അദ്ദേഹം പറയുന്നത പോലെ ഡോക്ടറിനെ കാണിക്കണം എന്ന് ഒന്നും ഞാൻ പറയില്ല
വിഴിഞ്ഞം വിവാദത്തിൽ രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി അവിടെ കയറി ഇരിക്കുന്നത് ശരിയല്ല. രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണം അപ്വകമായിപ്പോയി. അദ്ദേഹം പറയുന്നത പോലെ ഡോക്ടറിനെ കാണിക്കണം എന്ന് ഒന്നും ഞാൻ പറയില്ല. വ്യക്തിപരമായി ആണ് അദ്ദേഹം കാര്യങ്ങൾ കാണുന്നത്. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയമായാണ് നേരിടേണ്ടതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തെറി പറയാൻ അറിയാം എന്ന് പറഞ്ഞാലും തിരച്ച് തെറി പറയാൻ ഞങ്ങൾ തയ്യാറല്ല. കേരളത്തിലെ ജനങ്ങളുടെ മനസ് വിലക്ക് വാങ്ങാൻ സാധിക്കില്ലെന്നും റിയാസ് പറഞ്ഞു.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിലെ രാജീവ് ചന്ദ്രശേഖറിൻ്റെ ഇരിപ്പിടം സംബന്ധിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരിഹാസവുമായി എത്തിയിരുന്നു. എന്നാൽ താൻ നേരത്തെ വന്നതിന് കമ്മ്യൂണിസ്റ്റ് രാജവംശത്തെ മരുമകന് എന്താണ് പ്രശ്നമെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ മറുപടി. മരുമകൻ ഡോക്ടറെ കാണട്ടെ. സിപിഎമ്മുകാർ മുഴുവൻ ട്രോളുകയാണ്. അവർ എത്ര വേണമെങ്കിലും ട്രോളിക്കോട്ടെ. ഇനി എന്ത് മാത്രം സങ്കടപ്പെടാൻ ഇരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. ചന്ദ്രശേഖറിനെ പിന്തുണച്ച് കെ. സുരേന്ദ്രനും, ശോഭയും രംഗത്തെത്തിയിരുന്നു.
'ഞങ്ങള്‍ സദസ്സിലുണ്ട്. രാജീവ് ചന്ദ്രശേഖര്‍ വേദിയിലും' എന്നാണ് രാജീവ് ചന്ദ്രശേഖർ നേരത്തെ എത്തിയതിനെ പി.എ. മുഹമ്മദ് റിയാസ് പരിഹസിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്തുകൊണ്ട് ബിജെപി കേരളത്തിൽ വളരുന്നില്ല എന്നതിൻ്റെ ഒരു ഉദാഹരണമാണ് ഇത്. ഇത്തരത്തിലുള്ള രാഷ്ട്രീയ അൽപ്പത്തരമാണ് ബിജെപിയുടേത്. പ്രധാനമന്ത്രിയുടെ ഓഫീസ് എന്തു മാനദണ്ഡത്തിലാണ് അദ്ദേഹത്തെ ഇരുത്തിയതെന്നും റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിന്നാലെ ധാരാളം ട്രോളുകളും അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു.