ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് താനൂർ ദേവതാർ ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ഫാത്തിമ ഷഹദ (16) അശ്വതി (16) എന്നിവരെ കാണാതായത്
സിസിടിവി ദൃശ്യങ്ങള്‍
മലപ്പുറം താനൂരിൽ നിന്നും കാണാതായ രണ്ട് പ്ലസ് ടു വിദ്യാർഥിനികളെയും മുംബൈയിൽ നിന്ന് കണ്ടെത്തി. മുംബൈ - ചെന്നൈ എക്സ്പ്രസ് ട്രെയിൻ യാത്രയ്ക്കിടെ ലോണാവാല സ്റ്റേഷനിൽ നിന്നാണ് ആർപിഎഫ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ പൂനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. താനൂർ പൊലീസ് ഇന്ന് 8.30ന് മുംബൈയിൽ എത്തുമെന്നും കുട്ടികളുമായി നാട്ടിലേക്ക് തിരിക്കുമെന്നും അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് താനൂർ ദേവതാർ ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ഫാത്തിമ ഷഹദ (16) അശ്വതി (16) എന്നിവരെ കാണാതായത്. പരീക്ഷയ്‌ക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെങ്കിലും ഇരുവരും സ്‌കൂളിലെത്തിയിരുന്നില്ല. ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിട്ടില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
Also Read: കല്യാണത്തിന് പോകണം,സലൂണിലെത്തി മുടിവെട്ടി; താനൂരിൽ നിന്ന് കാണാതായ വിദ്യാർഥിനികൾ മുംബൈയിൽ
ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷം ഇവർ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. വിദ്യാർഥിനികളുടെ ഫോണിലേക്ക് ഒരേ ഫോൺ നമ്പറിൽ നിന്ന് കോൾ വന്നിരുന്നതായി പൊലീസ് കണ്ടെത്തി. എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിം കാർഡിൽ നിന്നുമാണ് വിദ്യാർഥിനികൾക്ക് അവസാനമായി ഫോൺകോൾ വന്നത്. എന്നാൽ ഈ സിമ്മിൻ്റെ ടവർ ലൊക്കേഷൻ കാണിക്കുന്നത് മഹാരാഷ്ട്രയിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇത് മഞ്ചേരി സ്വദേശിയായ റഹീം അസ്ലമിന്റെ നമ്പറാണെന്ന് പൊലീസ് കണ്ടെത്തി. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
ഇൻസ്റ്റഗ്രാമിൽ നിന്നാണ് റഹീം അസ്ലമിനെ ഫാത്തിമ ഷഹദ പരിചയപ്പെടുന്നത്. തന്റെ വീട്ടിലെ പ്രശ്നങ്ങൾ കാരണം നാട് വിടുന്നുവെന്നാണ് ഫാത്തിമ റഹീമിനോട് പറഞ്ഞത്. എത്ര നിർബന്ധിച്ചിട്ടും ഫാത്തിമ തീരുമാനത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ലെന്നും അതിനാലാണ് റഹീം കുട്ടികൾക്കൊപ്പം മുബൈയിലേക്ക് തിരിച്ചതെന്നും പൊലീസ് പറയുന്നു. മുംബൈയിലെത്തിയ പെൺകുട്ടികൾ സിടി സ്റ്റേഷന് സമീപത്തെ ഒരു സലൂണിൽ പോയി മുടി സ്ട്രെയ്റ്റൻ ചെയ്യുകയും വെട്ടുകയും ചെയ്തിരുന്നു. മലയാളിയായ യുവതിയുടെ സലൂൺ ആയിരുന്നുവിത്. ഒരു കല്ല്യാണത്തിനായിട്ടാണ് മുംബൈയില്‍ എത്തിയെന്നാണ് സലൂണ്‍ ഉടമയോട് കുട്ടികള്‍ പറഞ്ഞത്. സലൂണിൽ വച്ച് പരിചയക്കാരനായ യുവാവുമായി കുട്ടികള്‍ ഫോണിൽ സംസാരിച്ചിരുന്നതായി സലൂൺ ഉടമ പറഞ്ഞുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ തിരിച്ച് മുംബൈ - ചെന്നൈ എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോൾ പെൺകുട്ടികൾക്കൊപ്പം റഹീം ഉണ്ടായിരുന്നില്ല. ഇടയ്ക്ക് വച്ച് ഇവർ വഴിപിരിഞ്ഞു എന്നാണ് വിവരം.