
പുതിയ ഫ്രഞ്ച് പ്രധാനമന്ത്രിയായി മിഷേൽ ബാർണിയറെ നിയമിച്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. രാജ്യത്ത് രണ്ടര മാസക്കാലം നീളുന്ന ഭരണപരമായ അസ്ഥിരതയ്ക്ക് ശേഷമാണ് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയനിലെ മുൻ ബ്രെക്സിറ്റ് നെഗോഷ്യേറ്ററായിരുന്നു അദ്ദേഹം.
രാഷ്ട്ര സേവനത്തിനായി ഒരു ഏകീകൃത സർക്കാർ രൂപീകരിക്കാൻ പ്രധാനമന്ത്രി ബാർണിയറെ ചുമതലപ്പെടുത്തിയതായി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഇടതുപക്ഷ പാർട്ടിയായ ന്യൂ പോപ്പുലർ ഫ്രണ്ടിൻ്റെ നേതാവായ ഗബ്രിയേൽ അത്തൽ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റെങ്കിലും പാർട്ടിയിലെ ഉൾപ്പോര് കാരണം കഴിഞ്ഞ ജൂലൈ 17ന് രാജി സമർപ്പിച്ചിരുന്നു. പ്രസിഡൻ്റിൻ്റെ അഭ്യർത്ഥന പ്രകാരം തുടർന്നും ഇടക്കാല പ്രധാനമന്ത്രിയുടെ ചുമതല അദ്ദേഹം നിർവഹിച്ചിരുന്നു.
ജൂണിൽ പെട്ടെന്നുള്ള പാർലമെൻ്റ് തെരഞ്ഞെടുപ്പ് വിളിച്ച് മാക്രോൺ ഫ്രാൻസിനെ ഞെട്ടിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ തൂക്കു മന്ത്രിസഭയാണ് നിലവിൽ വന്നത്. നാഷണൽ അസംബ്ലിയിൽ കേവല ഭൂരിപക്ഷമായ 289 സീറ്റുകൾ നേടാൻ ഒരു മുന്നണിക്കും സാധിച്ചിരുന്നില്ല. ഇടതു സഖ്യകക്ഷിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്.
കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഇടതുപക്ഷ പാർട്ടിയായ ന്യൂ പോപ്പുലർ ഫ്രണ്ട് (എൻഎഫ്‌പി) 182 സീറ്റുകളിൽ ജയിച്ചാണ് മുന്നിലെത്തിയത്. നിലവിലെ ഭരണകക്ഷിയായ മാക്രോണിൻ്റെ സെൻട്രലിസ്റ്റ് അലയൻസ് 168 സീറ്റുകളിലും, ലെ പെൻസിൻ്റെ നാഷണൽ റാലിയും (ആർ.എൻ) മറ്റു സഖ്യകക്ഷികളും ചേർന്ന് 143 സീറ്റുകളിലും വിജയക്കൊടി പാറിച്ചു.
നിലവിൽ പ്രധാനമന്ത്രിയായ ബാർണിയറുടെ നേതൃത്വത്തിലുള്ള പരമ്പരാഗത വലതുപക്ഷ പാർട്ടി 47 സീറ്റുകളുമായി നാലാമതാണ് എത്തിയിരുന്നത്. പ്രധാനമന്ത്രിയുടെ അഭാവത്തിലും പാരിസ് ഒളിംപിക്സ്, പാരാലിംപിക്സ് എന്നീ വമ്പൻ കായിക മാമാങ്കങ്ങൾക്ക് രാജ്യം ആതിഥേയത്വം വഹിച്ചിരുന്നു.