'അവന്‍ മുംബൈ ഭീകരാക്രമണത്തിന്‍റെ ഇരയല്ല, അവന്‍റെ കടമ നിറവേറ്റുകയായിരുന്നു'; മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ പിതാവ്

26/11ന് നടന്ന താജ് ഹോട്ടലിലെ രക്ഷാ ദൗത്യത്തിനിടയിലാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍ വീരമൃത്യു അടഞ്ഞത്
'അവന്‍ മുംബൈ ഭീകരാക്രമണത്തിന്‍റെ ഇരയല്ല, അവന്‍റെ കടമ നിറവേറ്റുകയായിരുന്നു'; മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ പിതാവ്
Published on

മുംബൈ ഭീകരാക്രണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയില്‍ എത്തിച്ചുവെന്ന വാർത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ പിതാവ്. റാണയെ ഇന്ത്യയിൽ എത്തിക്കാനായത് നയതന്ത്ര വിജയം മാത്രമല്ലെന്നും പൊതുജനങ്ങളുടെ പകരം വീട്ടല്‍ കൂടിയാണെന്നും കെ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 2008 ഭീകരാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെയും തിരികെ എത്തിക്കണമെന്ന് ഉണ്ണികൃഷ്ണന്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  26/11ന് നടന്ന താജ് ഹോട്ടലിലെ രക്ഷാ ദൗത്യത്തിനിടയിലാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍ വീരമൃത്യു അടഞ്ഞത്.


താജ് ഹോട്ടലില്‍ കടന്ന് നിരവധി പേരെ ബന്ദികളാക്കിയ ഭീകരരെ, മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള 10 അംഗം കമാന്‍ഡോ സംഘമാണ് നേരിട്ടത്. ഭീകരരുടെ ഭാഗത്തുനിന്നും വലിയ തോതിലുള്ള വെടിവെപ്പ് കമാന്‍ഡോക്കള്‍ക്ക് നേരെയുണ്ടായി. ബന്ദികളെ സുരക്ഷിതരാക്കിയ സന്ദീപിന്‍റെ സംഘത്തിലെ പലർക്കും വെടിവെപ്പില്‍ പരിക്കേറ്റു. സഹപ്രവർത്തകരുടെ സുരക്ഷയെ കരുതി അവരെ വിലക്കി സന്ദീപ് ഭീകരർക്ക് പിന്നാലെ ഒറ്റയ്ക്ക് നീങ്ങുകയായിരുന്നു. 'മുകളിലേക്ക് വരേണ്ട. ഇവരെ ഞാന്‍ കൈകാര്യം ചെയ്തോളാം', എന്ന് സഹപ്രവർത്തകരോട് പറഞ്ഞാണ് ഹോട്ടലിന്‍റെ വടക്ക് ഭാഗത്ത് ഒളിച്ചിരുന്ന ഭീകരർക്ക് നേരെ സന്ദീപ് നീങ്ങിയത്. ഇവിടെ നടന്ന ഏറ്റുമുട്ടലിലാണ് സന്ദീപ് വീരമൃത്യു അടഞ്ഞത്. മരിക്കുമ്പോള്‍ സന്ദീപിന് 31 വയസായിരുന്നു. അശോക ചക്ര നല്‍കിയാണ് രാജ്യം മേജർ സന്ദീപ് ഉണ്ണികൃഷ്ണനെ ആദരിച്ചത്.


സന്ദീപ് 26/11 ആക്രമണത്തിന്‍റെ ഇരയല്ലെന്നും കെ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മരണത്തോട് മുഖാമുഖം നിന്ന് തന്‍റെ കടമ നിറവേറ്റിയ സുരക്ഷാ ഉദ്യോഗസ്ഥനാണ് സന്ദീപ്. തിരികെയെത്തില്ലെന്ന് അവനറിയാമായിരുന്നു. മുംബൈയില്‍ അല്ലെങ്കില്‍ മറ്റൊരിടത്ത് അവനിത് ചെയ്യുമായിരുന്നു. ഇത്തരം ഭീകരാക്രമണങ്ങള്‍ തടയുന്നതായിരിക്കണം നമ്മുടെ പ്രധാന ഉദ്ദേശ്യമെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

തഹാവ‍ു‍ർ ഹുസൈൻ റാണയെ ഇന്ത്യയിൽ എത്തിച്ചുവെന്നാണ് റിപ്പോർട്ടുകള്‍‌. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വരാത്തതിനാല്‍ ഇതില്‍‌ ഇപ്പോഴും അവ്യക്തത തുടരുകയാണ്. വർഷങ്ങളോളം ഇന്ത്യ നടത്തിയ നിയമ- നയതന്ത്ര നീക്കങ്ങൾക്ക് ഒടുവിലാണ് റാണയെ ഡൽഹിയിൽ എത്തിക്കുന്നതില്‍ തീരുമാനമായത്. 2008 നവംബർ 26 ലെ മുംബൈ ഭീകരാക്രമണ ഗൂഢാലോചനയിൽ ലഷ്ക‍‌ർ ബന്ധമുള്ള റാണയ്ക്ക് പങ്കുണ്ടെന്ന ഇന്ത്യൻ വാദം അംഗീകരിച്ച് റാണയെ കൈമാറാൻ 2023 മേയ് 18 ന് യുഎസ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ വിവിധ ഫെഡറൽ കോടതികളിൽ റാണ അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് 2024 നവംബറിൽ റാണ യുഎസ് പരമോന്നത കോടതിയെ സമീപിച്ചു. ഫെഡറൽ കോടതികളുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന റിട്ട് അപ്പീൽ സുപ്രീം കോടതി തള്ളിയതോടെയാണ് ഇന്ത്യയിലേക്ക് എത്തേണ്ടിവന്നത്.റാണയെ ഇന്ത്യയ്ക്കു കൈമാറാൻ 2025 ജനുവരി 25ന് യുഎസ് കോടതി അനുമതിയും നൽകിയതിന് പിന്നാലെ പാക് വംശജനായ ഈ കനേഡിയൻ പൗരനെ ഇന്ത്യക്ക് വിട്ടുനൽകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് റാണ അടിയന്തര അപേക്ഷ നൽകിയെങ്കിലും യുഎസ് സുപ്രീം കോടതി ഇതും തള്ളി.

മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രം ജൈലൻഡ് പോസ്റ്റന്‍റെ ഓഫീസുകൾ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട 63 കാരനായ റാണ വർഷങ്ങളായി ലോസ് ആഞ്ചലസിലെ ജയിലിലായിരുന്നു. ഡേവിഡ് കോൾമൻ ഹെഡ്‌ലിയും ഈ കേസിൽ അറസ്റ്റിലായിരുന്നു. റാണയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ഇന്ത്യയിൽ സ്വേച്ഛാധിപത്യ പ്രവണതകൾ വർധിച്ച് വരികയാണെന്നും, ന്യായമായ വിചാരണയ്ക്കുള്ള റാണയുടെ അവകാശം ഇല്ലാതാക്കുമെന്നും യുഎസ് കോടതികളിൽ റാണയുടെ അഭിഭാഷകർ വാദിച്ചിരുന്നു. പാക് ബന്ധം റാണയുടെ ജീവന് ഇന്ത്യയിൽ ഭീഷണി സൃഷ്ടിക്കുമെന്നും കോടതിയിൽ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ ഒന്നും അംഗീകരിക്കപ്പെട്ടില്ല.

2008 നവംബർ‌ 11 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ഭീകരാക്രമണത്തിന്‍റെ ​ഗൂഢാലോചനയ്ക്കായി മുംബൈയിലെ പൊവായ് റിനൈസൺസ് ഹോട്ടലിൽ റാണ താമസിച്ചിരുന്നതായാണ് എൻഐഎയുടെ കണ്ടെത്തല്‍. മുംബൈ ആക്രമണക്കേസിലെ മുഖ്യപ്രതി അജ്മൽ കസബിന്റെ വധശിക്ഷ നടപ്പാക്കിയ ഇന്ത്യ 2019 മുതൽ യുഎസിനോട് റാണയ്ക്കായി പലവട്ടം ആവശ്യമുന്നയിച്ചിരുന്നു.എന്നാൽ റാണ ട്രാൻസിറ്റ് നടപടി സ്റ്റേ ചെയ്യണമെന്ന് യുഎസ് കോടതിയിൽ അപേക്ഷ നൽകിയതോടെ നിയമ നടപടികൾ നീണ്ടുപോകുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com