അവർ എത്ര വേണമെങ്കിലും ട്രോളിക്കോട്ടെ, ഇനി എന്ത് മാത്രം സങ്കടപ്പെടാൻ ഇരിക്കുന്നു
വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിലെ ഇരിപ്പിടം സംബന്ധിച്ച മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പരിഹാസത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. താൻ നേരത്തെ വന്നതിന് കമ്മ്യൂണിസ്റ്റ് രാജവംശത്തെ മരുമകന് എന്താണ് പ്രശ്നം. മരുമകൻ ഡോക്ടറെ കാണട്ടെ. സിപിഎമ്മുകാർ മുഴുവൻ ട്രോളുകയാണ്. അവർ എത്ര വേണമെങ്കിലും ട്രോളിക്കോട്ടെ. ഇനി എന്ത് മാത്രം സങ്കടപ്പെടാൻ ഇരിക്കുന്നു എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
1991 ൽ തുടങ്ങിയ പദ്ധതി പൂർത്തിയാക്കാൻ കാരണം നരേന്ദ്ര മോദിയാണ്. ഉദ്ഘാടനത്തിനു മോദി എത്തി. ബിജെപിയെ അധികാരത്തിൽ എത്തിച്ചതിനു ശേഷമേ താൻ മടങ്ങു. ഈ ട്രെയിൻ വിട്ടു കഴിഞ്ഞു. ആർക്കു വേണമെങ്കിലും കയറാം. മരുമകനു വേണമെങ്കിലും ട്രെയിനിൽ കയറാമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ നാലാം വാർഷികത്തെയും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ആർക്ക് വേണ്ടിയാണ് സർക്കാരിന്റെ ആഘോഷം. സാധാരണ ജനങ്ങൾ നാലാം വാർഷികം ആഘോഷിക്കുന്നില്ല. മത്സ്യതൊഴിലാളികൾ, കെഎസ്ആർടിസി ജീവനക്കാർ സാധാരണക്കാർ ആരും ആഘോഷിക്കുന്നില്ല. പിന്നെ മരുമകനും മകളും ആണോ ആഘോഷിക്കുന്നത്. കടം ഇല്ലാതെ മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. ആശാ വർക്കർമാർക്ക് 100 രൂപ കൊടുക്കാൻ കഴിയുന്നില്ല. സിപിഒ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് ജോലിയില്ല. അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിലെത്തിയിട്ടില്ല.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ രാജീവ് ചന്ദ്രശേഖർ നേരത്തെ എത്തിയതിനെ പരിഹസിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. 'ഞങ്ങള്‍ സദസ്സിലുണ്ട്. രാജീവ് ചന്ദ്രശേഖര്‍ വേദിയിലും' എന്നാണ് ഫേസ്ബുക്കിൽ മന്ത്രി പങ്കുവച്ച പോസ്റ്റിലുള്ളത്. എന്തുകൊണ്ട് ബിജെപി കേരളത്തിൽ വളരുന്നില്ല എന്നതിൻ്റെ ഒരു ഉദാഹരണമാണ് ഇത്. ഇത്തരത്തിലുള്ള രാഷ്ട്രീയ അൽപ്പത്തരമാണ് ബിജെപിയുടേത്. പ്രധാനമന്ത്രിയുടെ ഓഫീസ് എന്തു മാനദണ്ഡത്തിലാണ് അദ്ദേഹത്തെ ഇരുത്തിയതെന്നും റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിന്നാലെ ധാരാളം ട്രോളുകളും അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു.