ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലുമാകും ഇരു സഭകളിലും അവതരിപ്പിക്കുക.
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭയിൽ അവതരിപ്പിക്കും. ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലുമാകും ഇരു സഭകളിലും അവതരിപ്പിക്കുക. പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയർത്തുമെന്നുറപ്പാണ്. ബിൽ ഇന്നലെ അവതരിപ്പിക്കാനായിരുന്നു കേന്ദ്രത്തിൻ്റെ നീക്കമെങ്കിലും പിന്നീട് മാറ്റിവെച്ചിരുന്നു. എംപിമാർക്ക് ബിജെപി വിപ്പ് നൽകിയിരുന്നു.
ബില്ലിൻ്റെ പകർപ്പുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. 8 പേജുള്ള ബില്ലാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. ആകെ 17 ഭേദഗതികളാണ് നിശ്ചയിച്ചിരിക്കുന്നത്. ഏതെങ്കിലും നിയമസഭയിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ടാകും.
ബില്‍ പാസാകാന്‍ കടമ്പകള്‍ ഏറെയാണ്. ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ സംഖ്യയില്‍ എന്‍ഡിഎക്ക് ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണം ഇക്കാര്യത്തില്‍ വേണ്ടി വരും. സംസ്ഥാനങ്ങളുടെ പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ബില്ല് പാസാക്കുന്നത് ബിജെപിക്ക് വലിയ വെല്ലുവിളിയാണ്.
ALSO READ: മന്ത്രി എ.കെ. ശശീന്ദ്രൻ ഉടൻ രാജിവെച്ചേക്കും; രാജി ആവശ്യപ്പെട്ട് ശരദ് പവാർ
ഒറ്റ തെരഞ്ഞെടുപ്പ് ബിൽ അവതരണത്ത എന്ത് വില കൊടുത്തും എതിർക്കുമെന്ന് ലോകസഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് ന്യൂസ് മലയാളത്തിനോട് പറഞ്ഞു. ഇന്ത്യാ സഖ്യത്തിന് പുറമെ തെലുങ്ക് ദേശത്തിൻ്റെയും ജനതാദൾ യുവിൻ്റെയും മാനസിക പിന്തുണ തങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് എംപിമാരുടെ യോഗം 10.30ന് വിളിച്ചിട്ടുണ്ട്.
അതേസമയം, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കായി പ്രത്യേക ബില്ലും ഇന്ന് ഇരു സഭകളിലും അവതരിപ്പിക്കും. കോൺഗ്രസ് എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. എംപിമാരുടെ യോഗം രാവിലെ നടക്കും.