
ഷിരൂരിലെ ഗംഗാവാലി പുഴയിൽ നിന്നും ലോഹ ഭാഗം കണ്ടെത്തി. അർജുൻ്റെ ലോറിയിൽ വെള്ളം ക്യാൻ സൂക്ഷിക്കാൻ ഉപയോഗിച്ച ഭാഗമാണ് ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിലിൽ കണ്ടെത്തിയത്. ലോറി ഉടമയുടെ സഹോദരൻ ഇത് സ്ഥിരീകരിച്ചു. വൈകിട്ട് 6 മണിയോടെയാണ് ഡ്രഡ്ജർ അപകട സ്ഥലത്ത് നങ്കൂരമിട്ടത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ലോഹഭാഗം കണ്ടെത്തിയത്. നേരത്തെ ചായക്കട ഉണ്ടായിരുന്ന ഭാഗത്ത് ശനിയാഴ്ച രാവിലെ 8 മുതൽ തെരച്ചിൽ പുനരാരംഭിക്കും.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം നടന്ന സ്ഥലത്ത് ഡ്രഡ്ജർ നങ്കൂരമിട്ടത്. തുടർന്ന് 45 മിനിറ്റോളം പരിശോധന നടത്തുകയും ചെയ്തു. ഇതിലാണ് ലോഹ ഭാഗം കണ്ടെത്തിയത്. അർജുൻ ഓടിച്ചിരുന്ന ലോറിയിൽ വെള്ളം സൂക്ഷിക്കുന്ന ക്യാൻവയ്ക്കാൻ നിർമ്മിച്ച ലോഹ ഭാഗമാണെന്ന് ലോറി ഉടമയുടെ സഹോദരൻ സ്ഥിരീകരിച്ചു. നേരത്തെ ചായക്കട ഉണ്ടായിരുന്ന ഭാഗത്തിന് താഴെയാണ് ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധന നടക്കുന്നത്. റഡാർ, സോണാർ പരിശോധനയിലും ഈ സ്ഥലത്താണ് ശക്തമായ സിഗിനൽ ലഭിച്ചത്.
രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാകും തെരച്ചിൽ നടക്കുക. ലോറിയെക്കുറിച്ച് ഏതെങ്കിലും സൂചന ലഭിച്ചാൽ മാത്രമായിരിക്കും തെരച്ചിൽ തുടരുകയെന്നും ഇല്ലെങ്കിൽ കരാർ അവസാനിപ്പിച്ച് ഡ്രഡ്ജർ ഗോവയ്ക്ക് തിരിച്ചയക്കുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഇന്ന് ലോറിയിലേക്കെത്താനാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.
ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിലിന് എത്ര ദിവസമെടുക്കുമെന്ന് നിലവിൽ കൃത്യമായി പറയാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മൂന്ന് ദിവസം ഉറപ്പായും തെരച്ചിൽ തുടരും. എന്നാൽ ഇത് കുറച്ച് ദിവസങ്ങൾ കൂടി നീണ്ട് പോകാനാണ് സാധ്യത. നാവികസേനയുടെ നിർദേശപ്രകാരമായിരിക്കും തെരച്ചിൽ തുടരുക. പുഴയുടെ ഒഴുക്ക് ഒരു നോട്ടായി കുറഞ്ഞത് തെരച്ചിൽ സംഘത്തിന് വലിയ ആശ്വാസമായിരുന്നു. ജീവൻ രക്ഷിക്കാൻ ഇനി സാഹചര്യമില്ലാത്തതിനാൽ അർജുനടക്കമുള്ള രണ്ട് പേർക്ക് എന്ത് സംഭവിച്ചു എന്നറിയാനുള്ള ശ്രമമാണ് ഇനി ഷിരൂരിൽ നടത്താനുള്ളത്.
മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വർ മൽപെ ഷിരൂരിലെ ദൗത്യ സ്ഥലത്തെത്തിയിട്ടുണ്ട്. അർജുൻ്റെ കുടുംബത്തിന് നൽകിയ വാക്ക് പാലിക്കാനാണ് എത്തിയതെന്ന് ഈശ്വർ മൽപെ പറഞ്ഞിരുന്നു. അധികൃതരുടെ അനുമതി ലഭിച്ചാൽ മുങ്ങി പരിശോധിക്കാൻ തയ്യാറാണെന്നും മാൽപെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് അങ്കോളയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടാകുന്നത്. പുലര്‍ച്ചെയോടെ ദേശീയപാതയില്‍ കുന്ന് ഇടിഞ്ഞു വീഴുകയായിരുന്നു. താഴെയുണ്ടായിരുന്ന കടയുടെ മുകളിലേക്കാണ് കുന്ന് മുഴുവനായും ഇടിഞ്ഞു വീണത്. കോഴിക്കോട് സ്വദേശി അർജുൻ്റെ ലോറിയുടെ മുകളിൽ മണ്ണിടിഞ്ഞ് പതിച്ചെന്നും ലോറി ഗംഗാവലി പുഴയിലേക്ക് മറഞ്ഞിരിക്കാമെന്നുമാണ് നിഗമനം.