വിഭജനമെന്ന ദുരന്തത്തെ കുറിച്ചും സിനിമ പറയുന്നുണ്ട്. ആരെയും കുറ്റപ്പെടുത്താനല്ല ഞങ്ങള്‍ ശ്രമിക്കുന്നത്, അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെയാണ് ഇത് കൈകാര്യം ചെയ്തിരിക്കുന്നത് : വിവേക് അഗ്നിഹോത്രി
അമേരിക്കയ്ക്കും അവിടുത്തെ ജനതയ്ക്കും കശ്മീരിനെ കുറിച്ചും ഇന്ത്യ-പാക് സംഘര്‍ഷത്തെ കുറിച്ചും ഒരു ധാരണയുമില്ലെന്ന് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് സംസാരിച്ചത്. 'ദ കശ്മീര്‍ ഫയല്‍സ്' എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 നിരപരാധികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പാശ്ചാത്യര്‍ കശ്മീരിനെ കുറിച്ച് അറിയാന്‍ തുടങ്ങിയതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
"ലോകത്ത് ആരും ഹോളോകോസ്റ്റിനെതിരെ ഒരു വാക്ക് പോലും പറയാന്‍ ധൈര്യപ്പെടാത്തത് ഹോളിവുഡ് അതിനെ കുറിച്ച് ഒരുപാട് സിനിമകള്‍ നിര്‍മിച്ചതുകൊണ്ടാണ്. അതുപോലെ നമ്മളും കശ്മീരിനെ കുറിച്ച് കൂടുതല്‍ സിനിമകള്‍ നിര്‍മിക്കുകയും ലോകത്തെ നേരിടാനും നമ്മുടെ സന്ദേശം കൈമാറാനും അതിനെ സോഫ്റ്റ് പവറായി ഉപയോഗിക്കുകയും വേണം", അഗ്നിഹോത്രി അഭിപ്രായപ്പെട്ടു.
"ഇന്ത്യയില്‍ നമ്മള്‍ കശ്മീരിനെ കുറിച്ച് ചര്‍ച്ചകള്‍ ചെയ്യുന്നു. അതുകൊണ്ടാണ് പാകിസ്ഥാനുമായുള്ള ഈ സംഘര്‍ഷത്തില്‍ പെട്ടന്ന് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ കശ്മീരിനെ കുറിച്ച് ചോദ്യം ഉന്നയിച്ചത്. ഞാന്‍ യു.എസില്‍ നിന്ന് തിരിച്ചെത്തിയതെയുള്ളു. ഈ മേഖലയെ കുറിച്ചോ അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ചോ അവര്‍ക്ക് ഒരു ധാരണയും ഇല്ലെന്ന് എനിക്കറിയാം", വിവേക് വ്യക്തമാക്കി.
"കശ്മീരിനെ മാനവികത, പരിഗണന, സ്‌നേഹം എന്നിവയോടുകൂടിയാണ് ചിത്രീകരിക്കേണ്ടത്. അവരുടെ വേദന നിങ്ങള്‍ മനസിലാക്കിയില്ലെങ്കില്‍ അത് സാധ്യമാകില്ല. കശ്മീരിനെക്കുറിച്ച് സിനിമ നിര്‍മിക്കുന്ന ഏവരും അവിടുത്തെ ഇരകളുമായി നേരിട്ട് സംസാരിക്കണം. കശ്മീര്‍ മാത്രമല്ല, ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തും പ്രദേശത്തും സമൂഹത്തിലും വേദന അനുഭവപ്പെട്ട ഇടങ്ങളെ സത്യസന്ധമായും ധൈര്യത്തോടെയും കൂടുതല്‍ ശക്തിയോടെ ചിത്രീകരിക്കണം", എന്നും അദ്ദേഹം പറഞ്ഞു.
അഗ്നിഹോത്രി തന്റെ അടുത്ത ചിത്രത്തെ കുറിച്ചും അഭിമുഖത്തില്‍ സംസാരിച്ചു. പശ്ചിമ ബംഗാളിന്റെ ചരിത്രവും രാഷ്ട്രീയവും പറയുന്ന സിനിമയാണ് അദ്ദേഹം ഇനി ചെയ്യാന്‍ പോകുന്നത്. "ബംഗാള്‍ മറ്റൊരും കശ്മീര്‍ ആയിക്കൊണ്ടിരിക്കുകയാണ്", സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടി അഗ്നിഹോത്രി പറഞ്ഞു.
ALSO READ : മമിത ഇനി സൂര്യക്കൊപ്പം; വെങ്കി അറ്റ്‌ലൂരി ചിത്രത്തില്‍ നായികയോ?
"എന്റെ അടുത്ത ചിത്രം ബംഗാളിനെ കുറിച്ചാണ്. ദ ബംഗാള്‍ ഫയല്‍സ് എന്നായിരിക്കും ചിത്രത്തിന്റെ പേര്. ഇതുവരെ അത് തീരുമാനിച്ചിട്ടില്ല. വിഭജനമെന്ന ദുരന്തത്തെ കുറിച്ചും സിനിമ പറയുന്നുണ്ട്. ആരെയും കുറ്റപ്പെടുത്താനല്ല ഞങ്ങള്‍ ശ്രമിക്കുന്നത്, അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെയാണ് ഇത് കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു സ്ഥലത്ത് മനുഷ്യത്വം ഇല്ലാതാകുമ്പോള്‍ എന്ത് സംഭവിക്കുമെന്നാണ് കാണിക്കാന്‍ ഉദ്ദേശിച്ചത്", എന്നാണ് സംവിധായകന്‍ പറഞ്ഞത്.
"30-35 വര്‍ഷങ്ങള്‍ക്ക് ശേഷം, ഏതെങ്കിലും വിവേക് അഗ്നികോത്രി വന്ന് കശ്മീരിനെ കുറിച്ച് ഒരു സിനിമ നിര്‍മിച്ചാല്‍ ആളുകള്‍ അതിനെ പ്രൊപ്പഗാണ്ട എന്ന് വിളിക്കും. എല്ലാവരും ദ കശ്മീര്‍ ഫയല്‍സിനെ പ്രൊപ്പഗാണ്ടയെന്ന് വിളിച്ചു. എന്നെ എല്ലാവരും ആക്രമിച്ചു. പക്ഷെ ബംഗാളില്‍ എന്താണ് സംഭവിച്ചത്. അത് എല്ലാവരും കണ്ടില്ലേ?", അഗ്നിഹോത്രി കൂട്ടിച്ചേര്‍ത്തു.
"ബംഗാള്‍ മറ്റൊരു കശ്മീര്‍ ആയിരിക്കുകയാണ്. എന്റെ സിനിമ വരുമ്പോള്‍ ഇനിയും ആളുകള്‍ ആക്രമിക്കുമെന്ന് എനിക്ക് അറിയാം. പക്ഷെ ഞാന്‍ ശരിയാണെന്ന് തെളിയിക്കപ്പെടും കാരണം ഞാന്‍ സിനിമയുണ്ടാക്കുന്നത് അത് സിനിമയായതുകൊണ്ട് മാത്രമല്ല. എന്നെ സംബന്ധിച്ച് അത് എന്റെ ജീവിതത്തിന്റെ ദൗത്യമാണ്"; അദ്ദേഹം പറഞ്ഞു.
വിവേക് അഗ്നിഹോത്രിയുടെ സിനിമകള്‍ എപ്പോഴും പക്ഷാപാതപരമാണെന്നും ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരാറുണ്ട്. "ഞാന്‍ വ്യക്തിപരമായി വിവിധ പ്രദേശത്തുള്ള ആളുകളുമായി സംസാരിക്കുകയും അവരെ മനസിലാക്കുകയും നിരവധി പുസ്തകങ്ങള്‍ വായിക്കുകയും എല്ലാ കാഴ്ച്ചപാടുകളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. പിന്നെ ഞാന്‍ സിനിമ വികാരപൂര്‍ണമായാണ് അവതരിപ്പിക്കുന്നത് എന്ന് മാത്രം. അത് പ്രേക്ഷകര്‍ അനുഭവിക്കേണ്ടതാണ്. ആളുകള്‍ക്ക് സമുദായപരമായ കലാപങ്ങളുടെ ഇരകളുടെ വേദനയും ദുരിതവും അനുഭവിക്കാത്തിടത്തോളം ആളുകള്‍ക്ക് ആ വിഷയം എത്ര ഗുരുതരമാണെന്ന് മനസിലാകുകയോ അതേ കുറിച്ച് ഗൗരവമായി ചിന്തിക്കുകയോ ചെയ്യുകയില്ല", അഗ്നിഹോത്രി വ്യക്തമാക്കി.
വിവേക് അഗ്നിഹോത്രിയുടെ 'ദ കശ്മീര്‍ ഫയല്‍സ്' ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. അനുപം ഖേര്‍, മിധുന്‍ ചക്രബര്‍ത്തി, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമായിരുന്നു.