
തലസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തിൽ ഉന്നതതല യോഗം വിളിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മന്ത്രിയുടെ ചേമ്പറിലാണ് യോഗം ചേരുക. മുൻകരുതലുകൾ എടുക്കാനും, പ്രോട്ടോകോൾ രൂപീകരിക്കാനും, മാർഗ്ഗ രേഖകൾ തയ്യാറാക്കാനും ആണ് യോഗം ചേരുന്നത്.
തലസ്ഥാനത്ത് കുടിവെള്ള പ്രതിസന്ധി തുടങ്ങിയിട്ട് ഇന്ന് അഞ്ചാം ദിനമാണ്. ഇതുവരെ പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. നഗരത്തിലെ അഞ്ച് ലക്ഷത്തോളം ജനങ്ങളാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടിയത്. ഞായറാഴ്ച രാത്രി 10 മണിയോടെ പൈപ്പ് ശരിയാക്കി പമ്പിങ് തുടങ്ങിയിരുന്നെങ്കിലും പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്.
Read More: തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധി: ഇനി ആവർത്തിക്കില്ലെന്ന് മന്ത്രി ജി.ആർ അനിൽ
പ്രശ്നം പൂർണമായി പരിഹരിക്കുന്നതുവരെ 50 വാഹനങ്ങളിൽ കോർപ്പറേഷൻ പരിധിയിൽ ജലവിതരണം നടത്തുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചിരുന്നു. രാത്രിയോടെ വെള്ളം എത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിനും ഉറപ്പു നൽകിയിരുന്നെങ്കിലും വാക്ക് പാഴായി. ഇതോടെ തലസ്ഥാനത്തെ കോർപ്പറേഷൻ പരിധിയിലെ പ്രഫഷണൽ കോളെജുകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം-കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിച്ചതിനെ തുടർന്നാണ് നഗരത്തിൽ കുടിവെള്ളം മുടങ്ങിയത്. 44 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിർത്തിവെച്ചിരുന്നത്.