
രാജ്യത്തെ ഒന്നാകെ ഇരുട്ടിലാക്കിയ പവർക്കട്ടിന്റെ കാരണം എന്തെന്ന് ശ്രീലങ്കൻ സർക്കാർ വെളിപ്പെടുത്തിയപ്പോൾ കേട്ടവരൊക്കെ മൂക്കത്ത് വിരൽവച്ചു. പവർക്കട്ടിന് കാരണം കുരങ്ങന്മാരാണെന്ന വിചിത്രമായ വിശദീകരണമാണ് ശ്രീലങ്കൻ ഊർജമന്ത്രി നൽകിയത്. കൊളംബോയിലെ പവർസ്റ്റേഷനിൽ കടന്നുകയറിയ കുരങ്ങ് ട്രാൻസ്ഫോമറിന് തകരാറുണ്ടാക്കിയെന്നാണ് എഞ്ചിനീയർ കൂടിയായ ഊർജമന്ത്രി കുമാര ജയകൊടിയുടെ വിശദീകരണം. ഇതോടെ ഒരു കുരങ്ങൻ വിചാരിച്ചാൽ തകരാറിലാകുന്ന നിലയിലാണ് രാജ്യത്തെ പൊതുസംവിധാനങ്ങളെന്ന വിമർശനത്തിനൊപ്പം ഹനുമാന്‍റെ ലങ്കാദഹനം ഉദാഹരണമാക്കി പരിസഹസങ്ങളും ഉയർന്നു. അതേസമയം, ഞായറാഴ്ച രാവിലെ 11 മണിയോടെ രാജ്യവ്യാപകമായി വിച്ഛേദിക്കപ്പെട്ട വെെദ്യുതി ബന്ധം പൂർണമായി പുനഃസ്ഥാപിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.
മന്ത്രിയുടെ വിശദീകരണം വന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പരിഹാസ പോസ്റ്റുകളും നിറഞ്ഞു. 'കൊളംബോയിലെ ഒരു സബ്സ്റ്റേഷന്‍ പൂർണമായും നശിപ്പിച്ച്, ഒരു തെമ്മാടി കുരങ്ങൻ ശ്രീലങ്കയുടെ മുഴുവൻ വൈദ്യുതി ഗ്രിഡും തകർത്തു', ഒരു എക്സ് ഉപയോക്താവ് കുറിച്ചു. 'ഒരു കുരങ്ങൻ = സമ്പൂർണ കുഴപ്പം. അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ട സമയമായോ?' ഉപയോക്താവ് കൂട്ടിച്ചേർത്തു. ഹനുമാന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മറ്റൊരു എക്സ് ഉപയോക്താവിന്റെ പോസ്റ്റ്. മുൻപും ശ്രീലങ്ക മർക്കടന്മാരുടെ വികൃതി അറിഞ്ഞിരുന്നു', അദ്ദേഹം എഴുതി.
'ശ്രീലങ്കയിൽ മാത്രമേ ഒരു പവർ സ്റ്റേഷനുള്ളിൽ വഴക്കിടുന്ന ഒരു കൂട്ടം കുരങ്ങുകൾക്ക് ദ്വീപ് മുഴുവൻ വൈദ്യുതി തടസം സൃഷ്ടിക്കാൻ കഴിയൂ', പ്രാദേശിക പത്രമായ ഡെയ്‌ലി മിററിന്റെ എഡിറ്റർ-ഇൻ-ചീഫ് ജമീല ഹുസൈൻ തന്‍റെ റിപ്പോർട്ടില്‍ എഴുതി. പവർ ഗ്രിഡ് നവീകരിക്കണമെന്നും അല്ലെങ്കിൽ ഇടയ്ക്കിടെ വൈദ്യുതി തടസങ്ങൾ നേരിടേണ്ടിവരുമെന്നും എഞ്ചിനീയർമാർ വർഷങ്ങളായി തുടർച്ചയായി സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഈ പത്ര റിപ്പോർട്ടിൽ പറയുന്നു.
2002ൽ സാമ്പത്തിക പ്രതിസന്ധി കാലത്തും സമാനമായ രീതിയിൽ ശ്രീലങ്കയിൽ രാജ്യവ്യാപകമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.