
കൊച്ചി തിരുവാണിയൂർ ഗ്ലോബൽ സ്കൂളിലെ റാഗിങ്ങിൽ മനംനൊന്ത് ജീവനൊടുക്കിയ മിഹിറിനേയും കുടുംബത്തേയും അപകീർത്തിപ്പെടുത്താൻ സ്കൂളിൻ്റെ ശ്രമം. മിഹിറിനും കുടുംബത്തിനും എതിരെ ഗ്ലോബൽ സ്കൂൾ പ്രതികാര നടപടിയിൽ ദുഃസൂചനകളോടെ വാർത്ത കുറിപ്പ് പുറത്തിറക്കി.
വാർത്താക്കുറിപ്പിൽ മിഹിർ പെൺകുട്ടികളെ ആക്രമിക്കുന്ന കുഴപ്പക്കാരനെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തുകയാണ് സ്കൂൾ. മിഹിറിൻ്റെ കുടുംബത്തിൻ്റെ സ്വകാര്യതയും വാർത്താക്കുറിപിൽ അപകീർത്തിപ്പെടുത്താനായി ഉൾപ്പെടുത്തിയിട്ടുണ്ട്. മിഹിർ പഠിച്ച ഇൻ്റർനാഷണൽ സ്കൂളിന് എൻഒസി ഇല്ലെന്ന് സ്കൂൾ തന്നെ വാർത്തകുറിപ്പിൽ സമ്മതിക്കുന്നു. സ്കൂൾ പ്രവർത്തനം ആരംഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും എൻഒസി ഇല്ല. സ്കൂൾ എൻഒസി അപേക്ഷിച്ചിട്ട് മാത്രമേ ഉള്ളെന്നും വാർത്തകുറിപ്പിൽ പറയുന്നുണ്ട്.
മിഹിർ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മിഹിർ റാഗിങ്ങിന് ഇരയായതായി കണ്ടെത്തൽ. കാക്കനാട്ടെ ജംസ് സ്കൂളിലെ പ്രിൻസിപ്പൽ മിഹിറിനെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പ്രിൻസിപ്പിലനിനെതിരെ ഇത്തരമൊരു ആരോപണം ഉയർന്നതിന് പിന്നാലൊണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. പ്രിൻസിപ്പലിനെ ചോദ്യം ചെയ്യുന്നതിനിടയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മിഹിർ ബ്ലാക്ക് മെയിലിനും റാഗിങിനും ഇരയായെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ ഡയറക്ടർ ചോദിച്ച പല ചോദ്യങ്ങൾക്കും പ്രിൻസിപ്പലിന് ഉത്തരമുണ്ടായില്ല. എഞ്ചിനിയറിങ് പഠിച്ചവരും ഫുഡ് ആൻഡ് സേഫ്റ്റി പഠിച്ചവരൊക്കെയാണ് സ്കൂളിൽ അധ്യാപകരായി ജോലി ചെയ്യുന്നത്. കൂടാതെ ജംസ് ഗ്ലോബൽ സ്കൂളുകളും, ഗ്ലോബൽ പബ്ലിക് സ്കൂളിനും പ്രവർത്തിക്കുന്നതിന് ആവശ്യമായ എൻഒസി പോലും ഇല്ലായെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സ്കൂളുകൾ അടച്ചു പൂട്ടാൻ സാർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് ഡയറക്ടർ അറിയിച്ചു.
മിഹിറിൻ്റെ മരണ ശേഷവും അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചിരുന്നുവെന്നുമുള്ള ആരോപണം ശരിയാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. സ്കൂളിൽ നടക്കുന്ന പ്രവൃത്തികളെ പറ്റിയുള്ള തുറന്നു പറച്ചിലുകൾ സ്കൾ അധികൃതർ വിലക്കിയിരുന്നു. പരസ്യമായി വെളിപ്പെടുത്തൽ നടത്താനൊരുങ്ങിയ കുട്ടിയെ സ്കൂളിലെ കൗൺസിലർ തന്നെ വിലക്കിയിരുന്നു. രക്ഷിക്കാൻ വേണ്ടിയാണ് മിഹിറിനെ ഒറ്റക്കിരുത്തിയതെന്ന വിചിത്ര വാദമാണ് പ്രിൻസിപ്പൽ അന്വേഷണ സംഘത്തോട് പറഞ്ഞത്. സ്കൂൾ അധികൃതർക്ക് എല്ലാമറിയാമായിരുന്നുവെന്നും, അവർ അതൊക്കെ മറച്ചുവയ്ക്കുകയായിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)