fbwpx
'ജമാഅത്ത് രാഷ്ട്രീയത്തിൻ്റെ ആശയാടിത്തറ തീവ്രവാദം'; വീണ്ടും വിമർശനവുമായി മാളിയേക്കൽ സുലൈമാൻ സഖാഫി
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Jan, 2025 12:23 PM

കേരളത്തിലെ ജനകീയ സമരങ്ങളിലേക്കും ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറാൻ ശ്രമിച്ചു എന്നും സുലൈമാൻ സഖാഫി കൂട്ടിച്ചേർത്തു

KERALA

മാളിയേക്കൽ സുലൈമാൻ സഖാഫി


ജമാഅത്തെ ഇസ്ലാമിക്ക് നേരെ വീണ്ടും തീവ്രവാദം ബന്ധം ആരോപിച്ച് മാളിയേക്കൽ സുലൈമാൻ സഖാഫി. കശ്മീർ താഴ്‌വരയിൽ തീവ്രവാദ പ്രവർത്തനം ശക്തിപ്പെട്ടതിന് ശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വർധിച്ചു. താഴ്‌വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദീൻ ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണെന്നും സുലൈമാൻ സഖാഫി ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുലൈമാൻ സഖാഫിയുടെ വിമർശനം.


Also Read: 11 വർഷത്തെ അകൽച്ച അവസാനിപ്പിച്ച് രമേശ് ചെന്നിത്തല ഇന്ന് എൻഎസ്‌എസ് ആസ്ഥാനത്തെത്തും


'അല്ലാഹ് ടൈഗേഴ്സ്' എന്ന ഒരു സംഘത്തിനും ജമാഅത്തെ ഇസ്ലാമി രൂപം നൽകി. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിക്കുന്നതിലും ജമാഅത്തിൻ്റെ പങ്ക് പ്രധാനമാണ്. വിവിധ സായുധ ഗ്രൂപ്പുകൾ ചേർന്ന് രൂപം നൽകിയ 'മുത്തഹിദ ജിഹാദ്' കൗൺസിലിൻ്റെ ചെയർമാൻ അലി മുഹമ്മദ് ഡാർ ജമാഅത്തെ ഇസ്ലാമിയുടെ നേതാവാണെന്നാണ് സുലൈമാൻ സഖാഫിയുടെ മറ്റൊരു ആരോപണം.


Also Read:  "അനാചാരങ്ങൾക്കെതിരെ പോരാടിയ നേതാവ്"; നവകേരളം കെട്ടിപ്പടുക്കാൻ മന്നത്ത് പത്മനാഭന്റെ ഓർമകൾ കരുത്താകട്ടെ: മുഖ്യമന്ത്രി


കശ്മീർ ജമാഅത്തെ ഇസ്ലാമിയും കേരള ജമാഅത്തെ ഇസ്ലാമിയും ആശയപരമായി വ്യത്യാസമില്ലെന്നും സുലൈമാൻ സഖാഫി പറഞ്ഞു. ഇത് സംബന്ധിച്ച തെളിവ് ജമാഅത്തെ ഇസ്ലാമിയുടെ 50-ാം വാർഷിക പതിപ്പിലെ പേജ് 150ലുണ്ട്. ആഗോളതലത്തിലെ വിവിധ തീവ്രവാദ സംഘടനകളുമായി ആശയ പ്രതിബദ്ധത പുലർത്താൻ ജമാഅത്തെ ഇസ്ലാമി ശ്രമിച്ചെന്നും സുലൈമാൻ സഖാഫി ആരോപിച്ചു. സിഎഎ, എൻആ‍ർസി വിരുദ്ധ സമരങ്ങളെല്ലാം തരാതരം ഉപയോഗിച്ച് ജമാഅത്തെ ഇസ്ലാമി അതിൻ്റെ രാഷ്ട്രീയ പരിസരം വികസിപ്പിക്കുന്നു. കേരളത്തിലെ ജനകീയ സമരങ്ങളിലേക്കും ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറാൻ ശ്രമിച്ചു എന്നും സുലൈമാൻ സഖാഫി കൂട്ടിച്ചേർത്തു.


മാളിയേക്കൽ സുലൈമാൻ സഖാഫി ഫേസ്ബുക്ക് പോസ്റ്റ്:

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ടീയം

കാശ്മീർ "താഴ്‌വരയിൽ തീവ്രവാദ പ്രവർത്തനം ശക്തിപ്പെട്ടതിന് ശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വർദ്ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ് വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുൽ മുജാഹിദീൻ ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്.ഇതിന് പുറമെ 'അല്ലാഹ് ടൈഗേഴ്സ്' എന്ന ഒരു സംഘത്തിനും ജമാഅത്തെ ഇസ്ലാമി രൂപം നൽകിയിട്ടുണ്ട് ..വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിക്കുന്നതിലും ജമാഅത്തിൻ്റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയ മേഖലയിൽ പതിമൂന്ന് സംഘടനകൾ ചേർന്ന 'തഹ്രീകെ ഹുർരിയ്യത്തെ കാശ്മീർ ( കാശ്മീർ സ്വാതന്ത്ര്യ പ്രസ്ഥാനം) എന്ന പേരിൽ ഒരു മുന്നണിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഈ ഗ്രൂപ്പിലെ ഏറ്റവും വലിയ സംഘടന ജമാഅത്താണ്. സൈനിക മേഖലയിൽ വിവിധ സായുധ ഗ്രൂപ്പുകൾ ചേർന്ന് രൂപം നൽകിയ 'മുത്തഹിദ ജിഹാദ്' കൗൺസിലിൻ്റെ ചെയർമാൻ അലി മുഹമ്മദ് ഡാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളിലൊരാളത്രെ." ജമാഅത്തെ ഇസ്ലാമി അമ്പതാം വാർഷിക പതിപ്പ് പേ.146
കാശ്മീർ ജമാഅത്തെ ഇസ്ലാമിയും കേരള ജമാഅത്തെ ഇസ്ലാമിയും ആശയപരമായി വിത്യാസമില്ല.
ജമാഅത്ത് രാഷ്ട്രീയത്തിൻ്റെ ആശയാടിത്തറനിലക്കൊള്ളുന്നത് തീവ്രവാദത്തിലാണ്. സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത അളവിൽ തീവ്രവാദത്തെ പ്രയോഗിക്കുക എന്നതാണ് ജമാഅത്ത് രാഷ്ട്രീയത്തിൻ്റെ കാതൽ.

പാകിസ്ഥാൻ, ആസാദ് കാശ്മീർ (ഒരു മൗദൂദിയൻ പ്രയോഗം) ജമ്മു കാശ്മീർ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രിലങ്ക എന്നീ പ്രദേശങ്ങളാണ് ജമാഅത്തെ ഇസ്ലാമിയുടെ 'ലോകം.' എങ്കിലും കൊണ്ടും കൊടുത്തും ലോകമാകെയുള്ള തീവ്രവാദി ഗ്രൂപ്പുകളുമായി ആശയ പ്രതിബദ്ധത പുലർത്താൻ ജമാഅത്തെ ഇസ്ലാമി ശ്രമിച്ചു പോന്നിട്ടുണ്ട്. ഫലസ്തീനിലെ ഹമാസും, ഈജിപ്തിലെ ബ്രദർഹുഢും കാശ്മീരിലെ തീവ്രവാദി ഗ്രൂപ്പുകളും അഫ്ഗാനിലെ താലിബാനും, അൽ ഖാഇദ, ബോകോ ഹറാം ഉൾപ്പെടെയുള്ള ആഗോള തീവ്രവാദ ഗ്രൂപ്പുകളേയും രാഷട്രീയ ഇസ്ലാമിൻ്റെ പരിവേഷവും പോരാട്ടത്തിൻ്റെ വീരമുഖവും പുരട്ടി അവതരിപ്പിച്ചാണ് ജമാഅത്തെ ഇസ്ലാമി മുസ്ലിംവായനക്ക് വീര്യം പകരുന്നത്. ഇറാനിലെ ശിയാ വിപ്ലവവും പാലസ്ഥീനിലെ സമര പോരാട്ടങ്ങളും അറബ് വസന്തവും ഇങ്ങ് ഇന്ത്യയിൽ, ഭഗൽപൂർ കലാപവും സിഎഎ, എൻആർസി വിരുദ്ധ സമരങ്ങളുമെല്ലാം തരാതരം ഉപയോഗിച്ചാണ് ജമാഅത്തെ ഇസ്ലാമി അതിൻ്റെ രാഷ്ട്രീയ പരിസരം വികസിപ്പിക്കുന്നത്. അൽപ്പം കൂടി മതേതരമാകാനും ജമാഅത്തെ ഇസ്ലാമി ഒരുക്കമാണ്.

അങ്ങനെയാണ് പ്ലാച്ചിമടയിൽ മൈലമ്മയോടൊപ്പം രാപ്പകൽ കൂട്ടിരിക്കാനും എക്സ്പ്രസ് ഹൈവെയിലും കിനാലൂരിലും കരിമണൽ ഖനനത്തിലും നാട്ടുകാരെ ഉന്തിത്തള്ളി മുന്നിൽ നിൽക്കാനും ജമാഅത്ത് യൗവനം തയാറാകുന്നത്.

കാക്ക കുളിച്ചാൽ കൊക്കാകില്ല. അങ്ങനെ ഒരു കാക്ക ആഗ്രഹിക്കുക പോലുമില്ല. പക്ഷെ, ജമാഅത്തെ ഇസ്ലാമി കുളിച്ച് കൊണ്ടേ ഇരിക്കുകയാണ്. "ഹുകൂമത്തെ ഇലാഹി " (ദൈവിക ഭരണം) ആയിരുന്നു ജമാഅത്ത് രാഷ്ട്രീയത്തിൻ്റെ മൂലവാക്യം. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ "ഇഖാമത്തുദ്ദീൻ" എന്ന് പരിവർത്തിപ്പിച്ചു. ദീൻ എന്നാൽ സ്റ്റേറ്റ് എന്നാണ് ജമാഅത്ത് ഭാഷ്യം. സ്റ്റേറ്റിൻ്റെ സംസ്ഥാപനമാണ് ലക്ഷ്യം. ഫലത്തിൽ ഹുകൂമത്തെ ഇലാഹിയും ഇഖാമത്തുദ്ദീനും തമ്മിൽ വ്യത്യാസമില്ല. ഇക്കാര്യം രണ്ടായിരത്തി പതിനേഴിലും ജമാഅത്തെ ഇസ്ലാമി പ്രഖ്യാപിച്ചിരിക്കുന്നു. "ജമാഅത്തെ ഇസ്ലാമി തങ്ങളുടെ ലക്ഷ്യം ഹുകൂമത്തെ ഇലാഹി (ദൈവിക ഭരണം) ആണെന്ന് പ്രഖ്യാപിച്ചു. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ സ്ഥിതിഗതികൾ മാറി. ഈ സാഹചര്യം ജമാഅത്തെ ഇസ്ലാമി ഉന്നയിച്ച ഹുകൂമത്തെ ഇലാഹിയ്യയുടെ ഉദ്ദേശ്യം ഇന്ത്യയിൽ ബ്രിട്ടിഷ് പൂർവ്വ മുസ്ലിം ആധിപത്യം പുനഃസ്ഥാപിക്കുകയാണെന്ന് തെറ്റിദ്ധരിക്കാനും തെറ്റിദ്ധരിപ്പിക്കപ്പെടാനും കാരണമായി.
ജമാഅത്ത് അതിൻ്റെ ലക്ഷ്യം (ഹുകുമത്തെ ഇലാഹി ) അവതരിപ്പിക്കാൻ പുതിയൊരു വചനം സ്വീകരിച്ചു കൊണ്ടാണ് ഈ സങ്കീർണതയെ മറികടന്നത്. അതാണ് "ഇഖാമത്തുദ്ദീൻ". ഇതുവഴി ജമാഅത്ത് ലക്ഷ്യം തെറ്റുകയായിരുന്നില്ല. പ്രത്യുത യഥാർത്ഥ ലക്ഷ്യത്തെ (മതരാഷ്ട്രം) കൂടുതൽ കൃത്യമായി കുറിക്കുന്നതും തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത കുറഞ്ഞതുമായ ഒരു ലക്ഷ്യവചനം കണ്ടെത്തുകയായിരുന്നു." ജമാഅത്തെ ഇസ്ലാമി 75ാം വാർഷിക പതിപ്പ് പേ: 29.

പ്ലാച്ചിമടയിലും കിനാലൂരിലും എക്സ്പ്രസ് വേയിലുമെല്ലാം പുലിത്തോൽ ഊരി എറിഞ്ഞ് ആട്ടിൻ തോൽ വാരിച്ചുറ്റി മൗദൂദിയൻ യൗവ്വനം ആർത്തു തുള്ളിയത് കണ്ട് കേരളം അന്തിച്ചു നിന്ന് പോയി. "ഇലാഹും" "ദീനും" സംഘടനാ ശരീരത്തിൽനിന്ന് കുടഞ്ഞെറിഞ്ഞ് കൊണ്ടായിരുന്നു സോളിഡാരിറ്റിയുടെ പിറവി. വെൽഫയർ പാർട്ടിക്ക് നിലമൊരുക്കാനായിരുന്നു ഇസ്ലാംമുക്ത സോളിഡാരിറ്റി കോപ്രായങ്ങൾ.
ഹുകൂമത്തെ ഇലാഹി മാത്രമല്ല, ഇസ്ലാമിനെ തന്നെയും സംഘടനാ ശരീരത്തിൽ നിന്നും ഇറക്കിവിടാൻ ജമാഅത്തെ ഇസ്ലാമി തയാറായിരിക്കുന്നു. ഇത്തരം ചരിത്രാനുഭവ പശ്ചാതലത്തിൽ വേണം മൗദൂദിയെ തള്ളിയും മത രാഷ്ട്രവാദത്തെ നിരാകരിച്ചുമുള്ള ജമാഅത്ത് അമീറിൻെറ പ്രസ്താവനയെ വായിക്കാൻ. ഇതിനർത്ഥം ജമാഅത്ത് ലക്ഷ്യം തെറ്റുന്നു എന്നല്ല.പ്രത്യുത യഥാർത്ഥ ലക്ഷ്യത്തെ (മത രാഷ്ട്രീയം) കൂടുതൽ കൃത്യമായി കുറിക്കുന്നു എന്നതാണ്.

എന്ത് കൊണ്ടെന്നാൽ ജമാഅത്തെ ഇസ്ലാമി ദേശീയ അമീർ സിറാജുൽ ഹസൻ 2004ൽ ആണയിടുന്നത് ഇപ്രകാരമാണ്. "ഇന്തോനേഷ്യ കഴിഞ്ഞാൽ മുസ്ലിംകൾ കൂടുതൽ ഉള്ളത് ഇന്ത്യയിലാണ്. ഇവിടെ ഹിന്ദുക്കൾ യഥാർത്ഥ ഇസ്ലാമിനെ അറിയാൻ ദാഹിച്ചു കൊണ്ടിരിക്കുകയാണ്. മുസ്ലിംകൾ ഇസ് ലാം പ്രചരിപ്പിക്കാൻ അവരുടെ ശക്തി പരമാവധി ഉപയോഗിക്കുകയാണെങ്കിൽ പതിനഞ്ച് - ഇരുപത് വർഷം കൊണ്ട് ഇന്ത്യയെ ദാറുൽ ഇസ്ലാം (ഇസ്ലാമിക രാഷ്ട്രം) ആക്കാൻ കഴിയും." -അദ്ദഅവ അറബി മാസിക 2004 നവം: 18:
'ഇസ്ലാമിക സമൂഹത്തിൻ്റെ ബൗദ്ധിക നേതൃത്യത്തിന് "ഇത്രയും അപക്വത മതിയോ എന്നാരും ചോദിക്കരുത്. ജമാഅത്തിൻ്റെ കേരള അമിർ ദേശീയ അമീറിനെ തള്ളിപ്പറയട്ടെ. അപ്പോൾ വേറെയും അപക്വതകൾ പുറത്ത് വരാനുണ്ട്.

KERALA
എഡിഎം നവീൻ ബാബുവിൻ്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ സസ്പെൻഷൻ നീട്ടി ആരോഗ്യവകുപ്പ്
Also Read
user
Share This

Popular

KERALA
KERALA
"പുലിപ്പല്ല് ധരിച്ചതിൻ്റെ പേരിലുള്ള നടപടി അനുചിതവും തിരുത്തപ്പെടേണ്ടതും"; വേടന് പിന്തുണയുമായി സുനിൽ പി. ഇളയിടം