സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയുടെ നിലവാരത്തിൽ എത്തിയിട്ടില്ല, ആദ്യമായി അധികാരം കിട്ടിയതിൻ്റെ ഹുങ്ക്: വി. ശിവൻകുട്ടി

അദ്ദേഹത്തിൻ്റെ വാർത്താസമ്മേളനത്തിന് പോകണമെങ്കിൽ പൊലീസ് പ്രൊട്ടക്ഷൻ വാങ്ങേണ്ടി വരുമെന്നും വി. ശിവൻകുട്ടി
സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയുടെ നിലവാരത്തിൽ എത്തിയിട്ടില്ല, ആദ്യമായി അധികാരം കിട്ടിയതിൻ്റെ ഹുങ്ക്: വി. ശിവൻകുട്ടി
Published on


കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. ആദ്യമായി അധികാര സ്ഥാനത്ത് വന്നതിൻ്റെ അഹങ്കാരവും ഹുങ്കുമാണ് അദ്ദേഹത്തിന്. കേന്ദ്രമന്ത്രിയുടെ നിലവാരത്തിൽ എത്തിയിട്ടില്ല. പഴയ കമ്മീഷണർ സിനിമാ സ്റ്റൈൽ ആണ് ഇപ്പോഴും. ജനകീയ നേതാവായി സുരേഷ് ​ഗോപി ഇതുവരെ ശബ്ദം ഉയർത്തിയിട്ടില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു. മാധ്യമങ്ങളെ വിരട്ടി ധീര പരിവേഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. അദ്ദേഹത്തിൻ്റെ വാർത്താസമ്മേളനത്തിന് പോകണമെങ്കിൽ പൊലീസ് പ്രൊട്ടക്ഷൻ വാങ്ങേണ്ടി വരുമെന്നും വി. ശിവൻകുട്ടി പരിഹസിച്ചു.


എട്ടാം ക്ലാസ് പരീക്ഷയ്ക്ക് മിനിമം മാർക്ക് വേണമെന്ന് നിശ്ചയിച്ചതിന് ശേഷമുള്ള ആദ്യ പരീക്ഷാഫലം ഇന്ന് വന്നുവെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 30% മാർക്ക് ലഭിക്കാത്ത കുട്ടികളുടെ വിവരം ഏപ്രിൽ ഏഴിന് രക്ഷാകർത്താക്കളെ അറിയിക്കും. ഇവർക്കായി അതിക പിന്തുണാ ക്ലാസുകൾ നടത്തും. മിനിമം മാർക്ക് കിട്ടാത്ത വിഷയങ്ങളിൽ മാത്രം അധിക പിന്തുണാ ക്ലാസുകൾ അറ്റൻഡ് ചെയ്താൽ മതി. പുനഃപരീക്ഷ ഫലം ഏപ്രിൽ 30ന് പ്രസിദ്ധീകരിക്കും. നിലവിൽ ഫലം പൂർണമായ ലഭ്യമായിട്ടില്ല. നാളെ വൈകിട്ടോടെ വ്യക്തമായ കണക്കുകൾ പറയാനാകുമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.

അതേസമയം, ആശമാരുടെ ആവശ്യമുന്നയിച്ച് കേന്ദ്രത്തിലേക്ക് അയച്ച കത്തിന് ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആശമാരെ ചർച്ചയ്ക്ക് വിളിക്കുന്നതിൽ പ്രശ്നമില്ല. വിരോധമൊന്നുമില്ല. ആരോഗ്യമന്ത്രി വീണ ജോർജ് പരമാവധി ശ്രമിക്കുന്നുണ്ട്. അതിൽ വേറൊന്നും ചെയ്യാനില്ലെന്നും ചർച്ചയ്ക്കായി അപേക്ഷ നൽകിയാൽ മധ്യസ്ഥനായി നിൽക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.


എന്നാൽ അനിശ്ചിതകാല പണിമുടക്കിന്റെ നോട്ടീസ് ലേബർ കമ്മീഷന് നൽകിയതാണെന്നും സ്വാഭാവികമായിട്ടും മന്ത്രിയുടെ അടുത്ത് എത്തേണ്ടതാണെന്നും ആശ വർക്കേഴ്സ് സമരസമിതി സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ പറഞ്ഞു. സമരത്തിന് ഒത്തുതീർപ്പ് ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച വീണ്ടും ഇമെയിൽ സന്ദേശം അയച്ചിരുന്നു. അത് കണ്ടു കാണുമെന്ന് കരുതുന്നു. വേണമെങ്കിൽ നേരിട്ട് തന്നെ കത്ത് കൊടുക്കാം. മന്ത്രി മധ്യസ്ഥത വഹിക്കാം എന്ന് പറഞ്ഞതിൽ സന്തോഷമുണ്ടെന്നും വി.കെ. സദാനന്ദൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com