ഞങ്ങളെ ആക്രമിച്ചത് ആരായാലും, അവരെ ഏഴിരട്ടി മടങ്ങോടെ തിരിച്ചടി"ക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്സ് പ്രതികരിച്ചു
ഇസ്രയേൽ വിമാനത്താവളത്തിലേക്ക് യെമനിൽ നിന്ന് ബാലസ്റ്റിക് മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലെ ടെർമിനലിനാണ് മിസൈൽ പതിച്ചത്. ഇത് റോഡിനും, വാഹനത്തിനും കേടുപാടുകൾ വരുത്തുകയും വ്യോമഗതാഗതം തടസപ്പെടുത്തുകയും ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പാരമെഡിക്കുകൾ അറിയിച്ചതായി അൽജസീറയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇസ്രയേൽ വിമാനത്താവളത്തിലേക്ക് നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തിട്ടുണ്ട്.
18 മാസത്തിലേറെയായി ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ കുറഞ്ഞത് 52,495 പേർ കൊല്ലപ്പെട്ടു. ഇതിൽ മാർച്ച് 2 മുതൽ ഇസ്രയേൽ നടത്തിയ സമ്പൂർണ ഉപരോധം കാരണം പട്ടിണി കിടന്ന് മരിച്ച 57 പേർ ഉൾപ്പെടുന്നുവെന്ന് പലസ്തീൻ ഉദ്യോഗസ്ഥർ പറഞ്ഞതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. വിമാനത്താവളം "ഇനി വിമാന യാത്രയ്ക്ക് സുരക്ഷിതമല്ല" എന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സാരി ഒരു ടെലിവിഷൻ പ്രസ്താവനയിൽ വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിലേക്കുള്ള പ്രവേശനകവാടങ്ങൾ അടച്ചിരുന്നു. ചില വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ട സ്ഥിതിയും ഉണ്ടായി.
മിസൈലാക്രമണത്തിന് പിന്നാലെ "ഞങ്ങളെ ആക്രമിച്ചത് ആരായാലും, അവരെ ഏഴിരട്ടി മടങ്ങോടെ തിരിച്ചടി"ക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്സ് പ്രതികരിച്ചു. മിസൈൽ അടുത്തെത്തിയപ്പോൾ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി സൈറണുകൾ മുഴങ്ങിയെന്നും, എന്നാൽ അത് തടയുന്നതിൽ പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രയേൽ വ്യോമസേന അറിയിച്ചെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.