സംഭവത്തിനു ശേഷം മൈസൂരിലേക്ക് പോയ പ്രതികൾ തിരിച്ച് നാട്ടിലേക്ക് മടങ്ങവേ ബസിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്
വയനാട്ടിൽ ആദിവാസി യുവാവിനെ ക്രൂരമായി കാറിൽ വലിച്ചിഴച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയാണ് മുഹമ്മദ് അർഷിദ്. സംഭവത്തിനു ശേഷം മൈസൂരിലേക്ക് പോയ പ്രതികൾ തിരിച്ച് നാട്ടിലേക്ക് മടങ്ങവേ ബസിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. പ്രതികളെ മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വരും. മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. മുഹമ്മദ് അർഷിദ്, അഭിരാം എന്നിവരെ കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് വിധേയരാക്കും.
കേസിലെ നാലു പ്രതികളെയും പൊലീസ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. മുഹമ്മദ് അർഷിദ്, അഭിരാം എന്നിവരെ കൂടാതെ പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് മറ്റു പ്രതികൾ. ഇവർ സഞ്ചരിച്ച KL 52 H 8733 എന്ന നമ്പറിലുള്ള കാർ കഴിഞ്ഞദിവസം തന്നെ കണിയാമ്പറ്റയിലെ ബന്ധു വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റിപ്പുറം സ്വദേശിയാണ് കാറിൻ്റെ ആര്‍സി ഉടമയെന്ന് രേഖകളില്‍ നിന്നും വ്യക്തമായെങ്കിലും കാർ നേരത്തേ വിറ്റതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്നുള്ള അന്വേഷണത്തിൽ കണിയാമ്പറ്റ സ്വദേശിയായ അർഷിദും മൂന്ന് സുഹൃത്തുക്കളുമാണ് കാറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കുളിക്കാൻ എന്ന് പറഞ്ഞ് വണ്ടിയെടുത്ത് പോവുകയായിരുന്നുവെന്നാണ് കാറിൻ്റെ നിലവിലെ ഉടമയായ ബന്ധു പൊലീസിന് നൽകിയ മൊഴി.
കൂടൽക്കടവ് ചെമ്മാട് ഉന്നതിയിലെ മാതനാണ് ക്രൂരപീഡനത്തിന് ഇരയായത്. പയ്യമ്പള്ളി കൂടൽക്കടവ് ചെക്ക്ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കം. അക്രമിസംഘം സഞ്ചരിച്ച കാർ കൂടൽക്കടവിലെ ഒരു കടയുടെ മുന്നിൽ നിർത്തി അസഭ്യം പറഞ്ഞുവെന്ന് നാട്ടുകാർ പറയുന്നു. ശേഷം പിന്നിൽ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരുമായി ഇവർ തർക്കമായി. രണ്ടാമത്തെ കാറിലുണ്ടായിരുന്ന യുവാവിനെ കരിങ്കല്ലുമായി ആക്രമിക്കാൻ ശ്രമിച്ചത് തടയാനെത്തിയ മാതനു നേരെ അക്രമിസംഘം തിരിയുകയായിരുന്നു. കാറിനുള്ളിൽ നിന്ന് കൈയ്യിൽ പിടിച്ച് യുവാവിനെ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. അര കിലോമീറ്ററിലേറെയാണ് മാതനെ കാറിൽ ടാർ റോഡിലൂടെ സംഘം വലിച്ചിഴച്ചത്. ഇരു കാലുകൾക്കും തുടകൾക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ മാതൻ ഇപ്പോൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പ്രദേശത്ത് ഗോത്ര സംഘടനകളുടെ അടക്കം വലിയ പ്രതിഷേധം ഉയരുകയാണ്. നിലവിൽ വധശ്രമത്തിന് കേസെടുത്ത സംഭവത്തിൽ മാനന്തവാടി സിഐ സുനിൽ ഗോപിക്കാണ് അന്വേഷണ ചുമതല. ക്രൂരവും, മനുഷ്യത്വരഹിതവുമായ സംഭവം പരിഷ്കൃത സമൂഹത്തെ ലജ്ജിപ്പിക്കുന്നതെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഒ.ആർ. കേളു വയനാട് ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാതന് ആവശ്യമായ വിദഗ്ധ ചികിൽസ നൽകാൻ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്കും മന്ത്രി നിർദേശം നൽകി. കൂടൽക്കടവ് ചെക്ക് ഡാം പ്രദേശത്തെ വിനോദസഞ്ചാരം നിയന്ത്രിക്കണമെന്ന് നാട്ടുകാരുടെ നിരന്തരമായ ആവശ്യം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. ഇവിടെ പൊലീസിന്റെ പരിശോധന വേണം, ജീവൻ രക്ഷാപ്രവർത്തകരെ നിയോഗിക്കണം എന്നീ ആവശ്യങ്ങളും നടപ്പാക്കിയിട്ടില്ല.