മംഗളൂരു കുലശേഖരയിൽ 25 പേരടങ്ങുന്ന സംഘം അഷ്‌റഫിനെ മർദിച്ച് കൊല്ലുകയായിരുന്നു
കർണാടകയിലെ മംഗളൂരുവില്‍ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് വയനാട് പുൽപ്പള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മലപ്പുറം പറപ്പൂരിലെ മഹല്ല് പള്ളിയിലാണ് മൃതദേഹം സംസ്കരിക്കുന്നത്. ചടങ്ങുകൾക്കായി മൃതദേഹം മലപ്പുറത്തേക്ക് കൊണ്ടുപോകും.
ഞായാറാഴ്ച ഉച്ചയോടെ മംഗളൂരുവിനു സമീപം കുഡുപ്പുവിലാണ് ക്രൂര കൊലപാതകം നടക്കുന്നത്. മംഗളൂരു കുലശേഖരയിൽ 25 പേരടങ്ങുന്ന സംഘം അഷ്‌റഫിനെ മർദിച്ച് കൊല്ലുകയായിരുന്നു. ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. കുഡുപ്പുവിലെ ക്ഷേത്രത്തിനു സമീപം പ്രാദേശിക ക്രിക്കറ്റ് മത്സരം കാണാനെത്തിയതായിരുന്നു അഷ്റഫ്. യുവാവ് തര്‍ക്കിക്കാന്‍ വന്നതും മത്സരം തടസപ്പെടുത്തിയതുമാണ് പ്രകോപനത്തിന് കാരണമെന്ന് പ്രതികൾ മൊഴി നൽകിയതായാണ് റിപ്പോർട്ട്.
ALSO READ: മംഗളൂരുവിലെ ആള്‍ക്കൂട്ട ആക്രമണം: കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയം
കൃത്യമായ ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് അഷ്‌റഫിന്റെ മരണമെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റമ്പ് കൊണ്ടും പൊതിരെ തല്ലിയ ശേഷം യുവാവിനെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ക്രൂര മർദനത്തിന് ശേഷം 25 പേരടങ്ങുന്ന സംഘം അഷ്റഫിനെ റോഡിലുപേക്ഷിച്ച് പോവുകയായിരുന്നു. ആന്തരിക രക്ത ശ്രാവമാണ് മരണ കാരണം.
അതേസമയം അഷ്റഫ് മാനസിക പ്രശ്നമുള്ള ആളാണെന്ന് സഹോദരൻ ജബ്ബാർ പറയുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് പൊലീസ് പറഞ്ഞിട്ടില്ലെന്നും സഹോദരൻ പറഞ്ഞു. അന്വേഷണത്തോട് കുടുംബം സഹകരിക്കും. അഷ്റഫ് ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടാക്കിയ മുൻകാല അനുഭവങ്ങളില്ല. മംഗലാപുരത്തും ഇത്തരം പരാതികൾ ഉണ്ടായിട്ടില്ല. നിലവിലെ പൊലീസ് അന്വേഷണത്തിൽ പരാതികളില്ലെന്നും സഹോദരൻ പറഞ്ഞു.
ALSO READ: ഒടുവില്‍ മോചനം; കുവൈത്തിൽ വീട്ടുതടങ്കലിലായ യുവതി ഉടന്‍ നാട്ടിലേക്ക് മടങ്ങും
കുഡുപ്പു സ്വദേശി സച്ചിനാണ് മർദനത്തിന് തുടക്കമിട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ 20 പേർ അറസ്റ്റിലായിട്ടുണ്ട്. പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടക്കുന്നെന്നും മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം ആഗ്രവാൾ പറഞ്ഞു.