സ്റ്റാർലിങ്കിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കം; വാക്പോരിലേർപ്പെട്ട് മാ‍ർകോ റൂബിയോയും മസ്കും പോളിഷ് വിദേശകാര്യമന്ത്രിയും

സ്റ്റാർ ലിങ്കാണ് യുക്രെയ്നിയൻ സൈന്യത്തിന്റെ നട്ടെല്ലെന്നും താൻ ആ സേവനം നിർത്തിയാൽ അവരുടെ സൈനിക മുൻനിര തകരുമെന്നും പറഞ്ഞ മസ്കിന്റെ എക്സ് പോസ്റ്റിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം
സ്റ്റാർലിങ്കിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കം; വാക്പോരിലേർപ്പെട്ട് മാ‍ർകോ റൂബിയോയും മസ്കും പോളിഷ് വിദേശകാര്യമന്ത്രിയും
Published on

പോളിഷ് വിദേശകാര്യമന്ത്രിയുമായി രൂക്ഷമായ വാക്പോരിലേ‍‍ർപ്പെട്ട് യുഎസ് സ്റ്റേറ്റ്സെക്രട്ടറി മാ‍ർകോ റൂബിയോയും ഭരണകാര്യക്ഷമതാവകുപ്പ് മേധാവി ഇലോൺ മസ്കും. എക്സിലാണ് മൂവരും തമ്മിൽ വാക്കേറ്റമുണ്ടായത്. സ്റ്റാർ ലിങ്കാണ് യുക്രെയ്നിയൻ സൈന്യത്തിന്റെ നട്ടെല്ലെന്നും താൻ ആ സേവനം നിർത്തിയാൽ അവരുടെ സൈനിക മുൻനിര തകരുമെന്നും പറഞ്ഞ മസ്കിന്റെ എക്സ് പോസ്റ്റിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം.


ഏറ്റവും ​ഗ്രാമീണമായ മേഖലകളിൽ ഇന്റർനെറ്റ് നൽകുന്ന, ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ ഭാ​ഗമായ പദ്ധതിയാണ് സ്റ്റാർലിങ്ക്. യുക്രെയ്നിയൻ സൈന്യത്തിന് ഇന്റർനെറ്റ് സംവിധാനം നൽകുന്നത് സ്റ്റാ‍‌ർലിങ്ക് ആണെന്നും താൻ അത് ഓഫ് ചെയ്താൽ അവരുടെ നട്ടെല്ല് തകരുമെന്നുമാണ് ഇലോൺ മസ്ക് എക്സിൽ എഴുതിയത്. യുക്രെയ്നിയൻ സൈന്യത്തിന് നൽകുന്ന സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനത്തിന് പണം നൽകുന്നത് പോളണ്ടാണെന്ന് പോളിഷ് വിദേശകാര്യമന്ത്രി റാഡോസ്ലാഫ് സികോറിസ്കി ഇതിന് മറുപടിയായി എക്സിൽ കുറിച്ചു.

വർഷം 50 മില്യൺ യുഎസ് ഡ‍ോള‍ർ വെച്ച് പോളിഷ് ഡിജിറ്റൈസേഷൻ മിനിസ്റ്റ്രിയാണ് യുക്രെയ്നിനുള്ള സ്റ്റാ‍ർലിങ്ക് സേവനത്തിന് നൽകുന്നതെന്ന് സികോറിസ്കി എഴുതി. അതിക്രമം നേരിടുന്നവരെ ഭീഷണിപ്പെടുത്തുന്ന നൈതികതയില്ലായ്മയാണ് മസ്കിന്റെ നിലപാടെന്നും സ്പേസ് എക്സ് സേവനം അവസാനിപ്പിച്ചാൽ വേറെ മാർ​ഗം നോക്കുമെന്നും സികോറിസ്കി പറഞ്ഞു.

ഇതിന് മറുപടിയുമായി യുഎസ് സ്റ്റേറ്റ്സെക്രട്ടറി മാർകോ റൂബിയോ രം​ഗത്തെത്തി. ഇന്റ‍ർനെറ്റ് സേവനം റദ്ദാക്കുന്ന കാര്യം ആരും പറഞ്ഞിട്ടില്ലെന്നും സ്റ്റാർലിങ്കിന് നന്ദിപറയണമെന്നും റൂബിയോ എക്സിൽ ആവശ്യപ്പെട്ടു. സ്റ്റാർ‌ലിങ്ക് ഇല്ലായിരുന്നെങ്കിൽ യുക്രെയ്ൻ യുദ്ധത്തിൽ പരാജയപ്പെടുമായിരുന്നു എന്ന വാദം റൂബിയോയും ആവ‍ർത്തിച്ചു. പോളണ്ടിന്റെ അതി‍ർത്തിയിൽ ഇതിനകം റഷ്യൻ സൈന്യം എത്തിയിട്ടുണ്ടാവുമായിരുന്നു എന്നുകൂടി അദ്ദേഹം പറഞ്ഞു.

പോളിഷ് വിദേശകാര്യമന്ത്രിയെ ചെറിയ മനുഷ്യൻ എന്ന് വിളിച്ചായിരുന്നു മസ്കിന്റെ പ്രതികരണം. ചെറിയ മനുഷ്യാ മിണ്ടാതിരിക്കൂ. ചെലവിന്റെ ഒരു ചെറിയഭാ​ഗം മാത്രമാണ് നിങ്ങൾ തരുന്നത്. സ്റ്റാർലിങ്കിന് പകരം ഒന്നുമില്ല എന്നായിരുന്നു റാഡോസ്ലാഫ് സികോറിസ്കിക്ക് മറുപടിയായി ഇലോൺ എക്സിൽ കുറിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com