

ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ സംസ്ഥാനത്തെ ജാട്ട് സമുദായത്തിന്‍റെ ജാതി മനോഭാവത്തെ കുറ്റപ്പെടുത്തി ബിഎസ്പി അധ്യക്ഷ മായാവതി. ഇത്തരം ചിന്താഗതികള്‍ മാറ്റണമെന്ന ഉപദേശവും മായാവതി നല്‍കി. ഹരിയാന തെരഞ്ഞെടുപ്പില്‍ നാഷണല്‍ ലോക് ദളുമായി (ഐഎൻഎൽഡി)സഖ്യത്തിലാണ് ബിഎസ്പി മത്സരിച്ചത്.ലോക് ദള്‍ രണ്ട് സീറ്റുകള്‍ നേടിയപ്പോള്‍ ബിഎസ്പിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല.
ഫലം വന്നതിനു പിന്നാലെ എക്സ് പോസ്റ്റിലൂടെയാണ് മായാവതി അഭിപ്രായ പ്രകടനം നടത്തിയത്. "ബിഎസ്പിയും ഐഎൻഎൽഡിയും ഹരിയാന നിയമസഭാ പൊതുതെരഞ്ഞെടുപ്പിൽ സഖ്യത്തിലാണ് മത്സരിച്ചത്. എന്നാൽ ജാട്ട് സമുദായത്തിലെ ജാതിവാദികള്‍ ബിഎസ്പിക്ക് വോട്ട് ചെയ്തില്ലെന്നാണ് ഇന്നത്തെ ഫലം സൂചിപ്പിക്കുന്നത്. ഇതുമൂലം ബിഎസ്പിയുടെ മുഴുവൻ വോട്ടുകളും കൈമാറ്റം ചെയ്യപ്പെട്ടെങ്കിലും ചില സീറ്റുകളിൽ ബിഎസ്പി സ്ഥാനാർത്ഥികൾ ചുരുങ്ങിയ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. യുപിയിലെ ജാട്ട് സമുദായത്തിലെ ജനങ്ങൾ അവരുടെ ജാതീയ മനോഭാവം വലിയ തോതിൽ മാറ്റി. അവർ ബിഎസ്പിയിൽ നിന്ന് എംഎൽഎമാരും സർക്കാരിൽ മന്ത്രിമാരുമായി. ഹരിയാനയിലെ ജാട്ട് സമുദായത്തിലെ ജനങ്ങളും അവരെ പിന്തുടർന്ന് ജാതിമത ചിന്താഗതികള്‍ മാറ്റണം. ഇതൊരു പ്രത്യേക ഉപദേശമാണ്. " മായാവതി എക്സില്‍ കുറിച്ചു.
Also Read: ഹരിയാനയില്‍ സർക്കാർ രൂപീകരിക്കാനൊരുങ്ങി ബിജെപി; പാർട്ടി സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ച് ജെ.പി. നദ്ദ
സർവശക്തിയും എടുത്ത് തെരഞ്ഞെടുപ്പില്‍ പോരാടിയ ബിഎസ്പി പ്രവർത്തകർക്ക് മായാവതി നന്ദിയും അറിയിച്ചു. നിരാശരാകരുതെന്നും ഒരു പുതിയ പാത ഉയർന്നു വരുമെന്നും ബിഎസ്പി അധ്യക്ഷ പ്രവർത്തകരോട് പറഞ്ഞു.
തുടർച്ചയായ മൂന്നാം വട്ടമാണ് ബിജെപി ഹരിയാന നിയമസഭയില്‍ വജയിക്കുന്നത്. 90 സീറ്റുകളില്‍ 48 എണ്ണം നേടിയാണ് ഇത്തവണത്തെ ബിജെപി വിജയം. കോണ്‍ഗ്രസ് സഖ്യത്തിന് 37 സീറ്റുകളാണ് ലഭിച്ചത്. ലോക് ദള്‍ രണ്ടിടത്തു ജയിച്ചപ്പോള്‍ മൂന്ന് മണ്ഡലങ്ങളില്‍ നേട്ടം സ്വതന്ത്ര സ്ഥാനാർഥികള്‍ക്കായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം ബിഎസ്പിയുടെ വോട്ട് വിഹിതം കേവലം 1.82 ശതമാനമാണ്. എന്നാല്‍ സഖ്യകക്ഷിയായ ലോക് ദളിന് 4.14 ശതമാനം വോട്ടുകള്‍ നേടാനായി.