മാനസത്തിലേക്ക് വരൂ... ആശ്വാസതീരം തൊടാം... മടങ്ങാം

2012 മുതൽ 2023 വരെ കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടത്തിയ രണ്ട് പഠനങ്ങളിൽ 48.5 ശതമാനം വരെ... അതായത് പകുതിയോളം സ്ത്രീകളെ പോസ്റ്റ്‌പാർട്ടം ഡിപ്രെഷൻ ബാധിക്കുന്നുവെന്നാണ് വെളിപ്പെടുത്തൽ
മാനസത്തിലേക്ക് വരൂ... ആശ്വാസതീരം തൊടാം... മടങ്ങാം
Published on

ലോകത്ത് അഞ്ചിൽ രണ്ട് സ്ത്രീകൾക്കും പെരിനാറ്റൽ ഡിപ്രെഷനോ... പെരിനാറ്റൽ ആങ്സൈറ്റിയോ... പെരിനാറ്റൽ ഡിസോർഡറോ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. 2024 മെയ്‌ ലക്കത്തിലെ സേജ് (sage) ജേർണലിൽ "ഇന്ത്യയിലെ കോടിക്കണക്കിനു അമ്മമാരുടെ നിശ്ശബ്ദ പോരാട്ടം" എന്ന് പേരിട്ട ഒരു പഠനത്തിൽ ഞെട്ടിക്കുന്ന ചില വസ്തുതകൾ വിവരിക്കുന്നുണ്ട്. 2012 മുതൽ 2023 വരെ കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടത്തിയ രണ്ട് പഠനങ്ങളിൽ 48.5 ശതമാനം വരെ... അതായത് പകുതിയോളം സ്ത്രീകളെ പോസ്റ്റ്‌പാർട്ടം ഡിപ്രെഷൻ ബാധിക്കുന്നുവെന്നാണ് വെളിപ്പെടുത്തൽ.

ലൈംഗികതയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ, സമ്മർദ്ദങ്ങൾ, തൈറോയിഡ്, ഹോർമോൺ വ്യതിയാനം, കുട്ടികളുടെ അനാരോഗ്യം, ജോലിഭാരം, ഉറക്കക്കുറവ് തുടങ്ങിയവയെല്ലാം ജീവിതത്തിന്റെ അല്ലെങ്കിൽ ശരീരത്തിന്റെ ഭാഗമാണെന്ന് കരുതി നിശ്ശബ്ദം സഹിക്കുന്നതാണ് പെരിനാറ്റൽ ഡിപ്രഷനിലേക്കും സൈക്കോസിസിലേക്കും നയിക്കുന്നതെന്നും പറഞ്ഞുവെക്കുന്നു. രോഗമാണെന്ന് സ്വയം തിരിച്ചറിയാനോ... കുടുംബാംഗങ്ങൾക്ക് അറിയാൻ കഴിയാതെ പോകുന്നതോ കാരണം മരണം വരെ ചികിത്സയുമില്ല.

ഇത് അമ്മയും കുഞ്ഞും തമ്മിലും കുടുംബ, വ്യക്തി ബന്ധങ്ങളും അനാരോഗ്യകരമായി തീരാൻ കാരണമാകുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തുന്ന ഗർഭിണികളുടെയും അമ്മമാരുടെയും മാനസികാരോഗ്യ നിലയിൽ വലിയ രീതിയിൽ ഉള്ള മാറ്റങ്ങൾ ഉണ്ടാകുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് തന്നെ മുന്നിട്ടിറങ്ങി "മാനസം" എന്ന പെരിനാറ്റൽ ക്ലിനിക് തുടങ്ങിയത്.

ഡോ.ജ്യോതി രവീന്ദ്രൻ പറയുന്നത് കേൾക്കൂ... "2018ൽ തുടങ്ങിയപ്പോൾ ആഴ്ചയിൽ ഒന്നും 2022 ഒക്ടോബർ മുതൽ 6 ദിവസവും ക്ലിനിക് പ്രവർത്തിക്കുന്നു. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന മാതൃകയിലുള്ള ചോദ്യാവലിയിലൂടെയാണ് ഗർഭിണികളിൽ ഉൾപ്പെടെ സ്ക്രീനിങ് നടത്തി അസുഖം നേരത്തേ കണ്ടെത്തുന്നത്. കോഴിക്കോട് IMHANS കൂടി കൈകോർത്തുള്ള പദ്ധതിയായ മാനസത്തിലൂടെ ഒരു ദിവസം മെഡിക്കൽ കോളേജിൽ ചികിൽസയ്‌ക്കെത്തുന്ന ശരാശരി 100 ഗർഭിണികളിൽ നടത്തുന്ന സ്ക്രീനിങ്ങിൽ... 30 പേർക്കും വിഷാദരോഗ ലക്ഷണങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. ഇതിൽ ഒന്നോ രണ്ടോ പേർക്ക് ഗുരുതര മാനസികപ്രശ്നങ്ങൾ കണ്ടെത്താറുണ്ട് എന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ അടിവരയിടുന്നു," ജ്യോതി രവീന്ദ്രൻ പറഞ്ഞു.

ALSO READ: ഒരു കുഞ്ഞുപോലും കൊല്ലപ്പെടരുത്... സര്‍ക്കാര്‍ ഇടപെടണം, ചികിത്സ ഉറപ്പാക്കണം

ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന മാതൃകയിലുള്ള സ്ക്രീനിംഗ് ചോദ്യങ്ങൾ ആണ് ഗർഭിണികൾക്കും അമ്മമാർക്കും നൽകുന്നത്. ആദ്യകാലങ്ങളിൽ ചോദ്യാവലി വാങ്ങാനും വാങ്ങിയാൽ തന്നെ അത് പൂരിപ്പിച്ചു നൽകാനും വലിയ വിമുഖത സ്ത്രീകൾ കാണിച്ചിരുന്നുവെന്ന് മാനസം ആരോഗ്യ പ്രവർത്തകർ പറയുന്നു.

ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ ഉള്ള കുറവ് മുതൽ നിറയെ പരാധീനതകൾക്ക് നടുവിലാണ് ഇന്നും മാനസം മനസ്സറിഞ്ഞു പെരുമാറുന്നത്. കാരണം തങ്ങൾ അനുഭവിക്കുന്ന തീവ്രവും അതിതീവ്രവും മാനസിക സമ്മർദ്ദങ്ങൾ ആരോടും തുറന്നു പറയാൻ കഴിയാത്ത സ്ത്രീകൾക്ക് എല്ലാം പറയാനും ആശ്വസിക്കാനും മാത്രമല്ല അവരെ ക്ഷമയോടെ കേൾക്കാനുമുള്ള ആരോഗ്യ പ്രവർത്തകരും ഉണ്ടാകുക എന്നതാണ് ഏറ്റവും വലിയ അനുഗ്രഹം.

വിശദമായ വാർത്താ റിപ്പോർട്ട് കാണാം...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com