
ഇന്നു പൊന്നിൻ തിരുവോണം. പൂരാടം വരെ നിറഞ്ഞുനിന്ന മഴമേഘങ്ങൾ പിന്മാറിയതോടെ ചിങ്ങവെയിൽ തെളിച്ചത്തിലാണ് പൊന്നോണം. പൗർണമിയോട് അടുത്ത ദിവസമായതിനാൽ ഓണനിലാവ് പരന്ന രാത്രിയിലാണ് മലയാളി മാവേലിയെ വരവേറ്റത്. മനുഷ്യരെല്ലാവരും ഒന്നാണെന്ന സങ്കല്പത്തിൽ മഹാബലി നാടുവാണ കാലത്തിൻ്റെ സ്മരണ പുതുക്കൽ കൂടിയാണ് ഓണം.
ഓണസദ്യയും പായസവും വിഭവങ്ങളും ഒരുക്കാനുള്ള ഓട്ടപ്പാച്ചിലും പൂർത്തിയായി. തിരുവോണ തലേന്ന് നാടും നഗരവും ഉത്രാടപാലിച്ചിലിലായിരുന്നു. പച്ചക്കറി കടകളിലും പലവ്യഞ്ജന കടകളിലും തുണിക്കടകളിലും നിന്നു തിരിയാനാവാത്ത തിരക്കുള്ള ദിവസം. രാത്രി ഏറെ വൈകും വരെയും സജീവമായിരുന്നു ഓണ വിപണി.
അത്തം മുതൽ തുടങ്ങിയ ആഘോഷങ്ങൾ നാളെ തിരുവോണത്തോടെ പാരമ്യത്തിലെത്തും. ഓണവിപണി മുൻകൂട്ടിക്കണ്ട് കടകമ്പോളങ്ങളെല്ലാം നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. വീട്ടുമുറ്റത്ത് പൂക്കളമൊരുക്കിയും ഓണസദ്യയുണ്ടും തിരുവോണം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് മലയാളികളൊന്നടങ്കം.
തിരുവോണദിനത്തിലെ പ്രധാന വിഭവം ഓണസദ്യ തന്നെയാണ്. കുടുംബത്തിലേ എല്ലാവരും ഒന്നിച്ചിരുന്ന് സദ്യ കഴിക്കും. പിന്നിട് ഓണക്കളികളാണ്. ഇന്നത്തെ തലമുറക്ക് അത്ര പരിചിതമാവണമെന്നില്ല ഈ കളികൾ. അന്യംനിന്നും പോകുന്ന വിനോദങ്ങളിൽ ഒന്നുകൂടിയാണ് ഓണക്കളി. തിരുവാതിരയും ഓണത്തല്ലും പുലിക്കളിയുമെല്ലാം ഓണാഘോഷത്തിൻ്റെ ഭാഗങ്ങളാണ്. കാലമെത്രമാറിയാലും ഓർമ്മകളുമായി എല്ലാ വർഷവും ഓണമെത്തും.