ലോറൻസ് അങ്കിളിനെ അവസാനമായി കാണാൻ ജോസെത്തി; കൊല്ലപ്പെട്ട പൊലീസുകാരൻ കെ.ജെ. മാത്യുവിൻ്റെ മകൻ

എം.എം ലോറൻസിനെ യാത്രയാക്കാൻ സ്റ്റേഷൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരൻ കെ.ജെ.മാത്യുവിൻ്റെ മകൻ ജോസുമെത്തി
ലോറൻസ് അങ്കിളിനെ അവസാനമായി കാണാൻ ജോസെത്തി; കൊല്ലപ്പെട്ട പൊലീസുകാരൻ കെ.ജെ. മാത്യുവിൻ്റെ മകൻ
Published on

എറണാകുളം ടൗൺ ഹാളിൽ എം.എം. ലോറൻസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയ ആയിരങ്ങളിൽ എടുത്തു പറയേണ്ട ഒരാളുണ്ട്. എം.എം. ലോറൻസിനെ ലോറൻസ് അങ്കിൾ എന്നു വിളിക്കുന്ന, ലോറൻസ് സ്വന്തം മകനെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ. 

ഈ വാക്കുകൾ കേരള ചരിത്രത്തിലെ ചോരപുരണ്ട ഒരു സംഭവത്തിൻ്റെ ബാക്കി പത്രമാണ്. ഈ നിമിഷത്തിൻ്റെ മൂല്യം അറിയാൻ ഇത്തിരി ചരിത്രം പറയണം. ഈ ദിവസങ്ങളിൽ പലവട്ടം പറഞ്ഞതാണെങ്കിലും...

1950ലെ റയിൽവേ പണിമുടക്ക് സമരം വിജയിപ്പിക്കാൻ ഇടപ്പള്ളി പോണേക്കരയിൽ പാർട്ടി ഒരാലോചനായോഗം വിളിച്ചു. യോഗത്തിൽ പങ്കെടുക്കാൻ എം.എം. ലോറൻസ് ഇടപ്പള്ളിയിലേക്ക് പുറപ്പെട്ടു. വണ്ടിയിറങ്ങിയപ്പോൾ അദ്ദേഹത്തെ കാത്തിരുന്നത് വേറൊരു വാർത്തയായിരുന്നു. രണ്ട് സഖാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ ഇടപ്പള്ളി സ്റ്റേഷൻ ലോക്കപ്പിലിട്ട് പൊലീസ് ഭേദ്യം ചെയ്ത് കൊന്നെന്നാണ് കേൾവി. ജീവിച്ചിരിക്കുന്ന സഖാവിനെ രക്ഷിക്കണം.

ലോറൻസിന് ആശങ്കയുണ്ടായിരുന്നു. സ്റ്റേഷനിൽ എത്ര പൊലീസുകാരുണ്ടെന്നോ എത്ര തോക്കുണ്ടെന്നോ അറിയില്ല. വഴി പിടിയില്ല, സ്ഥലം പരിചയമില്ല. പക്ഷേ പ്രസ്ഥാനം സായുധ ആക്രമണം വിപ്ലവപാതയായി സ്വീകരിച്ച കാലമാണ്. പ്രസ്ഥാനത്തിനുവേണ്ടി ചാവാൻ തീരുമാനിച്ചവരാണ്. എന്തും സംഭവിക്കട്ടെ. സഖാക്കളെ രക്ഷിച്ചേ മതിയാകൂ...

പുലർച്ചെ രണ്ട് മണിക്ക് അവർ 17 പേർ ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് ജാഥയായി പുറപ്പെട്ടു. പാറാവ് നിന്ന പൊലീസുകാരൻ ബയണറ്റ് പിടിപ്പിച്ച തോക്കു കൊണ്ട് ഒരാളെ കുത്തി, രണ്ടാമതും കുത്താൻ നോക്കിയപ്പോൾ ബയണറ്റിൽ കയറിപ്പിടിച്ച് മാത്യുവിൻ്റെ കൈ മുറിഞ്ഞു. സംഘട്ടനം, ആയുധങ്ങൾ ഉപയോഗിക്കേണ്ടിവന്നു. രണ്ട് പൊലീസുകാർ മരിച്ചു.


ആക്രമണത്തിൽ പങ്കെടുത്തവരെല്ലാം ഒരു മാസത്തിനകം അറസ്റ്റിലായി. മൂന്നാംമുറ അതിൻ്റെ ഏറ്റവും ബീഭത്സമായ രൂപത്തിൽ ഭരണകൂടം അവർക്കെതിരെ പ്രയോഗിച്ചു. ഉരുട്ടിയും, നഖം പിഴുതും, വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചും കൊടിയ പീഡനം. പരാജയപ്പെട്ട ആ വിപ്ലവശ്രമത്തെ പാർട്ടി പിന്നീട് പാതയിൽ നിന്നുള്ള വ്യതിചലനമായി കണ്ട് തള്ളിപ്പറഞ്ഞു.

ഇന്ന്, 74 വർഷത്തിന് ശേഷം ഇടപ്പള്ളി ആക്രമണത്തിന് നേതൃത്വം കൊടുത്തവരിൽ അവസാനത്തെ സഖാവ് അന്ത്യയാത്രയിലാണ്. യാത്രയാക്കാൻ സ്റ്റേഷൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരൻ കെ.ജെ.മാത്യുവിൻ്റെ മകൻ ജോസുമെത്തി. ചരിത്രം അങ്ങനെയാണ് അത് വർത്തമാനത്തിൻ്റെ ചില അടരുകളിൽ വന്ന് ഖനീഭവിച്ചുനിൽക്കും.

ഒരാൾ ഇടപ്പള്ളി സംഭവത്തിൽ കൊല്ലപ്പെട്ട പൊലീസുകാരൻ്റെ മകൻ. രണ്ടാമൻ സ്റ്റേഷൻ ആക്രമണം നടത്തിയ സഖാക്കളിൽ ഒരുവൻ്റെ മകൻ. ഇരുവരുമൊന്നിച്ച് ഇന്ന് സഖാവ് എം.എം. ലോറൻസിനെ യാത്രയാക്കുന്നു...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com