തുനിന്ന് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമമോ പിന്തുടർന്ന് അപമാനിക്കുകയോ ചെയ്യുന്ന സാഹചര്യമില്ലായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്. ലിഫ്റ്റിൽ വെച്ചും ലൊക്കേഷനിൽ വെച്ച് തോളത്തും മുടിയിലും ലൈംഗികോദ്ദേശ്യത്തോടെ സ്പർശിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. നടനുമായി ഒരു തരത്തിലുമുള്ള ബന്ധത്തിനും താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടും പിന്തുടർന്ന് ഉപദ്രവിച്ചെന്നാണ് പരാതി.